MUTHOLATH FAMILY HISTORY

MUTHOLATH FAMILY HISTORY

മുത്തോലത്തു കുടുംബചരിത്രം

തയ്യാറാക്കിയത്: എം.സി.ചാക്കോ മുത്തോലത്ത്

ഉള്ളടക്കം

കിഴക്കേവാരികാട്ട് കുടുംബവും ശാഖകളും

കിഴക്കേവാരികാട്ട് (മഠത്തിൽ) കുഞ്ഞമ്മൻ

കിഴക്കേവാരികാട്ട് ചാണ്ടി

പടിഞ്ഞാറെവാരികാട്ട് കുടുംബവും ശാഖകളും

മുത്തോലത്തു കുടുംബവും ശാഖകളും

മുത്തോലത്തു കുര്യാക്കോയുടെ മൂത്തമകൻ കുളപ്പുറത്ത് കുഞ്ഞുകുര്യൻ

മുത്തോലത്ത് കുര്യാക്കോയുടെ ഇളയമകൻ മുത്തോലത്തു ചാക്കോ

മുത്തോലത്തു ചാക്കോയുടെ മകൾ കുറുപ്പന്തറ ചിറയിൽ മറിയം

മുത്തോലത്തു ചാക്കോയുടെ മകൾ കിടങ്ങൂർ കോട്ടൂർ ഏലി

മുത്തോലത്തു ചാക്കോയുടെ മകൻ കുര്യാക്കോ

മുത്തോലത്തു ചാക്കോയുടെ രണ്ടാമത്തെ മകൻ കുളപ്പുറത്ത് മത്തായി (ഉപ്പായി)

മുത്തോലത്തു ചാക്കോയുടെ മൂന്നാമത്തെ മകൻ കുരീക്കുന്നേൽ കുര്യൻ

മുത്തോലത്തു ചാക്കോയുടെ നാലാമത്തെ മകൻ ജോസഫ് (കുഞ്ഞേപ്പ്)

 

ഉദ്ദേശം 200 വർഷങ്ങൾക്കു മുൻപ് കിടങ്ങൂർ വില്ലേജിൽ ചേർപ്പുങ്കൽ എന്ന സ്ഥലത്ത് ചേന്തോട്ടം എന്ന കുടുംബത്തിൽ മുത്തോലത്തു കുടുംബത്തിന്റെ പൂർവപിതാവായ തൊമ്മൻ താമസിച്ചിരുന്നു. അദ്ദേഹത്തിന് കുര്യാക്കോ, കുര്യൻ എന്നിങ്ങനെ രണ്ട് ആൺ‌മക്കൾ ഉണ്ടായിരുന്നു. (പെൺ‌മക്കൾ എത്രയുണ്ടെന്നു നിശ്ചയമില്ല). ഈ ആൺ‌മക്കളിൽ കുര്യാക്കോ വാരികാട്ടു പുരയിടത്തിന്റെ കിഴക്കുവശത്തും രണ്ടാമനായ കുര്യൻ അതേ പുരയിടത്തിന്റെ പടിഞ്ഞാറുവശത്തുമായി താമസിച്ചു. അങ്ങനെ ചേന്തോട്ടത്തിൽ കുടുംബം, കിഴക്കേ വാരികാട്ട് പടിഞ്ഞാറെ വാരികാട്ട് എന്നിങ്ങനെ രണ്ടു കുടുംബങ്ങളായി അറിയപ്പെട്ടു.

കിഴക്കേവാരികാട്ട് കുടുംബവും ശാഖകളും

ചേന്തോട്ടത്തിൽ കുടുംബത്തിൽനിന്നു വാരികാട്ടു പുരയിടത്തിനു കിഴക്കുഭാഗത്തു താമസിച്ചിരുന്ന കുര്യാക്കോയ്ക്ക് കുഞ്ഞമ്മൻ, ചാണ്ടി എന്നിങ്ങനെ രണ്ട് ആൺ‌മക്കൾ ഉണ്ടായിരുന്നു. ഇവരും സന്താനപരമ്പരകളും താമസിച്ച, കിഴക്കേവാരികാട്ട്, മഠത്തിൽ, തെങ്ങുംതോട്ടത്തിൽ, പഴയപീടികയിൽ, പേപ്ലക്കിയിൽ, പൂവത്തുങ്കൽ, വാരികാട്ട്, കുളപ്പുറത്ത് എന്നീ പുരയിടങ്ങളുടെ പേരുകൾ അവർ വീട്ടുപേരായി ഉപയോഗിച്ചു. അവരുടെ സംക്ഷിപ്ത കുടുംബചരിത്രമാണ് ചുവടെ ചേർക്കുന്നത്.

കിഴക്കേവാരികാട്ട് (മഠത്തിൽ) കുഞ്ഞമ്മൻ

     കിഴക്കേവാരികാട്ടു കുര്യാക്കോയുടെ മൂത്തമകനായ കുഞ്ഞമ്മൻ ബിസിനസ്സുകാരനും പ്രസിദ്ധനുമായിരുന്നു. വളരെ വസ്തുവകകൾ സമ്പാദിച്ച അദ്ദേഹം മഠത്തിൽ എന്ന പുരയിടത്തിലേയ്ക്കു മാറി താമസിച്ചു. അദ്ദേഹത്തിന്റെ ആദ്യവിവാഹത്തിൽ നാല് ആൺ‌മക്കളും രണ്ടാമത്തെ വിവാഹത്തിൽ നാല് ആൺ‌മക്കളും രണ്ടു ഭാര്യമാരിൽനിന്നുമായി മൂന്നു പെൺ‌മക്കളും ഉണ്ടായിരുന്നു.

കുഞ്ഞമ്മന്റെ ആദ്യഭാര്യയിൽനിന്നുള്ള ആൺ‌മക്കളിലെ മുതിർന്ന രണ്ടുപേർ അവർക്കു കൊങ്ങാണ്ടൂരുണ്ടായിരുന്ന സ്ഥലത്തേക്കു മാറിതാമസിച്ചു. അവരിൽ ഒരാൾക്ക് ആദ്യകുട്ടി ഉണ്ടായ ഉടനെ അയാൾ മരിച്ചു. രണ്ടാമത്തെ മകൻ കുഞ്ഞുലോനൻ പ്രായംചെന്നു മരിച്ചു. അദ്ദേഹത്തിന്റെ ആൺ‌മക്കൾ മലബാർ പ്രദേശത്തേക്കു കുടിയേറി. പെൺ‌മക്കളിൽ ഒരാളെ പൈങ്ങളത്തിൽ വട്ടപ്പറമ്പേൽ കുര്യാക്കോയെക്കൊണ്ടു വിവാഹം ചെയ്യിച്ചു. മറ്റൊരു മകളെ കിടങ്ങൂർ നെടുമാക്കിയിൽ കുടുംബത്തിലേക്കു വിവാഹം ചെയ്തു.

കിഴക്കേവാരികാട്ട് കുഞ്ഞമ്മന്റെ ആദ്യഭാര്യയിലെ മൂന്നാമൻ ഔസേപ്പ് ചേർപ്പുങ്കൽ തെങ്ങുംതോട്ടത്തിൽ എന്ന പുരയിടത്തിലേക്കു മാറിതാമസിച്ചു. അദ്ദേഹത്തിന്റെ മക്കൾ ചേർപ്പുങ്കലിലെ പല പുരയിടങ്ങളിലും മലബാറിലുമായി താമസിക്കുന്നു. നാലാമത്തെ മകൻ ചാണ്ടി പാക്കുവിൽക്കുവാൻ പാണ്ടിക്കു പോയവഴി അവിടെവച്ചു പ്ലേഗു പിടിപെട്ടു നാട്ടിൽ‌വന്നു. വിവാഹിതനാകുന്നതിനു മുമ്പേ അയാൾ നിര്യാതനായി.

കിഴക്കേവാരികാട്ട് കുഞ്ഞമ്മന്റെ രണ്ടാമത്തെ ഭാര്യയിൽനിന്നുള്ള മൂത്തമകൻ (കുഞ്ഞമ്മന്റെ അഞ്ചാമൻ) കുര്യാക്കോ, കൊങ്ങാണ്ടൂര് കണ്ണാമ്പടം പുരയിടത്തിലേക്കു മാറി താമസിച്ചു. അദ്ദേഹം അവിടെ കുറേ വസ്തുക്കൾകൂടി സമ്പാദിച്ചു. അദ്ദേഹത്തിന് അഞ്ച് ആണും രണ്ടോ മൂന്നോ പെൺ‌മക്കളുമുണ്ട്. കുര്യാക്കോയും ഭാര്യയും മരിച്ചു. മക്കളെല്ലാം നല്ല നിലയിൽ കഴിയുന്നു. കുര്യാക്കോയുടെ ഇളയമകൻ വിജയവാഡാ രൂപതയിൽ വൈദികനായി പോപ്പച്ചൻ എന്ന പേരിൽ അറിയപ്പെടുന്നു.

കിഴക്കേവാരികാട്ട് കുഞ്ഞമ്മന്റെ ആറാമത്തെ മകൻ തൊമ്മി മഠത്തിൽ പുരയിടത്തിൽ ഒരു വീടുകൂടി പണിതു താമസിച്ചു. ഏഴാമത്തെ മകൻ എസ്തപ്പാൻ മഠത്തിൽ തറവാട്ടിൽ താമസം തുടർന്നു. എട്ടാമത്തെ മകൻ മത്തായി നീണ്ടൂരുനിന്നു വിവാഹം ചെയ്ത് അവിടെ ഭാര്യാവീട്ടിൽ ദത്തു നില്ക്കുന്നു.

കിഴക്കേവാരികാട്ട് കുഞ്ഞമ്മന്റെ ആറാമത്തെ മകൻ മഠത്തിൽ തൊമ്മിക്ക് രണ്ട് ആൺ മക്കളും ഏഴു പെൺ‌മക്കളുമുണ്ട്. അവരിൽ മൂത്തയാൾ കൊച്ച് മലബാറിൽ അട്ടപ്പാടിയിലേക്കു മാറി താമസിച്ച് സാമാന്യം നല്ല നിലയിൽ കഴിയുന്നു. അദ്ദേഹത്തിന്റെ പെൺ‌മക്കളിൽ രണ്ടുപേർ സന്യാസിനികളായി. അവരിൽ മൂത്തയാളാണ് വിസിറ്റേഷൻ സന്യാസിനി സമൂഹാംഗമായ സിസ്റ്റർ ബസേലിയൂസ്.

മഠത്തിൽ തൊമ്മിയുടെ രണ്ടാമത്തെ മകൻ അപ്പച്ചൻ സമർത്ഥനായിരുന്നു. അദ്ദേഹം വിവാഹം ചെയ്ത് രണ്ട് ആൺ‌മക്കളും രണ്ടു പെൺ‌മക്കളുമായി മഠത്തിൽ പുരയിടത്തിൽ താമസിച്ചുവരവെ അമ്പതാമത്തെ വയസ്സിൽ നിര്യാതനായി.

മഠത്തിൽ തൊമ്മിക്ക് ഏഴു പെൺ‌മക്കൾ ഉണ്ടായിരുന്നെങ്കിലും തൊമ്മിയും ഭാര്യയും വളരെ പ്രയാസപ്പെട്ടാണെങ്കിലും സാമാന്യം നല്ലനിലയിൽ വിവാഹം ചെയ്യിച്ചു. എല്ലാവരും സുഖമായി ജീവിക്കുന്നു.

മഠത്തിൽ തറവാട്ടിൽ താമസം തുടർന്ന കിഴക്കേവാരികാട്ട് കുഞ്ഞമ്മന്റെ ഏഴാമത്തെ മകൻ എസ്തപ്പാന് ചേർപ്പുങ്കൽ കവലയിൽ സ്ഥലവും പീടികകളും ഉണ്ടായിരുന്നു. പിന്നീട് അവ വിൽക്കുകയുണ്ടായി. അദ്ദേഹത്തിന്‌ രണ്ട് ആൺ‌മക്കളും മൂന്നു പെൺ‌മക്കളുമുണ്ട്. മൂത്ത മൂന്നു പെൺ‌മക്കളിൽ രണ്ടുപേർ കൊല്ലത്തെ ഒരു മഠത്തിൽ സന്യാസിനികളായി ചേർന്നു. അടുത്ത മകളെ വിവാഹം ചെയ്യിച്ചു. മൂത്തമകൻ കുട്ടപ്പൻ വിവാഹിതനായി മക്കളോടുകൂടി മഠത്തിൽ തറവാട്ടിൽ താമസിക്കുന്നു. മഠത്തിൽ എസ്തപ്പാന്റെ രണ്ടാമത്തെ മകൻ വിദ്യാസമ്പന്നനും മിടുക്കനുമായിരുന്നു. എന്നാൽ അദ്ദേഹം വിവാഹിതനാകുന്നതിനു മുമ്പ് മരിച്ചു.

കിഴക്കേവാരികാട്ട് ചാണ്ടി

     ചേന്തോട്ടത്തിൽ കുടുംബത്തിൽനിന്നു കിഴക്കേവാരികാട്ടു താമസിച്ച ആളിന്റെ രണ്ടാമത്തെ മകൻ ചാണ്ടിക്ക് അഞ്ച് ആൺ‌മക്കളും ഏതാനും പെൺ‌മക്കളും ഉണ്ടായിരുന്നു. അവരിൽ മൂത്തമകൻ കുര്യാക്കോ വൈദികനാകുവാൻ സെമിനാരിയിൽ ചേർന്നുവെങ്കിലും അവിടെനിന്നു തിരിച്ചുപോന്നു. അദ്ദേഹം കുമരകത്തുനിന്ന് ഒരു സ്ത്രീയെ വിവാഹം ചെയ്ത് കൊല്ലത്തും പിന്നീടു കോട്ടയത്തും താമസിച്ചു.

     കിഴക്കേവാരികാട്ട് ചാണ്ടിയുടെ രണ്ടാമത്തെ മകൻ ചാക്കോ കിഴക്കേവാരികാട്ടു തറവാട്ടിൽ താമസിച്ചു. അദ്ദേഹത്തിനു ചാണ്ടിയെന്നും ജയിംസ് എന്നും പേരായ രണ്ട് ആൺ‌മക്കളും ഒന്നോ രണ്ടോ പെൺ‌മക്കളും ഉണ്ടായിരുന്നു. കിഴക്കേവാരികാട്ടു ചാക്കോയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനാൽ അദ്ദേഹത്തിന്റെ വീതത്തിലുണ്ടായിരുന്ന കിഴക്കേവാരികാട്ടു പുരയിടം മുത്തോലത്തു കുര്യാക്കോയ്ക്കു വിറ്റ് മലബാറിലേയ്ക്കു കുടിയേറി. അവിടെ ചെന്നശേഷം അധികം വൈകാതെ ചാക്കോയും, പിന്നീടു ഭാര്യയും മരിച്ചു. ചാക്കോയുടെ മൂത്തമകൻ ചാണ്ടിയും ഭാര്യയും കുട്ടികളും മലബാറിൽ താമസം തുടരുന്നു. രണ്ടാമത്തെ മകൻ ജെയിംസ് പേരൂരുള്ള അവന്റെ ഭാര്യവീട്ടിൽ താമസിച്ച് അവിടെ അടുത്തുള്ള ഒരു കമ്പനിയിൽ ജോലിചെയ്തു ജീവിക്കുന്നു.

കിഴക്കേവാരികാട്ട് ചാണ്ടിയുടെ മൂന്നാമത്തെ മകൻ തൊമ്മൻ വാരികാട്ടു പുരയിടത്തിന്റെ തെക്കുവശത്തുള്ള പഴയപീടികയിൽ പുരയിടത്തിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന് അലക്സാണ്ടർ, പത്രോസ് എന്നീ രണ്ട് ആൺ‌മക്കളും രണ്ടു പെൺ‌മക്കളുമുണ്ട്. മൂത്തവർ രണ്ടും പെൺ‌മക്കളാണ്. അവരെ കോട്ടയത്തിന് അടുത്തു വിവാഹം കഴിപ്പിച്ചു. അവർ സാമ്പത്തികമായി നല്ലനിലയിലായിരുന്നു. അവരിൽ മൂത്തയാൾ നല്പത്തഞ്ചാം വയസ്സിൽ നിര്യാതയായി. പഴയപീടികയിൽ (കിഴക്കേവാരികാട്ട്) തൊമ്മൻ അധികം പ്രായമാകുന്നതിനു മുമ്പു മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ കുറേക്കൂടി പ്രായമായതിനു ശേഷമാണു മരിച്ചത്. പഴയപീടികയിൽ (കിഴക്കേവാരികാട്ട്) തൊമ്മന്റെ ആൺ‌മക്കളിൽ അലക്സാണ്ടർ പഴയപീടികയിൽ താമസിച്ചു. അനുജൻ പത്രോസ് മറ്റൊരു പുരയിടത്തിലും താമസമാക്കി.

പഴയപീടികയിൽ പത്രോസ് തന്റെ വീതം സ്ഥലം ജ്യേഷ്ഠനു വില്ക്കുകയും അദ്ദേഹത്തിന്റെ ഭാര്യ ചേർപ്പുങ്കൽ‌വച്ചു മരിച്ചശേഷം മലബാറിലേക്കു മാറി താമസിക്കുകയും ചെയ്തു. പത്രോസിന്റെ മകൻ അധ്വാനിച്ചു പണമുണ്ടാക്കി കിടങ്ങൂർ അടുത്തു വീടുവാങ്ങിച്ചു താമസിക്കുകയും ഒരു ലാംബ്രട്ടറാ വാങ്ങി ഓടിച്ച് അതിന്റെ ആദായംകൊണ്ട് ജീവിക്കുകയും ചെയ്യുന്നു. പത്രോസിന്റെ പെൺ‌മക്കൾ മൂന്നു പേരിൽ മൂത്തവളെ കോട്ടയത്ത് ഒരു തയ്യൽകാരനെക്കൊണ്ട് വിവാഹം ചെയ്യിച്ചു. രണ്ടാമത്തെ മകളെ പഠിപ്പിച്ചു കേരളത്തിനു വെളിയിൽ ഒരു കന്യാസ്ത്രീമഠത്തിൽ ചേർത്തു. ഇളയവളെ നേഴ്സിംഗ് പഠിപ്പിച്ച് വിവാഹം ചെയ്യിച്ചയച്ചു. ഇവയുടെയെല്ലാം ചുമതല സ്തുത്യർഹമാംവിധം നിർവ്വഹിച്ചത് പത്രോസിന്റെ സഹോദരൻ അലക്സാണ്ടറായിരുന്നു.

പഴയപീടികയിൽ അലക്സാണ്ടറിന് നാല് ആൺ‌മക്കളും നാല് പെൺ‌മക്കളുമുണ്ട്. മൂത്ത പെൺ‌മക്കൾ (ഫിലോയും എത്സമ്മയും) രണ്ടുപേരും അദ്ധ്യാപകരാണ്. അവരെ രണ്ടുപേരെയും ഉദ്യോഗമുള്ള ആളുകളെക്കൊണ്ട് വിവാഹം ചെയ്യിച്ച് സുഖമായി കഴിയുന്നു. മൂന്നാമത്തെ മകൾ കോളേജ് പഠനവും നാലമത്തെവർ നേഴ്സിഗ് പഠനവും നടത്തുന്നു. മൂത്തമകൻ ജോസ് കോട്ടയത്തു മദ്യഷോപ്പിൽ ജോലി ചെയ്യുന്നു. ബാക്കി മൂന്നുപേർ അലക്സാണ്ടറിന്റെ ചേർപ്പുങ്കൽ കവലയിലുള്ള ബേക്കറികടയിലും മറ്റുപല ബിസിനസ്സുകളിലുമായി നല്ല ഭേദമായ നിലയിൽ കഴിയുന്നു.

പേപ്ലാക്കിയിൽ ഔസേപ്പ് (ആശാൻ): കിഴക്കേവാരികാട്ട് ചാണ്ടിയുടെ നാലാമത്തെ മകൻ ഔസേപ്പ് (ആശാൻ) തനിക്കു വീതമായി ലഭിച്ച പേപ്ലാക്കിയിൽ പുരയിടത്തിൽ താമസിച്ചു. ആശാന് മൂന്ന് ആൺ‌മക്കളും മൂന്നു പെൺ‌മക്കളും ഉണ്ടായി. അതിനുശേഷം അദ്ദേഹത്തിനു സാമ്പത്തികബുദ്ധിമുട്ടുകൾമൂലം താമസിച്ചിരുന്ന വീടും പുരയിടവും വില്ക്കേണ്ടിവന്നു. ആശാൻ ബുദ്ധിമാനും വിജ്ഞാനിയും ദൈവഭക്തനുമായിരുന്നു. കുടുംബം പുലർത്തുവാൻ പലരും അദ്ദേഹത്തെ അക്കാലത്തു സഹായിച്ചു. ആശാന്റെ മക്കൾ പഠനത്തിൽ സമർത്ഥരായിരുന്നു. മൂത്തമകൻ ചാണ്ടി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഡൽഹിയിൽ പോയി നല്ല ജോലിയിൽ പ്രവേശിച്ചു. രണ്ടാമത്തെ മകൻ പത്രോസ് വീട്ടിൽ താമസിച്ച് ചെറിയ ബിസിനസുകൾ നടത്തി സാമാന്യം നല്ല നിലയിലായി. മൂന്നാമത്തെ മകൻ അബ്രാഹം പഠനം കഴിഞ്ഞ് ഡൾഹിയിൽ പോയി ജോലിയിൽ പ്രവേശിച്ചു. മൂത്തമകൾ വിദ്യാഭ്യാസം ഉള്ളവളും സുന്ദരിയും ആയിരുന്നതുകൊണ്ട് പിറവത്തുള്ള ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. അവളുടെ മക്കൾ കാനഡായിൽ ഉണ്ട്. രണ്ടാമത്തെ മകൾ അന്നകത്രിയെ കോട്ടയം അടുത്തു പത്രം ഓഫീസിലെ ഒരു ജോലിക്കാരനെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. മൂന്നാമത്തെ മകൾ കുഞ്ഞുപെണ്ണ് നേഴ്സിംഗ് പാസ്സായി ചിക്കാഗോയിൽ ജോലിയുള്ള കുറുപ്പുന്തറ ചിറയിൽ ജോബിനെക്കൊണ്ട് വിവാഹം ചെയ്യിച്ചു.

മറ്റുള്ളവരുടെ സഹായവും മക്കളുടെ ഉയർച്ചയുംകൊണ്ട് ഔസേപ്പ് (ആശാൻ) വാർദ്ധക്യകാലത്ത് മെച്ചപ്പെട്ട നിലയിലായി. സ്വന്തമായി നല്ലൊരു വീടും പുരയിടവും സമ്പാദിച്ച് ഭാര്യയോടും, രണ്ടാമത്തെ മകൻ പത്രോസ്, അവന്റെ ഭാര്യ അമ്മിണി, പത്രോസിന്റെ ഏക മകൻ സാനു എന്നിവരോടുമൊപ്പം സാമാന്യം ഭേദമായി താമസിച്ചു വരവെ, ആശാനും പിന്നീട് ഭാര്യയും വാർദ്ധ്യക്യത്തിൽ മരിച്ചു.

പേപ്ലാക്കിയിൽ പത്രോസ് ഒരു കൊല്ലം അബ്കാരി ബിസിനസ്സിൽ പങ്കുചേർന്ന് കുറെ പണം സമ്പാദിച്ചെങ്കിലും കാൻസർ പിടിപെട്ട് അറുപതാമത്തെ വയസ്സിൽ നിര്യാതനായി. അവർ താമസിച്ചിരുന്ന സ്ഥലം കുറവായിരുന്നതിനാലും അതിനു നല്ല വില കിട്ടിയതിനാലും, പത്രോസിന്റെ ഭാര്യ അമ്മിണി ചേർപ്പുങ്കലെ താമസസ്ഥലം വിറ്റ് അതിൽനിന്നു ലഭിച്ച പണംകൊണ്ട് കടപ്ലാമറ്റത്ത് രണ്ട് ഏക്കർ സ്ഥലവും വീടും വാങ്ങി അവിടെ താമസമാക്കി.

പേപ്ലാക്കിയിൽ പത്രോസിന്റെ മകൻ സാനു വിദ്യാഭ്യാസമുള്ളവനായിരുന്നതുകൊണ്ട് അമേരിക്കയിൽ ജോലിയുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്ത് അവർ ഇരുവരും അമേരിക്കയിൽ ജോലിചെയ്തു സുഖമായി ജീവിക്കുന്നു. സാനുവിന്റെ അമ്മ അമ്മിണി അമേരിക്കയിലും കടപ്ലാമറ്റത്തുമായി താമസിക്കുന്നു.

പേപ്ലാക്കിയിൽ ഔസേപ്പിന്റെ (ആശാന്റെ) മൂത്തമകൻ ചാണ്ടി ഡൽഹിയിൽനിന്ന് റിട്ടയർ ആയശേഷം തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങിച്ച് ഭാര്യയും മക്കളുമായി കഴിയുന്നു.

പൂവത്തുങ്കൽ ചാണ്ടി: കിഴക്കേവാരികാട്ട് ചാണ്ടിയുടെ അഞ്ചാമത്തെ മകൻ ചാണ്ടി വാരികാട്ടു പുരയിടത്തിന്റെ അടുത്ത് പൂവത്തുങ്കൽ പുരയിടത്തിൽ ഒരു വീടുവെച്ച് പിതാവു ചാണ്ടിയുമൊത്ത് ജീവിച്ചിരുന്നു. മകൻ ചാണ്ടിയുടെ ആദ്യവിവാഹത്തിൽ ഒരു പെണ്ണും ഒരു ആണും ഉണ്ടായി. അധികം താമസിയാതെ ഭാര്യ മരിച്ചു. പിന്നിടു ചാണ്ടി ചേർപ്പുങ്കൽ തോട്ടുപുറത്ത് അന്നമ്മയെ വിവാഹം ചെയ്തു. അവർക്ക് അപ്പച്ചൻ, കുര്യാക്കോ എന്നിങ്ങനെ രണ്ട് ആൺ‌മക്കളും ഒരു മകളും ഉണ്ടായി. മകൾ ചെറുപ്പത്തിൽ കിണറ്റിൽനിന്നു വെള്ളം കോരിക്കൊണ്ടിരിക്കുമ്പോൾ കാൽതെറ്റി കിണറ്റിൽ വീണ് തൽ‌ക്ഷണം മരണമടഞ്ഞു. പിതാവു ചാണ്ടി 90 വയസ്സായപ്പോൾ മരിച്ചു.

പൂവത്തുങ്കൽ ചാണ്ടിയുടെ ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടയെങ്കിലും ആൺ‌മക്കൾ അപ്പച്ചനും കുര്യാക്കോയും യവ്വനം മുതൽ ചെറിയ കൈത്തൊഴിലുകൾ ചെയ്തും കച്ചവടം നടത്തിയും ജീവിതനിലവാരം മെച്ചപ്പെടുത്തി. അങ്ങനെയിരിക്കെ അവരുടെ പിതാവു ചാണ്ടി അസുഖം വന്നു മരിച്ചു. പിന്നീടു മക്കൾ പലരുടെകൂപങ്കുചേർന്ന് അബ്കാരി ബിസിനസ്സും തടികച്ചവടവും നടത്തി നല്ല നിലയിലായി. അവർ പറമ്പും നിലവും പലഭാഗത്തായി വാങ്ങുകയും ചെയ്തു. രണ്ടു പേരും വിവാഹിതായി മക്കളോടുകൂടി നല്ലരീതിയിൽ രണ്ടു പുരയിടങ്ങളിലായി ജീവിക്കുന്നു.

കിഴക്കേ വാരികാട്ട് കുഞ്ഞമ്മന്റെ സന്താനപരമ്പരകൾ പൊതുവെ വാര്യാടന്മാർ എന്നും അറിയപ്പെട്ടിരുന്നു. ഇവരുടെ പൂർവ്വപിതാവായ കുഞ്ഞമ്മൻ ജനസമ്മതനും പലയിടങ്ങളിലായി ധാരാളം വസ്തുവകകൾ സമ്പാദിച്ചവനും രണ്ടു വിവാഹങ്ങളിൽനിന്നുമായി ധാരാളം മക്കൾ ഉള്ള ആളും ആയിരുന്നതിനാൽ പുറം സ്ഥലങ്ങളിൽനിന്നു ധാരളം ബന്ധുക്കളും ഉണ്ടായിരുന്നു. അതിനാൽ കിഴക്കേവാരികാട്ട് കുഞ്ഞമ്മൻ പൊതുവെ കീർത്തിമാനായിരുന്നു. മേൽ‌പറഞ്ഞതു കൂടാതെ വേറെയും ഒന്നുരണ്ട് ഉപശാഖകളും ചേന്തോട്ടത്തം കുടുംബത്തിന്റെ കിഴക്കേവാരികാട്ടു ശാഖയ്ക്കുണ്ട്.

പടിഞ്ഞാറെവാരികാട്ട് കുടുംബവും ശാഖകളും

     ചേന്തോട്ടത്തിൽ കുടുംബത്തിൽനിന്നു വാരികാട്ടു പുരയിടത്തിനു പടിഞ്ഞാറുഭാഗത്തു താമസിച്ചിരുന്ന കുര്യന് നാല് ആൺ‌മക്കൾ ഉണ്ടായിരുന്നു. അവരിൽനിന്ന് അവർ താമസിച്ച പുരയിടങ്ങളുടെ പേരുകളായ മുത്തോലത്ത്, പടിഞ്ഞാറെ വാരികാട്ട്, മൂഴയിൽ, നെടുവേലിയിൽ എന്നീ കുടുംബങ്ങൾ ഉണ്ടായി. ഇവരിൽ മുത്തോലത്തു താമസിച്ചത് കുര്യാക്കോ എന്നുവിളിക്കുന്ന ചാക്കോ ആയിരുന്നു. മുത്തോലത്തു കുടുംബത്തിന്റെ ആദ്യപിതാവായ കുര്യാക്കോയുടെ സന്താന പരമ്പരകളിൽനിന്നാണ് അവർ താമസിച്ച പുരയിടങ്ങളുടെ പേരിൽ അറിയപ്പെട്ട മുത്തോലത്ത്, കുളപ്പുറത്ത്, കുരീക്കുന്നേൽ, മാളിയേക്കൽ, കിഴക്കേവാരികാട്ട്, ഐക്കനാമഠത്തിൽ, അറയ്ക്കമറ്റത്തിൽ എന്നീ ശാഖകൾ ഉണ്ടായത്. അവരുടെ സംക്ഷിപ്ത കുടുംബചരിത്രമാണ് താഴെ ചേർക്കുന്നത്.

മുത്തോലത്തു കുടുംബവും ശാഖകളും

     മുത്തോലത്തു കുര്യന്റെ മകൻ കുര്യാക്കോ ഉദ്ദേശം 1818ൽ അനിച്ചു. കുര്യാക്കോയ്ക്ക് കുര്യനെന്നും ചാക്കോയെന്നും രണ്ട് ആൺ‌മക്കളും നാലു പെൺ‌മക്കളും ഉണ്ടായിരുന്നു. മൂത്തമകളെ ചുങ്കത്തിലും രണ്ടാമത്തെ മകളെ പൈങ്ങളത്തിൽ എടാട്ടിലും മൂന്നാമത്തെ മകളെ കൂടല്ലൂർ പാലച്ചേരിലും നാലാമത്തെ മകളെ മാറിടത്തു ചിറ്റാലക്കാട്ടും കെട്ടിച്ചു. അവർക്കെല്ലാവർക്കും മക്കൾ ഉണ്ടായിരുന്നു.

ആൺ‌മക്കളിൽ മൂത്തമകൻ കുര്യൻ (കുഞ്ഞുകുര്യൻ) കുളപ്പുറത്തും ഇളയമകൻ ചാക്കോ മുത്തോലത്തും താമസിച്ചു. കുര്യൻ ആരോഗ്യവാനും കഴിവിൽ സമർഥനുമായിരുന്നു. അദ്ദേഹം പൈങ്ങളത്തു വട്ടപ്പറമ്പേൽ നിന്നു വിവാഹം കഴിച്ചശേഷം തനിക്കു പിതൃസ്വത്തായി ലഭിച്ച കുളപ്പുറത്തു പുരയിടത്തിലേക്കു മാറി താമസിച്ചു.

മുത്തോലത്തു കുര്യാക്കോയുടെ ഇളയമകൻ ചാക്കോ മക്കളിലെ ഏറ്റം ഇളയവനും, അദ്ദേഹത്തിന്റെ പിതാവിന് കുറെ പ്രായം ആയ ശേഷം ഉണ്ടായവനുമാണ്. അദ്ദേഹം മാറിടം പടിക്ക‌മ്യാലിൽ കുടുംബത്തിൽനിന്ന് അന്നയെ വിവാഹം ചെയ്ത് തറവാടായ മുത്തോലത്തു താമസിച്ചു.

മുത്തോലത്തു കുര്യാക്കോയുടെ മൂത്തമകൻ കുളപ്പുറത്ത് കുഞ്ഞുകുര്യൻ

      മുത്തോലത്തു കുര്യാക്കോയുടെ മകൻ കുഞ്ഞുകുര്യന് രണ്ട് ആൺ‌മക്കളും നാലു പെൺ‌മക്കളും ഉണ്ടായിരുന്നു. മൂത്തമകളെ നീറിക്കാട്ടും രണ്ടാമത്തെ മകളെ പടിഞ്ഞാറ്റുംകര പഴയമ്പള്ളിയിലും മൂന്നാമത്തെ മകളെ ഏറ്റുമാനൂരും ഇളയമകളെ കിടങ്ങൂരു ചേലമലയിലും കെട്ടിച്ചു.അദ്ദേഹത്തിന്റെ വീതത്തിൽ കിട്ടിയ കുളപ്പുറത്തു പുരയിടവും അഞ്ചുപറ നിലവും അനുഭവിച്ചുകൊണ്ടിരുന്നെങ്കിലും പെൺ‌മക്കളുടെ വിവാഹശേഷം സാമ്പത്തികമായി ബുദ്ധിമുട്ടിലായി. വാർദ്ധക്യത്തിൽ അധികം എത്തും‌ന്നതിനുമുമ്പേ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ വാർദ്ധക്യത്തിലെത്തിയ ശേഷം മരിച്ചു.

കുളപ്പുറത്തു കുഞ്ഞുകുര്യന്റെ മൂത്തമകൻ കുര്യാക്കോയും ഇളയമകൻ ഉമ്മച്ചനുമായിരുന്നു. അവർ പിതാവിൽനിന്നു കിട്ടിയ കുളപ്പുറത്തു പുരയിടത്തിൽ തെക്കും വടക്കും വശങ്ങളിലായി രണ്ടു വീടുകൾവച്ചു താമസിച്ചു. കുറേകഴിഞ്ഞ് ഇരുവരും കുളപ്പുറത്തു പുരയിടം വിറ്റപ്പോൾ തെക്കേഭാഗം മുത്തോലത്തു കുര്യാക്കോയും വടക്കേഭാഗം മഠത്തിൽ തൊമ്മിയും വാങ്ങിച്ചു. കുളപ്പുറത്തു കുര്യാക്കോയും ഉമ്മച്ചനും കുളപ്പുറത്തുനിന്നു വടക്കോട്ടുമാറി ഐക്കനാമഠം എന്ന പുരയിടം വാങ്ങിച്ച് രണ്ടു വീടുകൾ വച്ചു താമസിച്ചു. അങ്ങനെ അവർ ഐക്കനാമഠത്തിൽ എന്ന് അറിയപ്പെട്ടു.

ഐക്കനാമഠത്തിൽ കുര്യാക്കോയ്ക്ക് രണ്ട് ആൺ‌മക്കളും മൂന്നു പെൺ‌മക്കളും ഉണ്ടായിരുന്നു. പെൺ‌‌മക്കളെ പൈങ്ങളത്തിലും നീറിക്കാട്ടും ഉഴവൂരും കെട്ടിച്ചു. ആൺ‌മക്കളിൽ മൂത്തവനായ കുഞ്ഞുകുട്ടൻ യുവാവായിരിക്കുമ്പോൾ പ്ലാവിൽനിന്നു വീണുമരിച്ചു. രണ്ടാമൻ ഓനൻ‌കൊച്ച് വിവാഹംകഴിച്ചെങ്കിലും മക്കൾ ഉണ്ടായില്ല. അദ്ദേഹം അസുഖം പിടിപെട്ടു മരിച്ചു. പിതാവു കുര്യാക്കോ ഏകദേശം 65 വയസ്സായപ്പോൾ മരിച്ചു. അദ്ദേഹത്തിനു കുറേ കടബാധ്യതകൾ ഉണ്ടായിരുന്നതുകൊണ്ടും ഭാര്യ തനിച്ചായതിനാലും അദ്ദേഹത്തിന്റെ വീതത്തിലുണ്ടായിരുന്ന അറയ്ക്കമറ്റത്തിൽ പുരയിടം മുത്തോലത്തു കുര്യാക്കോയ്ക്കു വില്ക്കുകയും, കടം തീർത്തു ബാക്കി കിട്ടിയ രൂപയുമായി പൈങ്ങളത്തിൽ കെട്ടിച്ച മൂത്തമകളുടെകൂടെ താമസിക്കുകയും ച്യ്തു. പിന്നീട് മകളുടെ ഭർത്താവ് പൈങ്ങളത്തിൽനിന്നു മലബാറിൽ കുടിയേറിയപ്പോൾ അമ്മ അവരോടൊപ്പം മലബാറിൽ പോയി താമസിച്ചു. പിന്നീട് അവിടെ മരിച്ചു സംസ്കരിക്കപ്പെട്ടു.

കുളപ്പുറത്തുനിന്നും ഐക്കനാംഠത്തിൽ താമസിച്ച ഇളയവനായ ഉമ്മച്ചന് കുര്യൻ എന്ന ഒരു മകനും നാലു പെൺ‌മക്കളും ഉണ്ടായിരുന്നു. പെൺ‌മക്കളിൽ മൂത്തവളെ പുലിയന്നൂരും രണ്ടു പേരെ കിടങ്ങൂരും ഒരാളെ ഉഴവൂരും കെട്ടിച്ചു. ഉമ്മച്ചനു പെൺ‌മക്കളെ വിവാഹംചെയ്തയച്ചതിൽ കുറേ കടം ഉണ്ടായതിനാൽ താമസിച്ചിരുന്ന പറമ്പിൽ കുറേഭാഗം വിൽക്കേണ്ടിവന്നു. ബാക്കിയുള്ള തുശ്ചമായ സ്ഥലത്തു താമസിച്ച് തടിവെട്ടും മറ്റു ചില്ലറ പണികളുമായി ജീവിച്ച് വാർദ്ധക്യത്തിൽ ഭാര്യയും പിന്നീട് അദ്ദേഹവും മരിച്ചു.

ഐക്കനാമഠത്തിൽ ഉമ്മച്ചന്റെ മകൻ കുര്യന് നാല് ആൺ‌മക്കളും ഒരു മകളും ഉണ്ട്. മകളെ കരിങ്കുന്നത്തു കെട്ടിച്ച് സാമാന്യം നല്ലനിലയിൽ ജീവിക്കുന്നു. മൂത്തമകൻ ജോസ് ഒരു ടാക്സിഡ്രൈവർ ആയിരുന്നു. സൽ‌സ്വഭാവിയായിരുന്ന ജോസ് 25 വയസ് പ്രായമുള്ളപ്പോൾ രാത്രിയിൽ വഴിമദ്ധ്യേ പാമ്പുകടിയേറ്റു മരിച്ചു. കുര്യൻ തനതായി ജോലിചെയ്തും കൂലിപണിചെയ്തും സാമാന്യം ഭേദമായി ജീവിച്ചു. അദ്ദേഹത്തിന് 65 വയസ്സായപ്പോൽ അസുഖം പിടിപെടുകയും ഒരുവർഷം കഴിഞ്ഞു മരിക്കുകയും ചെയ്തു. താമസിയാതെ ഭാര്യയും മരിച്ചു.

ഐക്കനാമഠത്തിൽ കുര്യന്റെ രണ്ടാമത്തെ മകൻ ചാക്കോയ്ക്ക് അസുഖവും ആരോഗ്യക്കുറവുമുള്ളതിനാൽ അവിവാഹിതനായി ഇളയ അനുജൻ തോമസിന്റെ കൂടെ താമസിക്കുന്നു. കുര്യന്റെ മൂന്നാമത്തെ മകൻ പത്രോസ് വിവാഹം ചെയ്ത് വേറെ പുരവെച്ചു താമസിക്കുന്നു. മക്കൾ മൂന്നുപേരും ചെറിയ ജോലികൾചെയ്തു ജീവിക്കുന്നു.

മുത്തോലത്ത് കുര്യാക്കോയുടെ ഇളയമകൻ മുത്തോലത്തു ചാക്കോ

     മുത്തോലത്തു കുര്യാക്കോയുടെ 1863ൽ ജനിച്ച ഇളയ മകൻ ചാക്കോ പിതാവിനോടൊത്ത് മുത്തോലത്തു തറവാട്ടിൽ താമസം തുടർന്നു. അക്കാലത്തെ പതിവനുസരിച്ച് ചെറുപ്പത്തിൽതന്നെ അദ്ദേഹത്തെ മാറിയിടത്തു പടിക്കമ്യാലിൽ കുടുംബത്തിൽ നിന്നു വിവാഹം ചെയ്യിച്ചു. അദ്ദേഹത്തിനു കുര്യാക്കോ എന്നുവിളിക്കുന്ന ചാക്കോയും, ഉപ്പായി എന്നുവിളിക്കുന്ന മത്തായിയും ജനിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പിതാവു കുര്യാക്കോയും താമസിയാതെ മാതാവും മരിച്ചു.

മുത്തോലത്തു കുര്യാക്കോ മരിക്കുമ്പോൾ ഇളയമകൻ ചാക്കോയ്ക്ക് 22 വയസ് പ്രായമേ ഉണ്ടായിരുന്നുള്ളു. കുര്യാക്കൊയ്ക്കുണ്ടായ പെൺ‌മക്കൾ മൂത്തവരും ആൺ‌മക്കൾ ഇളയവരും ആയിരുന്നു. അതിൽ മൂത്തമകൻ കുളപ്പുറത്ത് (പിന്നീട് ഐക്കനാമഠത്തിൽ) കുഞ്ഞുകുര്യൻ നേരത്തെ മാറിതാമസിച്ചതിനാലും, പെൺ‌മക്കളുടെ വിവാഹചെലവു മൂലവും, കുര്യാക്കോയ്ക്ക് അസുഖം മുലം കറുപ്പ് തിന്നിരുന്നതിനാലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി. അദ്ദേഹം മരണാസന്നനായപ്പോൾ 40 രൂപയുടെ കടം ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് അതു വലിയൊരു തുകയാണ്. ആ കടം വീട്ടാതെ ഉത്തരിപ്പുകടത്തോടെ മരിക്കുന്നത് ആത്മരക്ഷയ്ക്ക് പ്രതിബന്ധമാകുമെന്ന വിശ്വാസത്തിൽ കുര്യാക്കോ തന്റെ മൂത്തമകൻ ഐകാനാമഠത്തിൽ കുഞ്ഞുകുര്യനെ ആളയച്ചുവരുത്തി.

അക്കാലത്തു കുഞ്ഞുകുര്യന് അറിവായ ആൺ‌മക്കൾ ഉണ്ടായിരുന്നതുകൊണ്ടും ആരോഗ്യവാനായിരുന്നതുകൊണ്ടു സാമ്പത്തികമായി നല്ലകാലമായിരുന്നു. തന്റെ ഇളയമകൻ ചാക്കോ ചെറുപ്പമായതുകൊണ്ടും, കടംവന്നത് താൻ‌തന്നെ കറുപ്പ് ഉപയോഗിച്ചതുകൊണ്ടായതിനാലും, ചാക്കോയെക്കൊണ്ടുതന്നെ കടം മുഴുവൻ വീട്ടാൻ കഴിവില്ലാത്തതിനാലും കടം വീട്ടുവാനുള്ള ഉത്തരവാദിത്വം കുഞ്ഞുകുര്യനും ചാക്കോയുംകൂടി പപ്പാതി ഏൽക്കണമെന്ന് പിതാവ് കുര്യാക്കോ അഭ്യർത്ഥിച്ചു. അതു കേട്ടപ്പോൾ കുഞ്ഞുകുര്യന്‌ ദേഷ്യം വന്നു. കറുപ്പ് പിതാവുതന്നെ തിന്നതല്ലെന്നും അതു ഇളയമകനും ഭാര്യയും കൂടി തിന്നതാണെന്നും അതിനാൽ അതുവീട്ടാൻ തന്നെ കിട്ടില്ലെന്നും പറഞ്ഞ് കുഞ്ഞുകുര്യൻ ഇറങ്ങിപ്പോയി.

ഇതുകേട്ടപ്പോൾ പിതാവു കുര്യാക്കോയ്ക്ക് ഏറെ പ്രയാസമായി. ഇളയ മകനായ ചാക്കോയ്ക്ക് ഈ കടം മുഴുവൻ വീട്ടുവാൻ പറ്റുമോയെന്നും, അവനോട് ഇതാവശ്യപ്പെട്ടാൽ അവൻ എന്തു പറയുമെന്നും ചിന്തിച്ചിരിക്കുമ്പോൾ ചാക്കോ വന്നു. ചാക്കോയോട് തന്റെ കടത്തിന്റെ കാര്യം പറയുകയും, അതു കൊടുത്തു വീട്ടുവാൻ ജ്യേഷ്ഠൻ കുഞ്ഞുകുര്യൻ സഹകരിക്കില്ലെന്നും, എങ്കിലും എന്റെ മകനേ നീ ഇത് എങ്ങനെയെങ്കിലും കൊടുത്തു വീട്ടണമെന്നും അതിനുവേണ്ട വഴി ദൈവം നിനക്കു തരുമെന്നും പറഞ്ഞു. അപ്പാ, അതു ഞാൻ എത്രയും വേഗം വീട്ടിക്കൊള്ളാമെന്ന് ചാക്കോ പറഞ്ഞപ്പോൾ പിതാവു കുര്യാക്കോയ്ക്ക് മനഃസമാധാനം ആകുകയും താമസിയാതെ നിര്യാതനാകുകയും ചെയ്തു.

ആ വർഷം നല്ല കാലാവസ്ഥയായിരുന്നതുകൊണ്ട് മുത്തോലത്തു പറമ്പിലും മാളിയേക്കൽ പുരയിടത്തിലും നാളികേരം നല്ലതുപോലെ ഉണ്ടായി. അതിനാൽ ആ വർഷം തന്നെ കടം മുഴുവൻ വീട്ടുവാൻ ചാക്കോയ്ക്കു കഴിഞ്ഞു. കാലാന്തരത്തിൽ കുഞ്ഞുകുര്യനും കുടുംബത്തിനും അധഃപതവും ചാക്കോയ്ക്കും മക്കൾക്കും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടായപ്പോൾ എന്റെ അപ്പൻ മരിക്കാറായപ്പോൾ കടം ഞാൻ വീട്ടിക്കൊള്ളാമെന്നു പറയുവാൻ എനിക്കു തോന്നിയത് എന്റെ ഭാഗ്യമാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ആയത് എന്നും ചാക്കോ മിക്കപ്പോഴും പറയുമായിരുന്നു.

പിതാവു കുര്യാക്കോ മരിച്ചശേഷം ഇളയമകൻ ചാക്കോ, വിവാഹം ചെയ്തയച്ച സഹോദരിമാരുടെ കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ അന്വേഷിച്ചുകൊണ്ടിരുന്നു. പിതാവിന്റെ കാലശേഷം, ചാക്കോ അന്ന ദമ്പതികൾക്ക് കുര്യാക്കോ, ഉപ്പായി എന്നിവരെ കൂടാതെ, മറിയം, കുര്യൻ, ഏലി, ഔസേപ്പ് (കുഞ്ഞേപ്പ്) എന്നീ മക്കൾകൂടി ജനിച്ചു. കൂടാതെ രണ്ടു കുട്ടികൾ കൂടി ഉണ്ടായെങ്കിലും അവർ ജനിച്ച ഉടനെ മരണമടഞ്ഞു.

മുത്തോലത്തു ചാക്കോയുടെ വീതത്തിൽ മുത്തോലത്തു തറവാടും മാളിയേക്കൽ പുരയിടവും ചെത്തിമറ്റം എന്ന പാടത്ത് അഞ്ചു പറ നിലവും ഉണ്ടായിരുന്നു. ചാക്കോ കായികശേഷി കുറഞ്ഞ ആളും ഭാര്യ അന്ന സൽ‌സ്വഭാവിയെങ്കിലും കാര്യപ്രാപ്തി കുറഞ്ഞ ആളുമായിരുന്നു. മക്കളെ വളർത്തിയെടുക്കുമ്പോൾ സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടായിരുന്നു. എങ്കിലും തന്റെ അത്യദ്ധ്വാനം കൊണ്ടും ജീവിതചെലവുകൾ ചുരുക്കിയും മറ്റു പലരുടെ സഹായംകൊണ്ടും ദാരിദ്ര്യം അനുഭവിക്കാതെ ഒരുവിധം നല്ലരീതിയിൽ ജീവിച്ചുപോന്നു. ചാക്കോയുടെ മക്കൾ എല്ലാവരെയും അന്നത്തെ നിലയിൽ കളരിയിൽ നല്ലതുപോലെ വിദ്യാഭ്യാസം നല്കിയിരുന്നു.

പിന്നീട് മൂത്ത ആൺ‌മക്കളായ കുര്യാക്കോയും ഉപ്പയിയും (മത്തായിയും) വളർന്നുവന്നതോടുകൂടി വീട്ടിലെ ബുദ്ധിമുട്ടുകൾ മാറിതുടങ്ങി. മൂത്ത മക്കൾ ഇരുവരും കൃഷിയിൽ ശ്രദ്ധിച്ചുതുടങ്ങി. പിന്നീടു മൂത്തമകൻ കുര്യാക്കോ ചേർപ്പുങ്കൽ ചന്തയിൽ കച്ചവടം നടത്തിക്കൊണ്ടിരുന്ന ഒരു അതിരമ്പുഴക്കാരന്റെ കീഴിൽ കച്ചവടത്തിൽ ശമ്പളക്കാരനായി. ആ ജോലിയിൽനിന്നു കിട്ടിയ തുശ്ഛമായ ശമ്പളം സൂക്ഷിച്ചും, ഒന്നു രണ്ടു ചിട്ടികളിൽ കൂടി അതു പിടിച്ചുകിട്ടിയ തുകയും വീട്ടിൽനിന്നു പിതാവു നല്കിയ ചെറിയ തുകയും സംഭരിച്ച് തനതായി കുര്യാക്കോ പലചരക്കു കച്ചവടം ആരംഭിച്ചു. ദുർചെലവുകൾ ഒഴിവാക്കുന്ന സഹോദരന്മാരുടെയും പിതാവിന്റെയും സഹകരണത്തോടെ കുര്യാക്കോയുടെ നേതൃത്വത്തിലുള്ള കച്ചവടവും കൃഷിയും അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു. അതോടുകൂടി മക്കൾ എല്ലാവരെയും സാമാന്യം നല്ല കുടുംബങ്ങളിൽനിന്ന് വിവാഹം ചെയ്യിപ്പിക്കുവാൻ സാധിച്ചു.

മുത്തോലത്തു ചാക്കോയുടെ മൂത്തമകൻ കുര്യാക്കോ ചെറുപ്പത്തിൽ‌തന്നെ പുന്നത്തുറ കടിയം‌പള്ളിയിൽ കുടുംബത്തിലെ ഏലിയെ വിവാഹം ചെയ്തു. ഏലി വിവാഹിതയായി മുത്തോലത്തു കുടുംബത്തു വരുമ്പോൾ അവൾക്ക് 12 വയസേ പ്രയമുണ്ടായിരുന്നുള്ളു. എങ്കിലും അവൾ ആരോഗ്യവതിയും സൽ‌സ്വഭാവിയും, വീട്ടിലെ അടുക്കള പണികളെല്ലാം ഭംഗിയായി നടത്തുന്നവളും ആയിരുന്നു. തന്റെ ഭാര്യയെക്കാൾ കാര്യപ്രാപ്തിയുള്ള മരുമകളെ കിട്ടിയതിൽ ചാക്കോ സംതൃപ്തനായിരുന്നു. ഒരിക്കൽ മുത്തോലത്തു വീട്ടിലെ അയൽ‌പക്കക്കാരനായ എടാട്ടുകരോട്ടെ നായർകുടുംബത്തിലെ ഒരു കാരണവർ മുത്തോലത്തു വന്നപ്പോൾ, മുൻ‌കാലങ്ങളിൽനിന്നു ഭേദമായി വീടും മുറ്റവും പരിസരവും വൃത്തിയായി കിടക്കുന്നതു കണ്ടു. ആ വിവരത്തെപ്പറ്റി അദ്ദേഹം അയൽ‌പക്കത്തുള്ള പാണം‌പീടികയിൽ പറഞ്ഞത് ഇപ്രകാരമാണ്: ഏതായാലും മുത്തോലത്തു ചാക്കോ മാപ്ലയുടെ ദുരിതം തീർന്നു. അവിടെ ഒരു പെണ്ണു വന്നു കയറിയതിൽ‌പിന്നെ വീടും പരിസരവും വൃത്തിയായി കിടക്കുന്നുണ്ട്. മുൻപ് വേണ്ടത്ര അടിച്ചുവാരില്ലാതെ കിടന്നതാണ് അങ്ങനെ പറയുവാൻ കാരണം. മുത്തോലത്തു കുടുംബം പടിപടിയായി അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു.

മുത്തോലത്തു ചാക്കോയുടെ രണ്ടാമത്തെ മകൻ ഉപ്പായി പുന്നത്തുറ നല്ലിവീട്ടിൽ കുടുംബത്തിൽനിന്ന് ഏലിയെ വിവാഹം ചെയ്തു.

 
മൂന്നാമത്തെ ആളായ മറിയത്തെ 
കുറുപ്പന്തറ ചെറയിൽ പാച്ചിയെക്കോണ്ട് (ഔസേപ്പിനെക്കൊണ്ട്) വിവാഹം ചെയ്യിച്ചു. പാച്ചി സമർത്ഥനും കച്ചവടക്കാരനും വളരെ സ്വത്തുക്കൾ സമ്പാദിച്ചവനും ആയിരുന്നു. അവർക്ക് ആറ് ആൺ‌മക്കളും ഒരു മകളും ഉണ്ടായി. അവർ എല്ലാം നല്ല നിലയിൽ കഴിയുന്നു. അതിൽ അഞ്ചാമത്തെ മകൻ ജോബും നാലാമത്തെ മകൻ പീലിക്കുഞ്ഞിന്റെ മക്കൾ എല്ലാവരും ചിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമായി ജീവിക്കുന്നു. പാച്ചിയും ഭാര്യ മറിയവും പിന്നീടു നിര്യാതരായി.

മുത്തോലത്തു ചാക്കോയുടെ ആൺ‌മക്കളിൽ മൂന്നാമനായ കുര്യൻ കൂടല്ലൂർ കളപ്പുരയ്ക്കൽ അന്നയെ വിവാഹം ചെയ്തു. കുര്യൻ കച്ചവടത്തിലും കൃഷിയിലും ഏർപ്പെട്ടു.

അപ്പോഴേക്കും കച്ചവടം കൂടുതൽ അഭിവൃദ്ധിപ്പെട്ടു. പലചരക്കു കച്ചവടം, മലഞ്ചരക്കു ബിസിനസ്, പാക്കുവെട്ട്, തേങ്ങാവെട്ട് ഇങ്ങനെ പലതരം കച്ചവടങ്ങൾ നടന്നുകൊണ്ടിരുന്നു. ഇവയെല്ലാം മൂത്ത മകൻ കുര്യാക്കോയുടെ നേതൃത്വത്തിലും, അനുജന്മാരുടെ സഹകരണത്തോടെയും, പിതാവ് ചാക്കോയുടെ സംരക്ഷണയിൽ നടന്നു. ഈ കാലഘട്ടത്തിൽ പത്തു പതിനഞ്ചുവർഷം കൊണ്ട് കുഴിമുലവേലിപ്പുറത്തു പുരയിടം, കുളപ്രത്തു പുരയിടം, ആശാരികുന്നുമ്പുറത്ത് പുരയിടം, പുതിയവീട്ടിൽ പുരയിടത്തിന്റെ ഒരു ഭാഗം, തൊട്ടിയിൽ പുരയിടം, പതീപ്ലാക്കിയിൽ പുരയിടം, കുറെ മറ്റം, പലയിടങ്ങളിലായി നെൽ‌പാടങ്ങൾ, നീണ്ടൂർ കരയിൽ കുറെ പുഞ്ചനിലങ്ങൾ, കുറെ പീടികകെട്ടിടങ്ങൾ ഇങ്ങനെ പലതും വാങ്ങിച്ചുകൊണ്ടിരുന്നു.


മക്കളിൽ അഞ്ചാമത്തെ ആളും രണ്ടാമത്തെ മകളുമായ ഏലിയെ കിടങ്ങൂർ കോട്ടപ്പുറത്തു വൈദികരുടെ കുടുംബം എന്നു പ്രസിദ്ധമായ കോട്ടൂർ കുടുംബത്തിൽ തൊമ്മനെക്കൊണ്ട് വിവാഹം ചെയ്യിച്ചു. അവർക്ക് മാത്യു, ജോസഫ് എന്നീ ആൺ‌മക്കളും മേരി, അന്ന, ഏലിയാമ്മ എന്നിങ്ങനെ മൂന്നു പെൺ‌മക്കലും ഉണ്ടായി. കൂടാതെ ഒരു ആൺ‌കുട്ടികൂടി ഉണ്ടായിരുന്നുങ്കിലും അവൻ ഒരുവയസ്സായപ്പോൾ മരിച്ചു. മൂത്തമകൻ മാത്യു (കുട്ടി) ബി.എ. ബി.റ്റി പാസ്സയി ഗവണ്മെന്റ് ഹൈസ്കൂളിലും ഏറ്റുമാനൂർ റ്റീച്ചേഴ്സ് ട്രെനിംഗ് സ്കൂളിലും പ്രധാന അദ്ധ്യപകനായി ജോലിചെയ്തശേഷം റിട്ടയർ ചെയ്തു. മാത്യുവിന്റെ ഭാര്യ കൂടല്ലൂർ ചെട്ടിയാത്ത് കുടുംബത്തിൽനിന്നുള്ള ടീച്ചറായിരുന്ന ഏലിക്കുട്ടിയാണ്.

കോട്ടൂരു കെട്ടിച്ച ഏലിയുടെ മകൻ കുട്ടിയ്ക്കും ഭാര്യ ഏലിക്കുട്ടിയ്കും ആറ് ആൺ‌മക്കളും രണ്ട് പെൺ‌മക്കളും ഉണ്ടായി. മൂത്തമകൻ തോമസ് കോട്ടയം രൂപതയിൽ വൈദികനാകുവാൻ റോമിൽ പഠിച്ച് അവിടെവച്ചു തിരുപട്ടം സ്വീകരിക്കുകയും, അവിടെ തുടർന്നു പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടുകയും, പിന്നീട് അമേരിക്കയിൽ‌പോയി ഡോൿട്രേറ്റ് എടുത്തശേഷം ബി.സി.എം. കോളേജിൽ പ്രൊഫസറായും രൂപതയുടെ വിവിധ സ്ഥാപനങ്ങളുടെ ചുമതലകൾ പ്രശസ്തമായി നിർവഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കുട്ടിയും (മത്യുവും) ഏലിക്കുട്ടിയും മക്കൾക്കെല്ലാം നല്ലനിലയിൽ വിദ്യാഭ്യാസം നല്കി. എല്ലാവരും തന്നെ അമേരിക്കയിലും കാനഡായിലുമായി നല്ലനിലയിൽ ജീവിക്കുന്നു.

കോട്ടൂർ ഏലിയുടെ രണ്ടാമത്തെ മകൻ ജോസഫ്, മദ്രാസ് മൈലാപ്പൂർ രൂപതയിൽ ചേർന്നു വൈദികനായി ആ രൂപതയ്ക്കുവേണ്ടി പ്രശസ്തമായ സേവനം ചെയ്തു. അദ്ദേഹം മരിച്ച് മദ്രാസിൽതന്നെ സംസ്കരിക്കപ്പെട്ടു.

കോട്ടൂർ ഏലിയുടെ മൂത്തമകൾ മേരി (സിസ്റ്റർ തോമസിൻ) പാറ്റ്നായിൽ സന്യാസിനിയായി. പിന്നീട് ബി.എസ്.സി. നേഴ്സിംഗ് പാസായി അവിടെ ഹോസ്പിറ്റലിൽ ജോലിചെയ്യുന്നു. രണ്ടാമത്തെ മകൾ അന്നമ്മ (സിസ്റ്റർ ഓക്സീലിയ) കോട്ടയം രൂപതയിൽ വിസിറ്റേഷൻ സമൂഹത്തിൽ സന്യാസിനിയായി കിടങ്ങൂർ കൊച്ചുലൂർദ് ആശുപത്രിയിൽ സേവനം ചെയ്തുപോന്നു. ഏലിയുടെ മൂന്നാമത്തെ മകൾ ഏലിയാമ്മയെ എടക്കോലിയിൽ വള്ളിപ്പടവിൽ കുടുംബത്തിൽനിന്നു വിവാഹം ചെയ്തു. അവൾ അമേരിക്കയിലെ ടെക്സാസിൽ കുടുംബസമേതം താമസിക്കുന്നു.

     മുത്തോലത്തു ചാക്കോയുടെ നാലാമത്തെ മകൻ ഔസേപ്പിന്റെ (കുഞ്ഞേപ്പിന്റെ) ജനനത്തോടുകൂടി മുത്തോലത്തു കുടുംബം സാമ്പത്തികമായും ആൾ ശേഷിയിലും വളർന്നതുകൊണ്ട് പിതാവു ചാക്കോയ്ക്കും സഹോദരങ്ങൾക്കും ഔസേപ്പിനെ ഒരു വൈദികനാക്കണമെന്ന് ആഗ്രഹിച്ചു. അതിനാൽ ഔസേപ്പിനെ പാലാ സെന്റ് തോമസ് സ്കൂളിൽ വിട്ടു പഠിപ്പിച്ചുവെങ്കിലും ഏഴാം ക്ലാസിൽ ആയപ്പോൾ ഔസേപ്പിനു പഠനത്തോടു താല്പര്യം കുറയുകയും അക്കൊല്ലം തോൽക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹത്തെ വിവാഹപ്രായമായപ്പോൾ പൈങ്ങളത്തിൽ വട്ടപ്പറമ്പേൽ കുടുംബത്തിൽനിന്ന്, വട്ടപ്പറമ്പേൽ ബഹുമാനപ്പെട്ട പീറ്റർ അച്ചന്റെ ഇളയ സഹോദരി ബ്രജീത്തയെകൊണ്ടു 1926ൽ വിവാഹം ചെയ്യിച്ചു. അവർക്ക് കുഞ്ഞുപെണ്ണ് എന്ന പെൺ‌കുട്ടിയുണ്ടായി ഒരുകൊല്ലം കഴിഞ്ഞപ്പോൾ ബ്രജീത്തായ്ക്കു ക്ഷയരോഗം പിടിപെട്ട് വട്ടപ്പറമ്പേൽ കുടുംബത്തിൽ കിടന്ന് 1934ൽ മരിച്ചു.

മുത്തോലത്തു ചാക്കോ 1927ൽ തന്റെ പേരിലും മൂത്തമകൻ കുര്യാക്കോയെന്നു വിളിക്കുന്ന ചാക്കോയുടെ പേരിലുമുള്ള വസ്തു വകകൾ എല്ലാം ഏകോപിപ്പിച്ച് കുര്യാക്കോയുടെ ചുമതലയിൽ മറ്റു സഹോദരങ്ങളുടെ സമ്മതത്തോടുകൂടി ഭാഗം ചെയ്തു. ഇളയമകൻ ഔസേപ്പിനെ തറവാട്ടിൽ താമസിപ്പിച്ചു. ബാക്കി മക്കളെ യഥാക്രമം മാളിയേക്കൽ, കുളപ്പുറത്ത്, പതീപ്ലാക്കിയിൽ എന്ന പുരയിടങ്ങളിൽ പുരപണിതു താമസിപ്പിച്ചു.

മുത്തോലത്തു ചാക്കോയ്ക്കു കുറേ പ്രായമായപ്പോൾ ജലദോഷം, ചുമ, തലവേദന മുതലായ അസുഖങ്ങൾ തീർത്തു മാറാതെ വന്നതുകൊണ്ട്, തന്റെ പിതാവിനെപ്പോലെ കറുപ്പ് ഉപയോഗിച്ചുകൊണ്ടിരുന്നു. മരിക്കുന്നതുവരെ അതു പതിവായിരുന്നു. ദിവസവും വെളുപ്പിനെ അഞ്ചുമണിക്ക് ഉണർന്ന് കടുംചായയുടെ കൂടെ അല്പം കറുപ്പും കഴിച്ചാൽ നല്ല ഉന്മേഷം ലഭിച്ചിരുന്നു. എല്ലാ ദിവസവും മുടങ്ങാതെ പള്ളിയിൽ പോയി കുർബാനയിൽ സംബന്ധിച്ചിരുന്നു. തന്റെ മാതാപിതാക്കളുടെ ആണ്ടുചാത്തം, കുർബാന എന്നിവ മുടങ്ങാതെ നടത്തിയിരുന്നു.

മുത്തോലത്തു ചാക്കോയും ഭാര്യ അന്നയും വാർദ്ധക്യത്തിലെത്തിയെങ്കിലും മനസമാധാനത്തോടുകൂടി മുത്തോലത്തു തറവാട്ടിൽ താമസിച്ചുവരവെ 1935ൽ ചാക്കോയ്ക്ക് ഒരു പനിയുടെ ആരംഭത്തോടുകൂടി അസുഖം പിടിപെട്ടു. ഒരു ആഴ്ചയോളം കിടപ്പിലായശേഷം നല്ല സുബോധത്തോടുകൂടി അന്ത്യകൂദാശകൾ സ്വീകരിച്ച് സെപ്തംബറിൽ തന്റെ എഴുപത്തിരണ്ടാമത്തെ വയസ്സിൽ മരിച്ചു. ബഹു. വില്ലൂത്തറയച്ചനായിരുന്നു അപ്പോൾ കല്ലൂർപള്ളി വികാരി. പരേതനായ ചാക്കോയുടെ അളിയൻ (ഭാര്യാ സഹോദരൻ) പടിക്ക‌മ്യാലിൽ ബഹു. തൊമ്മൻ അച്ചന്റെയും കോട്ടൂർ കുഞ്ഞേപ്പച്ചന്റെയും കോട്ടൂർ സൈമൺ അച്ചന്റെയും കാർമ്മികത്വത്തിൽ റാസകുർബാന ചൊല്ലി ആഘോഷമായി ശവസംസ്കാരം നടത്തി.

മുത്തോലത്തു ചാക്കോയുടെയും അന്നയുടെയും ഇളയമകൻ ഔസേപ്പ്, ആദ്യഭാര്യയുടെ മരണശേഷം കല്ലറ് ചോരത്തു കൊച്ചോക്കന്റെ മകൾ കുഞ്ഞന്നയെ 1935ൽ വിവാഹം ചെയ്തു. മാതാവുമായി താമസിച്ചുവരവെ, കുഞ്ഞന്ന സിസിലിയെന്ന പെൺകുഞ്ഞിനെ പ്രസവിച്ചു. അതിനുശേഷം കുഞ്ഞന്ന രോഗബാധിതയായി. ഇവിടുത്തെ ചികിത്സകൊണ്ടു കുറവു കാണാഞ്ഞതിനാൽ ചോരത്തേക്കു കൊണ്ടുപായി. കുഞ്ഞന്ന അവിടെ ദീർഘനാൾ ചികിത്സയിലായിരുന്നെങ്കിലും അവിടെ വച്ചു മരിച്ചു.

ചാക്കോയുടെ ഭാര്യ അന്ന വാർദ്ധക്യത്തിലായിരുന്നതുകൊണ്ടും ഇളയമകൻ ഔസേപ്പിന്റെ രണ്ടാമത്തെ ഭാര്യ കുഞ്ഞന്ന മരിച്ചതിനാലും അന്നുവരെ താമസിച്ചിരുന്ന മുത്തോലത്തു തറവാട്ടിൽ ഔസേപ്പിനോടുകൂടി തുടർന്നു താമസിക്കുവാൻ ബുദ്ധിമുട്ടായി. അതിനാൽ മൂത്തമകൻ കുര്യാക്കോ അമ്മയെ മാളിയേക്കലേയ്ക്കു കൂട്ടിക്കൊണ്ടുവന്നു. അന്ന അവിടെ കുറേനാൾ താമസിച്ച് എൺപതാമത്തെ വയസ്സിൽ അന്ത്യകൂദാസകൾ സുബോധത്തോടെ സ്വീകരിച്ച് 1945 ഫെബ്രുവരിയിൽ മരിച്ചു. കൈപ്പുഴ കണ്ടത്തിൽ ബഹു. ജോസഫച്ചനായിരുന്നു അന്നു ചേർപ്പുങ്കൽ കല്ലൂർപള്ളി വികാരി. അദ്ദേഹത്തിന്റെയും മറ്റു പല വൈദികരുടെയും കാർമ്മികത്വത്തിൽ റസകുർബാനയോടുകൂടി ശവസംസ്കാരം നടത്തി.

മുത്തോലത്തു (മാളിയേക്കൽ) ചാക്കോയുടെ മകൻ കുര്യാക്കോ

     കുര്യാക്കോ 1884ൽ പിതാവായ ചാക്കോയ്ക്കു 21 വയസ്സുള്ളപ്പോൾ ജനിച്ചു. ചെറുപ്പം മുതലേ ചുണക്കുട്ടിയായി വളർന്നു. അന്നത്തെ നിലയിൽ കളരിയിൽ ആവശ്യത്തിനുവേണ്ട വിദ്യാഭ്യാസം കഴിഞ്ഞ് പിതാവു ചാക്കോയോടുകൂടി കൃഷികാര്യങ്ങളിൽ ഏർപ്പെട്ടുപോന്നു.

അങ്ങനെയിരിക്കെ പുന്നത്തുറ കടിയമ്പള്ളിയിൽ കുടുംബത്തിൽ പുന്നത്തുറപ്പള്ളിയുടെ ദൈവാലയ ശുശ്രൂഷിയായിരുന്ന മാത്തന്റെ മൂത്തമകൻ കോരക്കു ഏലിയെന്നും മത്തായിയെന്നും രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. കോര അസുഖമൂലം അകാലമരണമടഞ്ഞതിനാൽ വല്യപ്പനായ മാത്തന്റെ സംരക്ഷണത്തിൽ കുട്ടികൾ വളർന്നുപോന്നു. ഏലിക്കു 12 വയസു പ്രായമായപ്പോൾ, തനിക്കു വാർദ്ധക്യമായതുകൊണ്ടും ഏലിയുടെ പിതാവു മരണമടഞ്ഞതിനാലും അവളെ നല്ല കുടുംബത്തിൽ വിവാഹം ചെയ്തയക്കണമെന്ന് ആഗ്രഹത്തോടുകൂടി ഒരിക്കൽ ചേർപ്പുങ്കൽ വന്നു. അന്ന് അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്ന വാരികാട്ടായ മഠത്തിൽ കുഞ്ഞമ്മന്റെ കടയിൽ വന്നു. കുഞ്ഞമ്മൻ കുടുംബ പ്രമാണിയും നാട്ടിലെ ഒരു നേതാവുമായിരുന്നു.

കടിയമ്പള്ളിൽ മാത്തൻ തന്റെ മരിച്ചുപോയ മകന്റെ മകളെ വിവാഹം ചെയ്യിപ്പിക്കുവാൻ പറ്റിയ ചെറുക്കനെപ്പറ്റി കുഞ്ഞമ്മനുമായി ആലോചിച്ചപ്പോൾ ഞങ്ങളുടെ കുടുംബവുമായി ബന്ധമുള്ള മുത്തോലത്തു ചാക്കോ എന്ന ആളിന് ഒരു മകൻ ഉണ്ടെന്നും, സുമുഖനും മിടുക്കനുമാണെന്നും മാതാപിതാക്കന്മാർ മര്യാദക്കാരാണെന്നുമറ്റുമുള്ള നല്ല അഭിപ്രായം കുഞ്ഞമ്മൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ കുര്യാക്കോ ആ വഴിയെകൂടി നടന്നു വരുന്നതു കണ്ടു.

കുഞ്ഞമ്മൻ മാത്തനെ, അവർ കല്യാണം പറഞ്ഞുകൊണ്ടിരിക്കുന്ന ചെറുക്കൻ വരുന്നതു കാണിച്ചുകൊടുത്തു. മാത്തന് ഒറ്റനോട്ടത്തിൽതന്നെ ചെറുക്കനെ ഇഷ്ടപ്പെട്ടു. കുര്യാക്കോയുടെ പിതാവു ചാക്കോ മിക്ക ദിവസങ്ങളിലും കുഞ്ഞമ്മന്റെ കടയിൽ വരുകയും, ഒരു കാരണവർ എന്ന നിലയിൽ തന്റെ കുടുംബകാര്യങ്ങൾ കുഞ്ഞമ്മനുമായി ആലോചിക്കുകയും കച്ചവടത്തിൽ സഹായിക്കുകയും ചെയ്തിരുന്നതിനാൽ, ചാക്കോയെ ഉടൻ‌തന്നെ ആളയച്ചു കടയിൽ വരുത്തി വിവാഹം ഉറപ്പിച്ച നിലയിലാക്കി. കുടുംബത്തിൽ പരാതീനക്കൂടുതൽ ഉണ്ടന്നും ചെറുപ്പമായ ഈ പെൺകുട്ടിയെ അവിടെ കെട്ടിച്ചാൽ പെണ്ണിനു വളരെ ബുദ്ധിമുട്ടുവരുമെന്നും മറ്റുചിലർ അഭിപ്രായപ്പെട്ടെങ്കിലും തന്റെ മകൾക്കു നടക്കുവാൻ നടുവഴിയും കുളിക്കുവാൻ ആറും തോടും ഉണ്ടെന്നും, കുട്ടികൾ വളരുമ്പോൾ എല്ലാം മാറിക്കൊള്ളുമെന്നും പറഞ്ഞ്, ഏലിക്കു വേറെ പറഞ്ഞുവന്ന വിവാഹാലോചനകൾ അവഗണിച്ച് കടിയമ്പള്ളിയിൽ മാത്തൻ ഈ വിവാഹം നടത്തി.

ഏലിയെ വിവാഹം ചെയ്തുകൊണ്ടുവന്ന അവസരത്തിൽ കുര്യാക്കോയുടെ സഹോദരങ്ങൾ ചെറുപ്പമായിരുന്നതുകൊണ്ടും അമ്മായിയമ്മയ്ക്കു ശരിയായി നിയന്ത്രിക്കുവാൻ കഴിവില്ലാതിരുന്നതുകൊണ്ടും സഹോദരങ്ങളുടെ ബാല്യസഹജമായ കുസൃതിത്തരങ്ങൾകൊണ്ടും അടുക്കളയിലെ അത്യദ്ധ്വാനംകൊണ്ടും ഏലിക്ക് വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. എങ്കിലും അവയെല്ലാം തന്റെ സ്വന്തം വീട്ടിലുള്ളവരുടെ ഉപദേശംകൂടി കണക്കിലെടുത്ത് ക്ഷമയോടെ വീട്ടുകാര്യങ്ങളെല്ലാം അടുക്കും ചിട്ടയോടുംകൂടി ഏലി ചെയ്തുപോന്നു. അതിൽ ചാക്കോ വളരെ സംതൃപ്തനായിരുന്നു.

അക്കാലത്ത് ചേർപ്പുങ്കൽ കവലയിൽ പലചരക്കു കച്ചവടം നടത്തിയിരുന്ന ഒരു അതിരമ്പുഴക്കാരൻ ചെറുപ്പക്കാരനായ കുര്യാക്കോയെ കാണുകയും തന്റെ കച്ചവടത്തിൽ സഹായിക്കുവാൻ ക്ഷണിക്കുകയും ചെയ്തു. കുര്യാക്കോ അതിരമ്പുഴക്കാരന്റെ ശമ്പളക്കാരനായി നിന്നുകൊണ്ട് കച്ചവടത്തെപ്പറ്റി പഠിക്കുകയും, ശമ്പളം കിട്ടിയ തുക സൂക്ഷിച്ചുവച്ച് ഒന്നുരണ്ടു ചിട്ടിയിൽ കൂടി അതു പിടിച്ച് എടുത്ത രൂപയും, തന്റെ പിതാവു കൊടുത്ത കുറച്ചു രൂപയും കൂടി സംഭരിച്ച് അതിരമ്പുഴ ചന്തയിൽ‌പോയി കുറേശേ പലചരക്കുകൾ എടുത്തു ചേർപ്പുങ്കൽ ചന്തയിൽ തനതായി കച്ചവടം ആരംഭിച്ചു. അക്കാലത്ത് ചേർപ്പുങ്കൽചന്ത കൂടാതെ അടുത്തു പാലായിൽ മാത്രമേ ചന്ത ഉണ്ടായിരുന്നുള്ളു. ചേർപ്പുങ്കലിന്റെ അടുത്തുള്ള കൊഴുവനാൽ, കിഴവുംകുളം, ചെമ്പിളാവ്, കുമ്മണ്ണൂർ, കിടങ്ങൂർ, കൂടല്ലൂർ, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം മുതലായ സ്ഥലങ്ങളിൽ ഉള്ളവർ എല്ലാം ചേർപ്പുങ്കൽ ചൊവ്വയും വെള്ളിയും ഉള്ള ചന്ത ദിവസങ്ങളിൽ മലഞ്ചരക്കുകൾ കൊണ്ടുവന്നു വില്ക്കുകയും, ആവശ്യമുള്ള മറ്റു സാധനങ്ങൾ വാങ്ങിക്കുകയും ചെയ്തുകൊണ്ടിരുന്നു. ആ അവസരങ്ങളിൽ ചേർപ്പുങ്കൽ ചന്ത അഭിവൃദ്ധിപ്പെട്ടികൊണ്ടിരുന്നു. അക്കാലത്തു ചേർപ്പുങ്കലിൽ പുറത്തുനിന്നു ധാരാളം കച്ചവടക്കാർ ഉണ്ടായിരുന്നു.

മുത്തോലത്തു കുര്യാക്കോയുടെ കച്ചവടം പ്രാരംഭദശയിൽ ചെറുതായിരുന്നെങ്കിലും ക്രമേണ കച്ചവടം അഭിവൃദ്ധിപ്പെടുകയുണ്ടായി. പിതാവിന്റെയും സഹോദരങ്ങളുടെയും സഹായം ഉണ്ടായപ്പോൾ നെല്ലു കച്ചവടം, മലഞ്ചരക്കു കച്ചവടം മുതലായവകൂടി തുടങ്ങി. അക്കാലങ്ങളിൽ സാധാരണ സാമ്പത്തികശേഷിയുള്ള കുടുംബക്കാർ നെല്ലു വാങ്ങിച്ചു കുത്തി അരിയാക്കി ഉപയോഗിച്ചിരുന്നു. പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്നും അവിടുത്തെ ആൾക്കാർ കെട്ടുവള്ളങ്ങളിൽ നെല്ലു കൊണ്ടുവന്നു ചേർപ്പുങ്കലും പാലായിലും വിറ്റിരുന്നു. കുര്യാക്കോ വള്ളക്കാരോടു മൊത്തമായി നെല്ലു വാങ്ങിച്ചു വിറ്റിരുന്നു.

കച്ചവട സംബന്ധമായി ധാരാളം കണക്കുകൾ എഴുതുവാൻ ഉണ്ടായിരുന്നതുകൊണ്ട് രാമച്ചനാട്ടു കോരയെ കണക്കെഴുതുവാൻ ശമ്പളത്തിനെടുത്തു. സഹോദരങ്ങളും പ്രാപ്തരാകുവാൻ തുടങ്ങിയപ്പോൾ കൃഷിയും അഭിവൃദ്ധിപ്പെട്ടു. അങ്ങനെ എല്ലാംകൊണ്ടും ഉയർച്ചയിലേക്കായപ്പോൾ വസ്തുക്കൾ വാങ്ങുവാൻ തുടങ്ങി. അങ്ങനെ ഏതാണ്ടു 15 കൊല്ലം കഴിഞ്ഞപ്പോഴേയ്ക്കും ഏഴെട്ടു മുറി പുരയിടങ്ങളും കുറെ നെൽ‌പാടങ്ങളും ഒന്നുരണ്ടു പീടിക കെട്ടിടവും വാങ്ങിച്ചു. അപ്പോഴേയ്ക്കും മുത്തോലത്തു കുര്യാക്കോയുടെ പേര് അടുത്തുള്ള എല്ലാ കരകളിലും അകലെയുള്ള കമ്പോളസ്ഥലങ്ങളിലും പ്രസിദ്ധമായി. സഹോദരീസഹോരങ്ങളുടെ വിവാഹകാര്യങ്ങളിൽ പിതാവിന്റെ വലംകൈയ്യായി കുര്യാക്കോ പ്രവർത്തിച്ചിരുന്നു.

രണ്ടു സഹോദരങ്ങളുടെ വിവാഹം നടക്കുകയും വീട്ടിൽ അംഗങ്ങൾ കൂടുകയും ചെയ്തപ്പോൾ കുര്യാക്കോ മാളിയേക്കൽ പറമ്പിൽ പുരവെച്ചു മാറിതാമസിച്ചു. ഭാര്യ ഏലിയുടെ പ്രസവത്തിൽ ഒരു പെൺകുട്ടി ജനിച്ചുവെങ്കിലും മൂന്നുനാലു മാസം കഴിഞ്ഞപ്പോൾ ആ കുട്ടി മരിച്ചു. പിന്നീട് ഏഴെട്ടു കൊല്ലത്തേക്ക് കുട്ടികൾ ഉണ്ടായില്ല. ആ അവസരങ്ങളിൽ ചേർപ്പുങ്കൽ കല്ലൂർ പള്ളിയുടെ നിർമ്മാണം ആരംഭിച്ചിരുന്നു. കുര്യാക്കോ പള്ളിക്കു മാതാവിന്റെ ഒരു തിരുസ്വരൂപവും രൂപക്കൂടും വാങ്ങിച്ചുകൊടുക്കുകയും എട്ടുനോമ്പു വീടിയുള്ള മാതാവിന്റെ പിറവിതിരുന്നാൾ ആഘോഷമായി നടത്തുകയും ചെയ്തു. ആ രൂപവും രൂപക്കൂടും പള്ളിയിൽ ഇപ്പോഴും ഉണ്ട്. ആ നേർച്ച സമർപ്പണത്തെ തുടർന്ന് ഏലി ഗർഭം ധരിക്കുകയും 1917ൽ ഒരു പെൺകുട്ടിയെ പ്രസവിക്കുകയും ചെയ്തു. അവൾക്ക് അന്നക്കുട്ടി എന്ന ഓമനപേരിട്ടു. അവളെ പിന്നീട് കരിങ്കുന്നം മറ്റപ്പള്ളിയിൽ കുടുംബത്തിലേക്കു വിവാഹം ചെയ്തയച്ചു.

പിന്നീട് 1921 ൽ ചാക്കോയും 1923ൽ കോരക്കുട്ടിയും ജനിച്ചു. നാലു വർഷംകൂടി കഴിഞ്ഞ് മക്കളുടെ വിവാഹകാര്യങ്ങളെല്ലാം തീർന്നു സ്വസ്ഥനായപ്പോൾ പിതാവു ചാക്കോ തന്റെ വസ്തുക്കൾ എല്ലാം മൂത്തമകൻ കുര്യാക്കോയുടെ ചുമതലയിൽ ആൺ‌മക്കൾ നാലുപേർക്കും തനിക്കും ഭാര്യയ്ക്കുംകൂടി ഭാഗിച്ചു. അങ്ങനെ ഭാഗിച്ചുകൊടുത്തപ്പോൾ തന്റെ മൂത്തമകനോടുള്ള വാത്സല്യത്തെപ്രതി വിശേഷാൽ വസ്തു ഒന്നും കൊടുക്കുവാൻ കാണാതെ വന്നപ്പോൾ ചാക്കോ മാനസികമായി അല്പം വിഷമിച്ചു. അതു മകൻ കുര്യാക്കോ അറിഞ്ഞ് പിതാവിനെകണ്ട് എനിക്കു ഭാഗത്തിൽ കിട്ടിയ വസ്തുക്കൾ മാത്രം മതിയെന്നും എനിക്കു വേറെ ഒന്നും തരാത്തതിൽ അപ്പൻ വിഷമിക്കേണ്ടന്നും പറഞ്ഞ് ആശ്വസിപ്പിച്ചു.

പിന്നീട് ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് കുറേനാൾ കഴിഞ്ഞപ്പോൾ രാജ്യത്ത് ആകമാനം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി. അതു കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. അപ്പോൾ നാലുപേരുംകൂടി കച്ചവടത്തിൽ സംബന്ധിക്കേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട് ചാക്കോയുടെ രണ്ടാമത്തെ മകൻ ഉപ്പായിയും നാലമത്തെ മകൻ ഔസേപ്പും കച്ചവടത്തിൽനിന്നു പങ്കു പിരിഞ്ഞു. അവർക്ക് തനതായി ആവശ്യത്തിനു വസ്തുക്കൾ ഉണ്ടായിരുന്നതുകൊണ്ട് അവർ ഇരുവരും കൃഷിയിൽ ഏർപ്പെട്ടു. കച്ചവടം മൂത്തമകൻ കുര്യാക്കോയും മൂന്നാമത്തെ മകൻ കുര്യനും കൂടി നടത്തിപ്പോന്നു.

കുര്യാക്കോ ദരിദ്രരെ സഹായിക്കുന്നതിൽ വളരെ തല്പരനായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് പലർക്കും ഉണ്ടായിരുന്ന അവസരങ്ങളിൽ, പ്രത്യേകിച്ചു മക്കളുടെ വിവാഹാവസരങ്ങളിലും മറ്റു പല അത്യാവശ്യ സന്ദർഭങ്ങളിലും, അദ്ദേഹം സഹായം നല്കിയിരുന്നു. ക്ലേശമനുഭവിക്കുന്നവർ കടയിൽ വരുമ്പോൾ സാധനങ്ങൾ വാങ്ങുന്നതിന്റെ വിലമുഴുവൻ കൊടുക്കുവാൻ അവർക്കു നിവൃത്തിയില്ലെങ്കിൽ, അവർ രൂപാ തരികില്ലെന്നറിഞ്ഞുകൊണ്ടുപോലും സാധനങ്ങൾ കടമായി കൊടുത്തിരുന്നു. വൈകുന്നേരം അത്താഴത്തിന് അരിവാങ്ങുവാൻ പണമില്ലാതെ വരുന്നവരെയും വെറുംകയ്യോടെ മടക്കാതെ അരിയും മറ്റു സാധനങ്ങളും കൊടുത്തുവിട്ടിരുന്നു. ചില അവസരങ്ങളിൽ മലഞ്ചരക്കിന്റെ വിലക്കുറവുകൊണ്ടോ, ആൾക്കാർ കൊണ്ടുവരുന്ന സാധനത്തിന്റെ ഗുണമേന്മയില്ലായ്മകൊണ്ടോ പല കച്ചവടക്കാരും തിരസ്കരിക്കുന്ന ചരക്കുകൾ കുര്യാക്കോ തള്ളിക്കളയാതെ അവരെ സഹായിക്കുവാൻ ന്യായമായ വിലനല്കി വാങ്ങിയിരുന്നു.

കുര്യാക്കോയുടെ ഭാര്യ ഏലിയും സാധുജനാനുകമ്പയിലും ദാനധർമ്മത്തിലും ഉത്സുകയായിരുന്നു. വീട്ടിൽ ബന്ധുക്കളോ അല്ലാത്തവരോ ആരുവന്നാലും അവരെയെല്ലം വേണ്ടവിധം സൽക്കരിച്ച് സന്തോഷത്തോടെ സ്നേഹസംഭാഷണം നടത്തുവാൻ ഏലിക്കു പ്രത്യേക കഴിവുണ്ടായിരുന്നു.

കുര്യാക്കോയും ഭാര്യ ഏലിയും തമ്മിൽ എന്തെങ്കിലും കാര്യത്തിനു അല്പം പിണങ്ങി സംസാരിച്ചാലും ഒന്നു രണ്ടു മണിക്കൂറിനകം എല്ലാം മാറി ര‌മ്യതയിലായിരുന്നു. കുര്യാക്കോ വൈകുന്നേരം കടപൂട്ടി രാത്രി വൈകി വീട്ടീൽവന്നിരുന്നതിനാൽ വൈകുന്നേരം കുടുംബപ്രാർത്ഥനയിൽ സംബന്ധിക്കുവാൻ സാധിക്കാത്തതുമൂലം വെളുപ്പിനെ ഉണർന്ന് ഭക്തയായ ഭാര്യയേയും മക്കളെയും ഉണർത്തി പ്രാർത്ഥിക്കുന്നതിനു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏലി എല്ലാ മാസവും മറ്റവസരങ്ങളിലും മുത്തിഊട്ടു നേർച്ച മുടങ്ങാതെ നടത്തിയിരുന്നു.

1930 മുതൽ ഒന്നാം ലോകമഹായുദ്ധകാലത്ത് മലഞ്ചരക്കുകളുടെ പെട്ടെന്നുണ്ടായ വിലയിടിവുമൂലം കച്ചവടക്കാർ നേരത്തെ കൂടിയ വിലയ്ക്കു വാങ്ങിവച്ചിരുന്ന ചരക്കുകൾ വിറ്റഴിക്കുവാൻ നിവർത്തിയില്ലാതെ വളരെനാൾ സൂക്ഷിച്ചുവെക്കേണ്ടിവന്നു. അപ്പോൾ ചരക്കുകൾക്കു കേടു സംഭവിക്കുമായിരുന്നു. ബാക്കിയുള്ളവ വളരെ നഷ്ടത്തിൽ വിറ്റഴിക്കേണ്ടിവന്നു. അങ്ങനെ മലഞ്ചരക്കു കച്ചവടക്കാർക്കു വളരെ നഷ്ടം നേരിട്ടതിനാൽ പലരും കച്ചവടം ഉപേക്ഷിച്ച്, തങ്ങളുടെ വസ്തുക്കൾ മറ്റുള്ളവരുടെ പേരിലാക്കി നിയമപരമായി പാപ്പരായിക്കൊണ്ടിരുന്നു. അപ്പോൾ കുര്യാക്കോയും അനുജൻ കുര്യനും കൂടി പങ്കുചേർന്നു ചെയ്ത കച്ചവടത്തിൽ ഒരു വൻ‌തുക പലർക്കായി കൊടുത്തു തീർക്കേണ്ടിവന്നു. തങ്ങളുടെ വസ്തു മുഴുവൻ പോയാലും പാപ്പരാകുവാൻ കഴിയില്ലെന്നു പറഞ്ഞ് കുര്യാക്കോയും കുര്യനും തങ്ങളുടെ അമ്മാച്ചൻ (അമ്മയുടെ സഹോദരൻ) വൈദികനായ ബഹു. പടിക്ക‌മ്യാലിൽ തൊമ്മൻ കത്തനാർക്കു തങ്ങളുടെ പേരിലുള്ള കുറെ വസ്തുക്കൾ പണയപ്പെടുത്തി 2,500 രൂപാ വാങ്ങിച്ചു. കൂടാതെ അവർക്കു നീണ്ടൂരുണ്ടായിരുന്ന പുത്തൻ‌ചാൽ പുഞ്ചനിലം തേരന്താനത്തു കുടുംബത്തിലെ കാരണവർക്കു വിറ്റുകിട്ടിയ പണംകൂടി സമാഹരിച്ച് കടം വീട്ടി കച്ചവടം തുടർന്നുകൊണ്ടിരുന്നു. ഈ പ്രതിസന്ധി ഘട്ടങ്ങളിലും വീട്ടുകാര്യങ്ങൾ എല്ലാം പഴയതുപോലെ ഭംഗിയായി നടത്തിക്കൊണ്ടിരുന്നു.

കുര്യാക്കോയുടെ മകൾ അന്നക്കുട്ടിക്കു 14 വയസ്സു പ്രായമായപ്പോൾ അന്നത്തെ നിലയിൽ ഒരു നല്ല തുകയായ 600 രൂപ സ്ത്രീധനം കൊടുത്ത് കരിങ്കുന്നത്തു മറ്റപ്പള്ളിയിൽ ചാക്കോ മകൻ ഉപ്പച്ചനെക്കൊണ്ട് 1930ൽ വിവാഹം ചെയ്യിച്ചു. പിന്നീട് 1937ൽ കുര്യാക്കോ മുത്തമകൻ ചാക്കോയെ ഉഴവൂർ എടാട്ടുകുന്നേൽ ചാലിൽ കുടുംബത്തിലെ അച്ചാമ്മയെക്കൊണ്ടും 1942ൽ ഇളയ മകൻ കോരയെ പൈങ്ങളത്തിൽ വട്ടപ്പറമ്പേൽ കുടുംബത്തിലെ ചിന്നമ്മയെക്കൊണ്ടും വിവാഹം ചെയ്യിച്ചു.

പടിക്ക‌മ്യാലിൽ ബഹു. തൊമ്മൻ കത്തനാർക്കു കൊടുക്കുവാനുള്ള കടം തീർക്കുന്നതിനു മുൻപ് അദ്ദേഹം 1940ൽ മരിച്ചു. എങ്കിലും കുര്യാക്കോ ആ കടം തീർക്കുന്നതിനുവേണ്ടി സ്റ്റോക്കു വെച്ചിരുന്ന കുരുമുളകിനു അല്പം വില കൂടുവാൻ തുടങ്ങിയപ്പോൾ ആ മുളകു വിറ്റു. അങ്ങനെ കിട്ടിയ പണം കടം തീർക്കുവാൻ തികയാഞ്ഞതുകൊണ്ട് കുറെ മുണ്ടക നിലം ഒറ്റി എഴുതികൊടുത്തും തൊമ്മനച്ചന്റെ അനന്തരവക്കാരെയെല്ലാം വരുത്തി അച്ചനു കൊടുക്കുവാനുള്ള രൂപാ കൊടുത്തു കടം തീർത്തു.

പിന്നീട് ഒരു വർഷം കഴിഞ്ഞപ്പോൾ ഒറ്റി കൊടുത്ത നിലം രൂപാ കൊടുത്ത് ഒഴുപ്പിച്ചെടുത്തു. ഈ കടം ഉണ്ടായിരുന്ന അവസരത്തിൽ കച്ചവടസംബന്ധമായും ചിട്ടി ഇടപാടുവഴിയായും മറ്റും ഒരു നല്ല സംഖ്യ കുര്യാക്കോയ്ക്കും കുര്യനും കിട്ടുവാനുണ്ടായിരുന്നു. അതു ക്രമേണ കുറെ കിട്ടി. അങ്ങനെ തനിക്കു കിട്ടിയ പണവും കച്ചവടത്തിലെ ആദായവും ഉപയോഗിച്ച് കുര്യാക്കോ കുറേ വസ്തുക്കൾകൂടി വാങ്ങി.

ഇങ്ങനെ കച്ചവടം തുടർന്നുകൊണ്ടിരുന്നപ്പോൾ കുര്യന്റെ മൂത്ത അളിയൻ (ഭാര്യയുടെ സഹോദരൻ) തൊമ്മന്റെ മകൻ കൊച്ച് കൂടല്ലൂർ ചന്തയിൽ ഒരു കച്ചവടം ആരംഭിച്ചു. കച്ചവടത്തിൽ പരിചയ സമ്പന്നനായ കുര്യനോട് ആ ബിസിനസ്സിൽ പങ്കുചേരണമെന്ന് കൊച്ച് ആവശ്യപ്പെട്ടതനുസരിച്ച് കുര്യൻ അളിയന്റെ മകന്റെകൂടെ പങ്കുചേർന്ന് കച്ചവടം ആരംഭിച്ചു.

കൂടല്ലൂരെ കച്ചവടം ആരംഭത്തിൽ നാന്നായിരുന്നതുകൊണ്ടും, ജ്യേഷ്ഠനുമായി പങ്കുചേർന്നുള്ള കച്ചവടം മന്ദീഭവിക്കുന്നതായി തോന്നിയിരുന്നതിനാലും, കുര്യന് ജ്യേഷ്ഠൻ കുര്യാക്കോയുമായുള്ള കച്ചവടത്തിൽ താല്പര്യം കുറഞ്ഞു. ചെർപ്പുങ്കലെ കച്ചവടത്തിൽ‌നിന്നു പങ്കു പിരിഞ്ഞാൽ കൊള്ളാമെന്ന് കുര്യൻ ആഗ്രഹിച്ചെങ്കിലും അതു നേരിട്ടു ജ്യഷ്ഠനോടു പറയുവാൻ വൈമനസ്യമുണ്ടായിരുന്നു. കുര്യന്റെ ആഗ്രഹം മറ്റു ചിലരിൽനിന്നു കുര്യാക്കൊ മനസ്സിലാക്കി. അതിനാൽ ഒരു ദിവസം കുര്യാക്കോ അനുജൻ കുര്യനെ വിളിച്ച് ഒരു പിതാവു മകനോടെന്നപോലെ ഇപ്രകാരം പറഞ്ഞു:

“എടാ കുര്യാ, നമ്മൾ തങ്ങളിലുള്ള കച്ചവടത്തിൽ ഒരു വലിയ സംഖ്യ കടം ഉണ്ടായിരുന്നു. അതുള്ളപ്പോൾ കച്ചവടം നിർത്തി പങ്കുപിരിച്ചു നിന്നെ വിടുവാൻ എനിക്കു വളരെ പ്രയാസമായിരുന്നു. എന്നാൽ, ദൈവാനുഗ്രഹത്താൽ നമ്മുടെ കടങ്ങൾ എല്ലാം തീർന്നുവെന്നു മാത്രമല്ല, കുറെ വസ്തുക്കൾ കൂടി നമ്മൾ വാങ്ങിച്ചു. ഇപ്പോൾ നിനക്കു കൂടല്ലൂരു നിന്റെ അളിയന്റെ മകന്റെകൂടെ കച്ചവടം ഉള്ളതുകൊണ്ട് ഈ അവസരത്തിൽ പങ്കുപിരിയുന്നതു നല്ലതാണെന്ന് എനിക്കു തോന്നുന്നു.” അപ്പോൾ കുര്യൻ അതിനു സമ്മതിച്ചു.

അനുജൻ കുര്യന്റെ താല്പര്യം‌പോലെ ഇരുവരും സൗഹാർദ്ദമായി തങ്ങൾക്കു കിട്ടുവാനുള്ള വസ്തുവകകളുടെ കണക്കുകൾ എല്ലാം പറഞ്ഞുതീർത്തു. കുര്യൻ 1943ൽ ചേർപ്പുങ്കലെ കച്ചവടത്തിൽനിന്നു പങ്കുപിരിഞ്ഞു. പിന്നീടു കുര്യാക്കോയുടെ മക്കൾ ചാക്കോയും കോരയും കൂടിചേർന്നു 1950 വരെ കച്ചവടം നടത്തിപോന്നു.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് നാട്ടിൽ അരിക്കും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും വളരെ ക്ഷാമമായി. ഗവണ്മെന്റെ കച്ചവടം റേഷൻ‌വഴി നിയന്ത്രിക്കുകയും കരിഞ്ചന്ത കച്ചവടം മറ്റ് ആളുകൾ ചെയ്യുകയും ചെയ്തതിനാലും, കുര്യാക്കോയ്ക്കു 66 വയസ്സോളം പ്രായമായതുകൊണ്ടും പലചരക്കു കച്ചവടം നിർത്തി മലഞ്ചരക്കു കച്ചവടം മാത്രമായി നടത്തി. ഒരു വർഷംകൂടി കഴിഞ്ഞ് തന്റെ വസ്തുവകകൾ എല്ലാംകൂടി മൂന്നു ഭാഗമായി തിരിച്ച് മക്കളുടെ സഹകരണത്തോടുകൂടി ഒരു ഭാഗം തനിക്കും ഭാര്യ ഏലിക്കും, ബാക്കി രണ്ടു ഭാഗങ്ങൾ സമമായി ആൺ‌മക്കൾ രണ്ടുപേർക്കുമായി കുര്യാക്കോ നല്കി. മൂത്തമകൾ അന്നക്കുട്ടിയെ വിവാഹം ചെയ്യിച്ച്, അവൾക്കു കൊടുക്കുവാനുള്ള ഓഹരിവീതങ്ങൾ കൊടുത്തു തീർത്തിരുന്നെങ്കിലും കുറെ രൂപകൂടി വിശേഷാൽ മകളുടെ വീതമായി കൊടുത്തു. അപ്രകാരം ഒരു ഭാഗ ഉടമ്പടി റെജിസ്റ്റർ ചെയ്തു. പിന്നീടു കച്ചവടത്തിൽനിന്നു കുര്യാക്കോയും മൂത്തമകൻ ചാക്കോയും പിരിഞ്ഞു. തുടർന്നു രണ്ടാമത്തെ മകൻ കോര മലഞ്ചരക്കു കച്ചവടം തുടർന്നു. അതിന്റെ സുഗമമായ നടത്തിപ്പിന് കുര്യാക്കോ കോരയ്ക്കു കുറെ പണവും നല്കി.

1950ൽതന്നെ ചാക്കോയുടെ വീതമായ കിഴക്കേവാരികാട്ടു പുരയിടത്തിൽ പുതുതായി പണിയിപ്പിച്ചിരുന്ന ഭവനത്തിലേക്ക് ചാക്കോ മാറിതാമസിച്ചു. കോര തറവാടായ മാളിയേക്കൽ പുരയിടത്തിൽ താമസിച്ചു. ചാക്കോയുടെ കൂട്ടത്തിൽ മാതാപിതാക്കളായ കുര്യാക്കോയും ഏലിയും താമസിച്ചു പോന്നു.

കച്ചവടത്തിൽ‌നിന്നു പിരിഞ്ഞു മൂത്തമകൻ ചാക്കോയോടുകൂടി താമസിച്ച കാലത്തും കുര്യാക്കോ തന്റെ പഴയ കച്ചവടത്തിന്റെ അഭിരുചിയനുസരിച്ച് ചിലപ്പോൾ മലഞ്ചരക്കുകൾ പലതും വിലകുറവുള്ള അവസരങ്ങളിൽ വാങ്ങി സംഭരിച്ച് വിലകൂടുമ്പോൾ വിറ്റിരുന്നു.

മക്കളോടും മക്കളുടെ മക്കളോടും കുര്യാക്കോയ്ക്കും ഭാര്യ ഏലിക്കും വളരെ സ്നേഹവും വാത്സല്യവുമായിരുന്നു. കരിങ്കുന്നത്തു വിവാഹം കഴിപ്പിച്ച മകൾ അന്നക്കുട്ടിയുടെ ഭർത്താവ് ഉപ്പച്ചൻ യൗവനത്തിൽ മരിക്കുകയുണ്ടായി. അപ്പോൾ അവർ താമസിച്ചിരുന്നത് അവരുടെ തറവാടായ മറ്റപ്പള്ളിയിൽനിന്നു കുറെ അകലെ, സമീപത്ത് അയൽക്കാർ അധികമില്ലാത്ത സ്ഥലത്തുമായതുകൊണ്ട് തറവാടിനോട് അടുത്ത് കുടുംബവിഹിതമായി കിട്ടിയ സ്ഥലത്ത് ഉപ്പച്ചന്റെ പിതാവു ചാക്കോയുടെ സമ്മതത്തോടും സഹായത്തോടുംകൂടി കുര്യാക്കോയുടെ ചുമതലയിൽ ഒരു വീടു പണികഴിപ്പിച്ചു. മകൾ അന്നക്കുട്ടിയേയും മക്കളെയും അവിടെ താമസിപ്പിച്ചു. അന്നക്കുട്ടിയുടെ മക്കളുടെ വിവാഹാവസരങ്ങളിൽ കുര്യാക്കോ അവരെ വളരെ സഹായിച്ചു.

മകൻ ചാക്കോയുടെ കൂടെ താമസിക്കുന്ന അവസരത്തിൽ കുര്യാക്കോയ്ക്ക് വാർദ്ധിക്യസഹജമായ ചില അസുഖങ്ങൾ പിടിപെട്ടു. ചികിത്സയിൽ രോഗം കുറഞ്ഞും കൂടിയുമിരുന്നു. അങ്ങനെയിരിക്കെ കിടങ്ങൂരിൽ കൊച്ചു ലൂർദ് മിഷൻ ആശുപത്രി ആരംഭിച്ചു. അവിടെ ആദ്യമായി സേവനംചെയ്ത ഒരു ആംഗ്ലിക്കൻ ഡോക്ടറുടെ പരിശോധനയിൽ കുര്യാക്കോയുടെ കരൾ വീർത്തുകൊണ്ടിരിക്കുകയാണെന്നും, അതു കുറേക്കാലം മുമ്പേ തുടങ്ങിയാതാണെന്നും പറഞ്ഞു. കിടങ്ങൂരെ ചികിത്സ പോരെന്നു കണ്ടതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി. അവിടുത്തെ ഡോക്ടറുടെ പരിശോധനയിൽ രോഗം ക്യാൻ‌സറാണെന്നും കരളിനായതുകൊണ്ട് ഓപ്പറേഷൻ പറ്റുകയില്ലെന്നും പറഞ്ഞു.

പിന്നീട് കുര്യാക്കോയുടെ അളിയൻ കിടങ്ങൂർ കോട്ടുരെ തൊമ്മന് ക്യാൻസറായതിനാൽ മദ്രാസിൽ ക്യാൻ‌സറിനു പ്രത്യേക ചികിത്സയുള്ള ഒരു ആശുപത്രിയിൽ പോകുന്നുണ്ടെന്നറിഞ്ഞ് തൊമ്മന്റെകൂടെ കുര്യാക്കോയും ചികിത്സയ്ക്കായി മദ്രാസിൽ പോയി. അവിടുത്തെ പരിശോധനയിൽ രോഗം ക്യാൻ‌സറാണെന്നും ഓപ്പറേഷൻ ചെയ്യാമെന്നും പറഞ്ഞെങ്കിലും ഓപ്പറേഷൻ ചെയ്യിക്കാതെ മടങ്ങി. തുടർന്നു മരുന്നുകൾ മുടങ്ങാതെ കഴിച്ചുകൊണ്ടിരുന്നതിനാൽ രോഗം വർദ്ധിച്ചില്ല.

പിന്നീട് കോട്ടയം ജനറൽ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചു. അയാളുടെ പരിശോധനയിൽ രോഗം ക്യൻസറല്ലെന്നും, അതായിരുന്നെങ്കിൽ പണ്ടേ മരിക്കുമായിരുന്നെന്നും കരൾ കുറേശ്ശേ വളർന്നുകൊണ്ടിരിക്കുകയാണെന്നും മരുന്നുകൾ കഴിച്ചുകൊണ്ടിരുന്നാൽ മതിയെന്നും പറഞ്ഞു. അതുകൊണ്ട് അവിടുത്തെ ചികിത്സയിൽ കഴിഞ്ഞുപോന്നു. രോഗിയായിരുന്നങ്കിലും കുര്യാക്കോ ദിവസവും പള്ളിയിൽ പോകുന്നതിനും കുറേശ്ശേ യാത്രചെയ്യുന്നതിനും പ്രയാസമില്ലായിരുന്നു.

ഈ അവസരത്തിൽ കുര്യാക്കോയുടെ ഭാര്യ ഏലിക്ക് നേരത്തെമുതൽ ഉണ്ടായിരുന്ന വാതത്തിന്റെ അസുഖം ചികിത്സകൊണ്ടു കുറയാതെ കുറേശ്ശേ വർദ്ധിച്ചുകൊണ്ടിരുന്നു. 1965ൽ ചേർപ്പുങ്കൽ കല്ലൂർ പള്ളിയിലെ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുന്നാൾ ആഘോഷിച്ച ഞായറാഴ്ച ഏലിക്കു പള്ളിയിൽ പോകുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും അതു വകവയ്ക്കാതെ പള്ളിയിൽ പോയി. തിരികെ വീട്ടിലേയ്ക്കു വരുവാൻ വേറൊരാളിന്റെ സഹായം വേണ്ടിവന്നു. അന്നു മുതൽ അസുഖം വർദ്ധിച്ചുവന്നു. ഓർമ്മക്കുറവ്, സംസാരിക്കുമ്പോൾ തിരിയാതെ വരുക, കണ്ണിനു കാഴ്ചക്കുറവ് എന്നിവ അനുഭവപ്പെട്ടു. പിന്നീട് എപ്പോഴും മയക്കത്തിലാകുകയും വിളിച്ചാൽ പ്രതികരിക്കുമെങ്കിലും പറഞ്ഞാൽ ഒന്നും തിരിയാതാകുകയും ചെയ്തതിനാൽ പാലാ ഗവൺ‌മെന്റ് ആശുപത്രിയിലെ ഡൊക്ടറുടെ നിർദ്ദേശപ്രകാരം അവിടെ അഡ്‌മിറ്റുചെയ്തു. രണ്ട് ആഴ്ചയോളം അവിടെ ഒന്നും അറിയാതെ മയങ്ങിത്തന്നെ കിടന്നു. ജൂലൈ 25ന് ഞായറാഴ്ച രാവിലെ ഏഴുമണിക്ക് 76 വയസ്സു പ്രായമുള്ളപ്പോൾ ഏലി മരിച്ചു. അന്ത്യകൂദാശകൾ ഒരുക്കത്തോടെ കൊടുത്തിരുന്നു.

അന്ന് മൃതശരീരം വീട്ടിലേക്കു കൊണ്ടുവരുവാൻ വേണ്ടി ഡോക്ടറുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ആ അമ്മ ഭാഗ്യവതിയാണെന്നും കുറേ ദിവസം സുഖമായി ഉറങ്ങി, ഒന്നും അറിയാതെ മരിച്ചു എന്നാണ്. കല്ലൂർ പള്ളി സെമിത്തേരിയിൽ ഒരു കുടുംബകല്ലറ പണിയുവാൻ നേരത്തെ അനുവാദം വാങ്ങിയിട്ടുണ്ടായിരുന്നു. അന്നു തന്നെ കുടുംബകല്ലറ പണിയുകയും പിറ്റേന്നു തിങ്കളാഴ്ച രാവിലെ മൃതസംസ്കാരം നടത്തുകയും ചെയ്തു. ഏലിയുടെ വകയിൽ സഹോദരന്റെ മകൻ ബഹു. തോമസ് കടിയമ്പള്ളിയിലച്ചന്റെ പ്രധാന കാർമ്മികത്വത്തിൽ വളരെ വൈദികരുടെയും അന്നത്തെ വികാരി കരിങ്കുന്നം സ്വദേശി ബഹു. ജേക്കബ് കളപ്പുരയിലച്ചന്റെയും സഹകാർമ്മികത്വത്തിൽ റാസ കുർബാനയോടുകൂടിയാണ് ശവസംസ്കാരം നടത്തിയത്.

ഈ സമയത്ത് കുര്യാക്കൊയ്ക്ക് 81 വയസ് പ്രായം ആയി. രോഗം ക്രമേണ കൂടിക്കൊണ്ടിരുന്നു. അതുകൊണ്ട് കുര്യാക്കോ തന്റെയും ഭാര്യയുടെയും പേരിൽ കിടന്ന വസ്തുക്കൾ ആൺ‌മക്കൾ രണ്ടുപേർക്കുംകൂടി വീതിച്ച് കുറെ വസ്തുക്കൾ രണ്ടു പേർക്കും നേരിട്ടു കൊടുക്കുകയും ബാക്കിയുള്ളവ തന്റെ കാലശേഷം രണ്ടുപേരും എടുക്കുന്നതിന് ഒരു വിൽ‌പത്രം എഴുതിവയ്ക്കുകയുംചെയ്തു.

കുര്യാക്കോയെ മക്കൾ “അപ്പച്ചി” എന്നു വിളിച്ചിരുന്നതിനാൽ ബാക്കി പരിചയക്കാരെല്ലാം ബഹുമാനാർഥം ആ പേരുതന്നെ വിളിച്ചിരുന്നു. ഏലി മരിച്ചശേഷം ഒൻ‌പതു വർഷംകൂടി കുര്യാക്കോ ജീവിച്ചു. തീരെ ക്ഷീണിതനായിരുന്നുവെങ്കിലും പള്ളിയിൽ തുടർന്നും പോകുകയും പുറത്തിറങ്ങി നടക്കുകയും ചെയ്തിരുന്നു. പിന്നീടു പുറത്തിറങ്ങി നടക്കാൻ പറ്റാതെ, എന്നാൽ തീർത്തു കിടപ്പാകാതെ മൂത്തമകൻ ചാക്കോയോടുകൂടെ ജീവിച്ചുപോന്നു. മരിക്കുന്നതിന് ഒരുമാസം മുമ്പു മുതൽ കിടപ്പാകുകയും ക്രമേണ അസുഖവും ക്ഷീണവും വർദ്ധിച്ചു വരുകയും ചെയ്തു. 1974 മെയ് 26ന് വൈകുന്നേരം അന്ത്യകൂദാശകൾ സ്വീകരിച്ചു. അന്നത്തെ കല്ലൂർ‌പള്ളി വികാരി ബഹു. ചെമ്മലക്കുഴി ഫിലിപ്പച്ചനിൽനിന്ന് അടച്ചുപ്രുശ്മാ സ്വീകരിച്ചാണു മരണമടഞ്ഞത്. മെയ് 27 ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് കോട്ടയം സഹായമെത്രാനായിരുന്നു അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ പ്രധാന കാർമ്മികത്വത്തിൽ, നേരത്തെ പണിതിർത്തിരുന്ന കുടുംബകല്ലറയിൽ ശവസംസ്കാരം നടത്തി. അനേകം വൈദികരും വലിയൊരു ജനാവലിയും സംസ്കാരകർമ്മങ്ങളിൽ സംബന്ധിച്ചു. തന്റെ മൂത്തമകൻ ചാക്കോയുടെ രണ്ടാമത്തെ മകൻ ബ്രദർ അബ്രാഹം അപ്പോൾ സെമിനാരിയിൽ പഠിക്കുകയായിരുന്നു. അങ്ങനെ തന്റെ മകന്റെ മകൻ ഒരു വൈദികനാകുവാൻ ഒരുങ്ങുന്നുണ്ടല്ലോ എന്ന സംതൃപ്തി ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ കുര്യാക്കോയ്ക്കുണ്ടായിരുന്നു.

മുത്തോലത്തു ചാക്കോയുടെ രണ്ടാമത്തെ മകൻ കുളപ്പുറത്ത് മത്തായി (ഉപ്പായി)

     മുത്തോലത്തു ചാക്കോയുടെ രണ്ടാമത്തെ മകൻ ഉപ്പായി എന്നു വിളിച്ചിരുന്ന മത്തായി 1887ൽ ജനിച്ചു. ചെറുപ്പത്തിൽ കളരിയിലെ പതിവുള്ള വിദ്യാഭ്യാസം കഴിഞ്ഞ് പിതാവിനോടും ജ്യേഷ്ഠൻ കുര്യാക്കോയോടുംകൂടി കൃഷികാര്യങ്ങളിൽ സഹകരിച്ചുപോന്നു.

ഏതാണ്ടു 17 വയസ്സു പ്രായമായപ്പോൾ പുന്നത്തുറ നല്ലിവീട്ടിൽ കുടുംബത്തിൽനിന്ന് ഏലിയെ വിവാഹം ചെയ്തു. മത്തായി ചെറുപ്പം മുതലെ കൃഷികാര്യങ്ങളിൽ തല്പരനായിരുന്നു. കൂടാതെ ജ്യേഷ്ഠൻ കുര്യാക്കോയോടുകൂടി കച്ചവടത്തിലും സഹകരിച്ചുപോന്നു.

കുറേ വർഷം തന്റെ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊത്തു താമസിച്ച ശേഷം മത്തായിയും ഭാര്യയും കുളപ്രത്തു പുരയിടത്തിൽ ഒരു പുരവെച്ച് അങ്ങോട്ടു താമസം മാറ്റി. അവർക്ക് യഥാക്രമം മറിയക്കുട്ടി എന്ന പെൺകുട്ടിയും, ചാക്കോ, തൊമ്മി, കുര്യാച്ചൻ എന്ന മൂന്ന് ആൺ‌മക്കളും ചിന്ന എന്ന പെൺകുട്ടിയും ജനിച്ചു.

കുറേ വർഷങ്ങൾക്കു ശേഷം തന്റെ സഹോദരങ്ങളോടുകൂടിയുള്ള കച്ചവടത്തിൽനിന്നു മത്തായി പങ്കു പിരിഞ്ഞ് തനതായി കൃഷികാര്യങ്ങളിൽ ഏർപ്പെട്ടുപോന്നു. പ്രായപൂർത്തിയാകുന്ന ക്രമത്തിൽ അദ്ദേഹത്തിന്റെ ആൺ‌മക്കളും അക്കാര്യത്തിൽ സഹായിച്ചിരുന്നു. മത്തായി തന്റെ ഭാഗത്തിൽ കിട്ടിയ വസ്തുക്കൾ കൂടാതെ രണ്ടു മൂന്നു പുരയിടങ്ങളും കുറെ നിലങ്ങളും വാങ്ങിച്ചു. ഭാര്യയും മക്കളും മറ്റു കുടുംബാംഗങ്ങളുമായി യോജിച്ചും സമാധാനത്തോടെയും സംതൃപ്തിയിലും ജീവിച്ചുപോന്നു.

മത്തായിയുടെ മൂത്തമകൾ മറിയക്കുട്ടിയെ 1932ൽ പൈങ്ങളത്തിൽ പഴയിടത്തു തോമ്മാച്ചനെക്കൊണ്ടു വിവാഹം ചെയ്യിച്ചു. മൂത്തമകൻ ചാക്കോയെ 1937ൽ ചെറുകരപള്ളി ഇടവക ഉഴാങ്കൽ ചിന്നമ്മയെക്കൊണ്ടും രണ്ടാമത്തെ മകൻ തൊമ്മിയെ 1940ൽ കുമാരനല്ലൂർ പൂഴിക്കുന്നേൽ അന്നമ്മയെക്കൊണ്ടും മൂന്നാമത്തെ മകൻ കുര്യാച്ചനെ 1943ൽ കല്ലറ വരിക്കമാംതൊട്ടിയിൽ അന്നമ്മയെക്കൊണ്ടും ഇളയമകൾ ചിന്നമ്മയെ നീണ്ടൂരു വെട്ടിക്കാട്ടിൽ കൊച്ചൂപ്പിനെക്കൊണ്ടും വിവാഹം ചെയ്യിച്ചു.

പെൺ‌മക്കൾക്കു സ്ത്രീധനം ആഭരണം മുതലായവ കൊടുത്തു തീർത്തതിനു ശേഷം ആൺ‌മക്കൾ മൂന്നുപേരെയും സഹകരിപ്പിച്ച് മത്തായി വസ്തുക്കൾ തനിക്കും ഭാര്യയ്ക്കും, മക്കൾ മൂന്നുപേർക്കും കൂടി ഭാഗിച്ചു. മൂത്തമകൻ ചാക്കോയ്ക്കും ഇളയമകൻ കുര്യാച്ചനും അവരുടെ വീതം പുരയിടത്തിൽ പുരപണികഴിപ്പിച്ച് അവർ രണ്ടുപേരും മാറിതാമസിച്ചു. രണ്ടമത്തെ മകൻ തൊമ്മിയോടുകൂടി ഉപ്പായി (മത്തായി)യും ഭാര്യയും കുളപ്പുറത്തു താമസിച്ചു.

ഏകദേശം 70 വയസ്സായപ്പോൾ ഉപ്പായി കൃഷികാര്യങ്ങളിൽനിന്നു പിന്മാറി ആദ്ധ്യാത്മിക ജീവിതത്തിൽ കൂടുതൽ തല്പരനായി സംതൃപ്തിയോടും ആരോഗ്യവാനായും ജീവിച്ചുപോന്നു. പിന്നീട് ഉപ്പായിക്കു 73 വയസ്സയപ്പോൾ നട്ടെല്ലിനു വേദനയും പനിയുമായി രോഗിയായി. ചികിത്സകൊണ്ടു ഫലമുണ്ടാകാതെ രണ്ടുമൂന്നാഴ്ചയോളം തീരെ കിടപ്പിലായി. ഭാര്യയുടെയും മക്കളുടെയും ശുശ്രൂഷ വേണ്ടുവോളം ഉണ്ടായിരുന്നു. അന്ത്യകൂദാശകൾ സുബോധത്തോടെ സ്വീകരിച്ച് 1960 ഡിസംബർ 31നു ഉപ്പായി മരിച്ചു. 1961 ജനുവരി ഒന്നാം തീയതി മൂന്നു നാലു വൈദികരുടെ കാർമ്മികത്വത്തിലും വലിയ ജന സാന്നിദ്ധ്യത്തിലും കല്ലൂർ പള്ളി സെമിത്തേരിയിൽ അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷ നടന്നു.

കുറേ വർഷങ്ങൾ കഴിഞ്ഞ് ഉപ്പായിയുടെ രണ്ടാമത്തെ മകൻ തൊമ്മിയും മൂന്നമത്തെ മകൻ കുര്യാച്ചനും തങ്ങളുടെ വീതം വസ്തുക്കൾ വിറ്റ് കൂടുതൽ കൃഷിസ്ഥത്തിനുവേണ്ടി പാലക്കാട്ടു സ്ഥലം വാങ്ങി അവിടേയ്ക്കു മാറി താമസിച്ചു. കുളപ്രത്തു താമസിച്ച തൊമ്മിയോടുകൂടി മാതാവ് ഏലിയും പാലക്കാട്ടു പോയി കുറേനാൾ താമസിച്ചു. എന്നാൽ പ്രായാധിക്യം മൂലവും അവിടുത്തെ കാലാവസ്ഥ പിടിക്കാതെ വന്നതിനാലും ഏലി പാലക്കാട്ടുനിന്നു ചേർപ്പുങ്കലേക്കു തിരികെവന്ന് മൂത്തമകൻ ചാക്കോയോടുകൂടെ അറയ്ക്കമറ്റത്തിൽ താമസിച്ചു. 1981 വരെ ഏലി 89 വയസ്സോളം കാര്യമായ അസുഖമില്ലാതെ ജിവിച്ചെങ്കിലും ക്രമേണ ചില അസുഖങ്ങൾ ആരംഭിക്കുകയും വീട്ടിൽ‌വെച്ചു വീണ് എളിക്കു കേടുപറ്റുകയും ചെയ്തു. അതേതുടർന്ന് ഏലിയുടെ ക്ഷീണം വർദ്ധിച്ച് മൂത്തമകൻ ചാക്കോയുടെ വീട്ടിൽ കിടന്നു മരിച്ചു.

അപ്പോൾ മുത്തോലത്തു കുര്യാക്കോയുടെ പൗത്രൻ ഫാ. ഏബ്രഹാം മുത്തോലത്ത് പുത്തൻ കുർബാന ചൊല്ലിയ ഉടനെയായിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ കാർമ്മികത്വത്തിലും മറ്റു വൈദികരുടെ സഹകരണത്തോടെയും ചേർപ്പുങ്കൽ കല്ലൂർ പള്ളിയിൽ ഏലിയുടെ സംസ്കാരം നടന്നു.

മുത്തോലത്തു ചാക്കോയുടെ മൂന്നാമത്തെ മകൻ കുരീക്കുന്നേൽ കുര്യൻ

 

     കുര്യൻ 1897ൽ മുത്തോലത്തു ചാക്കോയുടെ മുന്നമത്തെ മകനായി ജനിച്ചു. ചെറുപ്പത്തിൽ തന്നെ അന്നത്തെ നിലയിൽ കളരിയിൽനിന്ന് ആവശ്യത്തിനു വിദ്യാഭ്യാസം ലഭിച്ചു. മൂത്ത രണ്ടു സഹോദരന്മാരും മൂത്ത ഒരു സഹോദരിയും മാതാപിതാക്കളും ഉണ്ടായിരുന്നതുകൊണ്ട് അവരെ കുര്യൻ അനുസരിച്ചു പോന്നു. കുര്യനു പ്രായപൂർത്തിയായപ്പോൾ കൂടല്ലൂർ കളപ്പുരയ്ക്കൽ അന്നയെ വിവാഹം ചെയ്തു.

അപ്പോഴേയ്ക്കും മൂത്ത സഹോദരൻ കുര്യാക്കോ ചേർപ്പുങ്കൽ ചന്തയിൽ കച്ചവടം തുടങ്ങി. കുര്യൻ കച്ചവടത്തിലും കൃഷിയിലും സഹോദരന്മാരോട് സഹകരിച്ചുപോന്നു. കച്ചവടം ക്രമേണ അഭിവൃദ്ധിപ്പെട്ടു തുടങ്ങിയതോടുകൂടി മലഞ്ചരക്കു കച്ചവടം, പാക്കു വെട്ടി ഉണങ്ങി പാണ്ടി, തിരുനൽ‌വേലി തുടങ്ങിയ സ്ഥലങ്ങളിൽ വില്പന, നാളികേരം വെട്ട്, പലചരക്കു കച്ചവടം മുതലായവ കാരണം ഈ ചരക്കുകൾ എല്ലാം വില്ക്കുന്നതിനു കുര്യനാണ് സാധാരണ ആലപ്പുഴ, കൊച്ചി മുതലായ സ്ഥലങ്ങളിൽ പോയിരുന്നത്. അതിനാൽ പല പ്രമുഖരുമായി പരിചയപ്പെടുന്നതിനും എല്ലാ കാര്യങ്ങളിലും കൂടുതൽ അറിവു ലഭിക്കുന്നതിനും കുര്യന് ഇടയായി.

മറ്റെല്ലാവരെയുംകാൾ കണക്കിന് കൂടുതൽ പ്രാവീണ്യം കുര്യനുണ്ടായിരുന്നു. വസ്തു അളന്ന് ഏക്കർ സെന്റ് തെറ്റുകൂടാതെ തിട്ടപ്പെടുത്തുക, തടി അളക്കുക, കൂടാതെ എഞ്ചനീയറിംഗ് സംബന്ധമായ പല അറിവുകളും അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാരണത്താൽ കുര്യനെ സാധാരണ ജനങ്ങൾ “ബുദ്ധിമാൻ” എന്നു വിളിച്ചിരുന്നു.

കുര്യൻ ശോഷിച്ച ശരീരപ്രകൃതക്കാരനായിരുന്നു. മൂത്ത സഹോദരൻ കുര്യാക്കോയുടെ അനുസരണയിലാണ് കുര്യനും മറ്റു സഹോദരന്മാരും കച്ചവടത്തിൽ ഏർപ്പെട്ടിരുന്നത്. അങ്ങനെ കച്ചവടം അഭിവൃദ്ധിപ്പെടുവാനും ധാരാളം വസ്തുവകകൾ വാങ്ങിക്കുവാനും സാധിച്ചു.

1930 മുതൽ മലഞ്ചരക്കുകളുടെ വിലകുറയുകയും, കൂടിയ വിലക്കെടുത്ത ചരക്കുകൾ കുറഞ്ഞവിലക്കു വിൽക്കേണ്ടി വരികയും, ചേർപ്പുങ്കലിന് അടുത്തുള്ള കരകളിൽ കച്ചവടവും ചന്തയും ആരംഭിക്കുകയും ചെയ്തതിനാൽ ചേർപ്പുങ്കലെ കച്ചവടം ക്രമേണ ക്ഷയിക്കുവാൻ തുടങ്ങി. പിന്നീടു കുര്യന്റെയും സഹോരങ്ങളുടെയും പിതാവു ചാക്കോയ്ക്കു പ്രായമായതുകൊണ്ട് വസ്തുക്കൾ എല്ലാം ഭാഗം ചെയ്ത് എല്ലാവരും നല്ല നിലയിൽ പുരപണിതു മാറി താമസിച്ചു. അപ്പോൾ കുര്യൻ തന്റെ ഭാഗത്തിൽ കിട്ടിയ പതീപ്ലാക്കിയിൽ പുരയിടത്തിൽ പുതിയ പുര പണിതു താമസം തുടങ്ങി. കൂടാതെ കുര്യന്റെ വീതത്തിൽ വേറെ സ്ഥലങ്ങളും പീടികകെട്ടിടങ്ങളും നിലങ്ങളും ഉണ്ടായിരുന്നു.

കുടുംബവസ്തുക്കൾ ഭാഗം ചെയ്തശേഷം രണ്ടാമത്തെ സഹോദരൻ ഉപ്പായിയും ഇളയ സഹോദരൻ കുഞ്ഞേപ്പും കച്ചവടത്തിൽനിന്നു പങ്കുപിരിഞ്ഞു. പിന്നീടു കച്ചവടം മൂത്ത സഹോദരൻ കുര്യാക്കോയും കുര്യനുംകൂടി നടത്തിപ്പോന്നു.

പതീപ്ലാക്കിയിൽ താമസം തുടങ്ങി അധികം താമസിയാതെ കുര്യനു ചാക്കോ എന്ന പുത്രൻ ജനിച്ചു. കുര്യന്റെ ഭാര്യ അന്ന സുന്ദരിയും സൽ‌സ്വഭാവിയും ദൈവഭക്തയും ആയിരുന്നു. ചില അസുഖങ്ങൾ കാരണം കുറെ പ്രായം ആയതിനുശേഷമാണ് പ്രസവം ഉണ്ടായത്. അതുകൊണ്ട് മകൻ ചാക്കൊയെ വളരെ ഓമനിച്ചും കുട്ടപ്പൻ, കൊച്ച് എന്നുള്ള ഓമന പേരുവിളിച്ചു വളർത്തി. പിന്നീട് അന്നമ്മ, ഏലീശ്വാ, മേരി എന്നിങ്ങനെ മൂന്നു പെൺ‌കുട്ടികൾ ഉണ്ടായി. ഇവരെല്ലാം പതിയിൽ‌പ്ലാക്കിയിൽ താമസിച്ച കാലത്തുണ്ടായതാണ്.

കുര്യാക്കോയും കുര്യനുംകൂടിയുള്ള കച്ചവടത്തിൽ ഒരു നല്ല സംഖ്യ കടം ഉണ്ടായിരുന്നെങ്കിലും അതെല്ലാം കൊടുത്തു തീർത്ത് കുറേ വസ്തുക്കൾ തനതായി കുര്യാക്കോയുടെയും കുര്യന്റെയും വീതത്തിൽ വാങ്ങി. അങ്ങനെ കുര്യൻ സാമ്പത്തികമായി നല്ലനിലയിൽ ആയിരുന്നെങ്കിലും പതിയിൽ‌പ്ലാക്കിയിലെ താമസകാലത്ത് കുര്യനും മക്കൾക്കും മാറി മാറി അസുഖങ്ങൾ വന്നുകൊണ്ടിരുന്നു. 1940ൽ കുര്യനു് അസുഖംവന്നു വളരെ കൂടുതലായി മരിച്ചുപോകുമെന്ന നിലവരെ എത്തി. ദൈവസഹായത്താൽ അസുഖം മാറികിട്ടി. അവിടുത്തെ താമസകാലത്ത് കുടുംബാംഗങ്ങൾക്ക് മാറി മാറി അസുഖമായതുകൊണ്ടും, ഏറ്റവും ഇളയ മകൾ മേരി ചെറുപ്പത്തിൽ മരിച്ചതുകൊണ്ടും, കുര്യന്റെ ഭാര്യ അന്നയുടെ അഭിപ്രായത്തെകൂടി മാനിച്ച് പതിയിൽ‌പ്ലാക്കിയിലെ താമസം വേണ്ടെന്നു വയ്ക്കുകയും ആ പുരയിടത്തിനു തൊട്ടടുത്തു കുരീക്കുന്നേൽ പുരയിടം വാങ്ങിച്ച് ഒരു വീടു പണിത് 1946 മുതൽ അവിടെ താമസം തുടങ്ങി. രണ്ടു വർഷം കഴിഞ്ഞ് ജ്യേഷ്ഠൻ കുര്യാക്കോയുമായുള്ള കച്ചവടത്തിൽനിന്ന് കുര്യൻ പങ്കു പിരിഞ്ഞ് തനതായി ചെറിയ കച്ചവടവും കൃഷിയുമായി ജീവിച്ചു.

കുര്യനും ഭാര്യ അന്നയും തങ്ങളുടെ മക്കളെ വളരെ വാത്സല്യത്തോടുകൂടി വളർത്തി, കുര്യൻ തന്റെ മാതാപിതാക്കളോടും സഹോദരങ്ങളോടും അവരുടെ മക്കളോടും വളരെ സ്നേഹമുണ്ടായിരുന്നു. മറ്റുള്ളവരുടെ പ്രയാസങ്ങൾക്കു പ്രതിവിധി പറഞ്ഞുകൊടുക്കുവാനും ഉപദേശങ്ങൾ നല്കാനും കുര്യന് കഴിവും സന്നധതയും ഉണ്ടായിരുന്നു.

മുത്തോലത്തു (കുരീക്കുന്നേൽ) കുര്യന്റെ മകൻ ചാക്കോയ്ക്കു പ്രായപൂർത്തിയായപ്പോൾ അദ്ദേഹത്തെ നീണ്ടൂർ കല്ലടാന്തിയിൽ നിന്നുള്ള അന്നമ്മയെകൊണ്ട് വിവാഹം ചെയ്യിച്ചു. കുര്യന്റെ മൂത്തമകൾ അന്നമ്മയെ കൊങ്ങാണ്ടൂർ ചാരാത്ത് കുടുംബത്തിൽ‌നിന്ന് സ്റ്റേറ്റ് ബാങ്ക് ജോലിക്കാരനായിരുന്ന തോമസിനെക്കൊണ്ടും, രണ്ടാമത്തെ മകൾ ഏലീശ്വായെ കീഴൂർ കാലായിൽ ചാക്കോച്ചനെക്കൊണ്ടും വിവാഹം ചെയ്യിച്ചു. അങ്ങനെ മക്കളെ മൂവരെയും നല്ലനിലയിൽ വിവാഹം കഴിപ്പിക്കുവാൻ സാധിച്ചു. പെൺ‌മക്കൾക്കുവേണ്ട സ്ത്രീധനവും ആഭരണവും മറ്റു ജംഗമ വസ്തുക്കളും കൊടുക്കുവാൻ കുര്യന് അല്പം ബുദ്ധിമുട്ടു വന്നെങ്കിലും അവയെല്ലാം കൊടുത്തു തീർക്കുന്നതിൽ തല്പരനായിരുന്നു.

കുര്യന്റെ മകൻ ചാക്കോയുടെ ഭാര്യ അന്നമ്മ കുടുംബകാര്യങ്ങൾ എല്ലാം വേണ്ടതുപോലെ അന്വേഷിച്ചു പ്രവർത്തിക്കുവാൻ കഴിവുള്ളവളായിരുന്നുവെന്നു മനസ്സിലായതിൽ കുര്യനു വളരെ അഭിമാനവും സന്തോഷവുമുണ്ടായിരുന്നു. മകന്റെ മക്കളെയും പെൺ‌മക്കളുടെ മക്കളെയും സ്നേഹിച്ചും വാത്സല്യത്തോടെയും വളർത്തുന്നതിൽ കുര്യനും ഭാര്യ അന്നയും ഒരുപോലെ തല്പരരായിരുന്നു. കുര്യൻ തന്റെ മകന്റെ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി, അവരുടെ മാതാപിതാക്കളുടെ താല്പര്യം‌പോലെ പണം ചെലവു ചെയ്യുന്ന കാര്യത്തിൽ മടിയില്ലായിരുന്നു. വസ്തുക്കൾ ധാരാളം ഉണ്ടായിരുന്നതുകൊണ്ടും ഒരുമകനേ ഉണ്ടായിരുന്നുള്ളു എന്നതുകൊണ്ടും, നേരിട്ട് അന്വേഷിക്കുവാനുണ്ടായ ബുദ്ധിമുട്ടു പരിഗണിച്ചും കുറച്ച് അകലെയുണ്ടായിരുന്ന ഒരു വസ്തു കുര്യൻ വിറ്റ് മകന്റെ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രയോജനപ്പെടുത്തി. കുര്യന്റെ ഏകമകൻ ചാക്കോകൂടി കൃഷികാര്യങ്ങളിൽ സഹകരിക്കുവാൻ തുടങ്ങിയതോടെ സാമ്പത്തികനില കുറേക്കൂടി മെച്ചപ്പെട്ടു. അങ്ങനെ കുടുംബാംഗങ്ങൾ ഏവരും സമധാനപരമായ ജീവിതം നയിച്ചുവന്നു.

കുര്യന്റെ ഭാര്യ അന്നക്കു ഏകദേശം 60 വയസ്സായപ്പോൾ, ആരോഗ്യം അല്പം കുറയുകയും, തന്റെ മകന്റെ ഭാര്യ വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്നതിനു പ്രാപ്തയാണെന്നു മനസ്സിലാക്കുകയും ചെയ്തതുകൊണ്ട്, കുടുംബാന്വേഷണ ചുമതലയിൽനിന്നു അല്പം വിരമിച്ച് ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കുവാൻ തുടങ്ങി. ചെറിയ അസുഖങ്ങൾ ഉണ്ടെങ്കിലും അവ വകവയ്ക്കാതെ, കുറെ അകലെയുള്ള പള്ളിയിൽ ദിവസവും പോയിരുന്നു. കൂടാതെ പള്ളിയിലെ പല ഭക്തസംഘടനകളിൽ ചേർന്ന് അവയുടെ നിയമമനുസരിച്ച് ഭക്തകൃത്യങ്ങൾ ചെയ്തിരുന്നു. പ്രാർത്ഥനായോഗങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലും പോയി പങ്കെടുത്തിരുന്നു. ദരിദ്രരോടു സ്നേഹമായി പെരുമാറുകയും അവരെ സഹായിക്കുവാൻ തന്നാലാവതു ചെയ്യുകയും ചെയ്തിരുന്നു.

കുര്യന്റെ ഭാര്യ അന്ന അങ്ങനെ അത്മീയതയിൽ കേന്ദ്രീകരിച്ചു ജീവിച്ചുവരവെ 80 വയസ്സു പ്രായമുള്ളപ്പോൾ തീരെ സുഖമില്ലാതിരുന്നുവെങ്കിലും കല്ലൂർ പള്ളിയിൽ ലീജിയൺ ഓഫ് മേരി സംഘടനയുടെ പ്രാർത്ഥനായോഗത്തിൽ സംബന്ധിച്ചശേഷം വൈകുന്നേരം വീട്ടിലേയ്ക്കു മടങ്ങുന്ന വഴിയിൽ‌വച്ച് തലകറങ്ങി വീഴുകയും ബോധം മറയുകയും ചെയ്തു. ഉടനെ അന്നയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ന ഉടനെ മരണമടഞ്ഞു. താൻ മരിക്കുമെന്ന ഭയമോ പ്രയാസമോ കൂടാതെ സാധാരണക്കാർക്കു ലഭിക്കാത്ത ഒരു ഭാഗ്യമരണം അന്നക്കു ലഭിച്ചു. ശവസംസ്കാരം പിറ്റേന്ന് ഉച്ചകഴിഞ്ഞ് കുര്യന്റെ മരുമകന്റെ മകൻ ബഹു. തോമസ് കോട്ടൂരച്ചന്റെ കാർമ്മികത്വത്തിലും അന്നത്തെ വികാരി ബഹു. അബ്രാഹം കൊച്ചുപറമ്പിൽ അച്ചന്റെയും മറ്റ് അനവധി വൈദികരുടെയും കുര്യന്റെ ജ്യേഷ്ഠന്റെ മകന്റെ മകൻ അന്നു ശെമ്മാച്ചനായിരുന്ന ബ്രദർ അബ്രാഹം മുത്തോലത്തിന്റെയും സഹകരണത്തിൽ നടന്നു.

അപ്പോഴേക്കും കുര്യനു വാർദ്ധക്യം ആയെങ്കിലും മകന്റെയും മരുമകളുടെയും സംരക്ഷണം നന്നായി ഉണ്ടായിരുന്നതുകൊണ്ട് ഭാര്യ മരിച്ചതിലുള്ള വിഷമം അധികം ബാധിക്കാതെ കഴിഞ്ഞുപോന്നു. കുര്യന്റെ മകൻ ചാക്കോയ്ക്ക് മേഴ്സി, കുഞ്ഞുമോൾ, സണ്ണി, സാബു, ജിജുമോൾ എന്നിങ്ങനെ മൂന്നു പെൺ‌മക്കളും രണ്ട് ആൺ‌മക്കളും ഉണ്ടായി. ഇവർ എല്ലാവരും നല്ലനിലയിൽ പഠിച്ചുവന്നു. മകന്റെ ഭാര്യ അന്നമ്മയുടെ ഒരു സഹോദരി അമേരിക്കയിൽ നേഴ്സായി ജോലിചെയ്തിരുന്നതിനാൽ അവൾവഴി മകന്റെ മക്കൾ എല്ലാവരും അമേരിക്കയിൽ എത്തി. അവരെ ജോലിയും പഠനവുമായി കഴിഞ്ഞതിൽ കുര്യനു വളരെ സന്തോഷമായി. മൂത്ത പെൺ‌മക്കൾ രണ്ടുപേരും വിവാഹിതരായി അവരുടെ ഭർത്താക്കന്മാരോടൊത്ത് അമേരിക്കയിൽ എത്തിക്കണുന്നതിനു കുര്യനു സാധിച്ചു.

കുര്യനും കുടുംബവും താമസിച്ചിരുന്ന കുരുവിക്കുന്നേലെ വീട് പൊതുവഴിയിൽനിന്നു കുറെ ഉള്ളിലേക്കു കയറി ആയിരുന്നതുകൊണ്ട് വീട്ടിലേക്കു വാഹനം കൊണ്ടുവരുവാൻ കഴിഞ്ഞിരുന്നില്ല. വേനൽകാലത്ത് വീടിനോടു ചെർന്നുള്ള കിണർ വറ്റിയിരുന്നു. ഇക്കാരണങ്ങളാൽ കുര്യന്റെവക ചേർപ്പുങ്കൽ കവലക്കു സമീപമുള്ള പീടികകെട്ടിടം പൊളിച്ച് കുര്യന്റെ താല്പര്യത്തോടുകൂടി, മകൻ ചാക്കോച്ചൻ ആധുനിക രീതിയിൽ ഒരു രണ്ടുനില വീടു പണിയിച്ചു. അമേരിക്കയിലുള്ള മക്കളുടെ നിർലോഭ സഹകരണംകുടി ഉണ്ടായിരുന്നതുകൊണ്ട് അതിന്റെ നിർമ്മാണം ഒരു വർഷംകൊണ്ട് പൂർത്തിയാക്കുവാൻ സാധിച്ചു.

ഈ ഭവന നിർമ്മാണ സമയത്ത് വാർദ്ധക്യസഹജമായ ക്ഷീണം‌മൂലം കുര്യൻ കിടപ്പിലായിരുന്നു. എങ്കിലും കെട്ടിടം പണിയുടെ പുരോഗതിയെപ്പറ്റി അന്വേഷിച്ചുകൊണ്ടിരുന്നു. 1986ൽ കുര്യനും മകൻ ചാക്കോയും മകന്റെ ഭാര്യ അന്നമ്മയും പുതിയ ഭവനത്തിലേക്കു മാറിതാമസിച്ചു. പുതിയ വീടു കണ്ടു സംതൃപ്തനാകുകയും തന്റെ മകനും മകന്റെ മക്കൾക്കും സാമ്പത്തിക പുരോഗതിയിൽനിന്നു പുരോഗതിയിൽ എത്തുമെന്നുള്ള പ്രത്യാശയോടുകൂടി ഇരിക്കവേ കുര്യനു വീണ്ടും ക്ഷീണം വർദ്ധിച്ചു. ഏകദേശം ഒരു വർഷത്തോളം പുതിയ ഭവനത്തിൽ താമസിച്ച് മക്കളുടെ സംരക്ഷണം ലഭിച്ച് 1984 മാർച്ച് 11നു മരിച്ചു. കല്ലൂർ പള്ളിയിലെ സെമിത്തേരിയിൽ കുടുംബകല്ലറ പണിത് അതിൽ പിറ്റേദിവസം അടക്കി. കുര്യന്റെ ജ്യേഷ്ഠന്റെ മകന്റെ മകൻ ഫാ. ഏബ്രഹാം മുത്തോലത്തിന്റെ മുഖ്യകാർമ്മികതത്വത്തിലും മറ്റനവധി വൈദകരുടെ സഹകാർമ്മികത്വത്തിലും ഒട്ടേറെ ജനങ്ങളുടെ സാന്നിദ്ധ്യത്തിലുമാണ് സംസ്കാരകർമ്മങ്ങൾ നടന്നത്.

മുത്തോലത്തു ചാക്കോയുടെ നാലാമത്തെ മകൻ ജോസഫ് (കുഞ്ഞേപ്പ്)

     കുഞ്ഞേപ്പ് എന്ന് വിളിച്ചിരുന്ന ജോസഫ് 1908ൽ മുത്തോലത്തു ചാക്കോയുടെ ഏറ്റവും ഇളയവനും ആൺ‌മക്കളിൽ നാലാമനുമായി ജനിച്ചു. കുഞ്ഞേപ്പു ജനിക്കുമ്പോൾ മുത്തോലത്തു കുടുംബത്തിനു കച്ചവടത്തിലും കൃഷിയിലുമായി അഭിവൃദ്ധിപ്രാപിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടു കുഞ്ഞേപ്പു ചെറുപ്പത്തിലെ വിഷമം ഒന്നു അറിയാതെ ജീവിച്ചു. അക്കാലത്തു പ്രൈമറി സ്കൂളിലെ നാലാം ക്ലാസുവരെയുള്ള വിദ്യാഭ്യാസം കഴിഞ്ഞ് പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ ചേർത്തു പഠിപ്പിച്ചു. അവിടുത്തെ പഠനം കഴിഞ്ഞ് കുഞ്ഞേപ്പിനെ വൈദികനാക്കണമെന്നു പിതാവു ചാക്കോയും സഹോദരങ്ങളും ആഗ്രഹിച്ചിരുന്നു. എന്നാൽ പാലായിൽ മൂന്നു വർഷം പഠിച്ചു കഴിഞ്ഞപ്പോൾ കുഞ്ഞേപ്പ് ആ വർഷം തോൽ‌ക്കുകയും പഠനത്തിൽ താല്പര്യം കുറയുകയും ചെയ്തതുകൊണ്ട് 17 വയസ്സു പ്രായമുള്ളപ്പോൾ പൈങ്ങളത്തിൽ വട്ടപ്പറമ്പേൽ കുടുംബത്തിൽനിന്നു ബ്രജീത്തായെ അന്നത്തെ നിലയിൽ വലിയ തുകയായ 500 രൂപാ സ്ത്രീധനം ഒത്തു വിവാഹം കഴിച്ചു. കുടുംബത്തിലെ അവസാന വിവാഹമായതിനാൽ കല്യാണം വളരെ ആഘോഷമായി നടത്തി.

ബ്രജീത്താ സുന്ദരിയും വീട്ടു ജോലികൾ ചെയ്യുന്നതിൽ മിടുക്കിയും ആയിരുന്നു. വിവാഹത്തിനുശേഷം ഏഴു വർഷം കഴിഞ്ഞ് ബ്രജീത്താ കുഞ്ഞുപെണ്ണ് എന്നു വിളിക്കുന്ന അന്നയെ പ്രസവിച്ചു. പ്രസവശേഷം ഒരു കൊല്ലം കഴിഞ്ഞപ്പോൾ ബ്രജീത്തായ്ക്കു തന്റെ മരിച്ചുപോയ സഹോദരിയെപ്പോലെ ക്ഷയരോഗം പിടിപെട്ടു. ഒരു വർഷത്തോളം ചികിത്സ ചെയ്തിട്ടും രോഗം കലശലായി വട്ടപ്പറമ്പേൽ ഭവനത്തിൽ‌വച്ചു മരിച്ചു.

പിന്നീടു കുഞ്ഞേപ്പ് 1935ൽ കല്ലറ ചോരത്തുനിന്നും കുഞ്ഞന്നയെ വിവാഹം ചെയ്തു. കുഞ്ഞന്ന സൽ‌സ്വഭാവിയും സാധുവുമായിരുന്നു. വിവാഹം കഴിഞ്ഞു നാലഞ്ചു വർഷങ്ങൾക്കുശേഷം സിസിലിയെന്ന പെൺകുട്ടിയെ കുഞ്ഞന്ന പ്രസവിച്ചു. കുറേനാൾ കഴിഞ്ഞപ്പോൾ കുഞ്ഞന്നയ്ക്കു രോഗം പിടിപെടുകയും ചികിത്സകൊണ്ടു കാര്യമായ കുറവു കാണാതിരുന്നതുകൊണ്ട് സ്വന്തം വീടായ ചോരത്തു താമസിച്ചു ചികിത്സിച്ചുകൊണ്ടിരുന്നെങ്കിലും രോഗം വർദ്ധിച്ചു മൂന്നു വർഷം കഴിഞ്ഞപ്പോൾ മരിച്ചു.

കുഞ്ഞേപ്പിന്റെ മാതാപിതാക്കൾ മരിച്ചുപോയതുകൊണ്ടും, തന്റെ രണ്ടു പെൺ‌മക്കളെ സംരക്ഷിക്കുവാൻ ആളില്ലാഞ്ഞതുകൊണ്ടും കുഞ്ഞേപ്പ് 1946ൽ തൊടുപുഴ അടുത്ത് മുട്ടം കരയിൽ തൂക്കുംകൂട്ടിൽ മറിയാച്ചിയെ വിവാഹം ചെയ്തു. അതിൽ ചാക്കോച്ചൻ, കുഞ്ഞമ്മ, ലൂക്കാച്ചൻ, ഡയ്സി, ത്രേസ്യാമ്മ എന്നിങ്ങനെ രണ്ട് ആൺ‌മക്കളും മൂന്നു പെൺ‌മക്കളും ജനിച്ചു.

കുഞ്ഞേപ്പു നല്ല അദ്ധ്വാനശീലനും കൃഷിക്കാരനും മാന്യനുമായിരുന്നു. അതുകൊണ്ട് പിതാവിന്റെ വീതത്തിൽ കിട്ടിയ വസ്തുക്കൾ കൂടാതെ കുറെ വസ്തുക്കളും നിലങ്ങളും വാങ്ങിക്കുകയും മൂന്നു മുറിയിൽ ഒരു പീടിക കെട്ടിടം വാങ്ങുകയും ചെയ്തു. അങ്ങനെ സ്വന്തം നിലയിൽ സാമ്പത്തികമായി കുഞ്ഞേപ്പ് പുരോഗതി കൈവരിച്ചു.

കുഞ്ഞേപ്പിന്റെ ആദ്യ വിവാഹത്തിലെ മൂത്തമകൾ കുഞ്ഞുപെണ്ണിന്റെ വിദ്യാഭ്യാസം കഴിഞ്ഞ് അവളെ പുന്നത്തുറ കടിയം‌പള്ളിയിൽ ജോർജിനെക്കൊണ്ട് വിവാഹം ചെയ്യിച്ചു. അവർക്ക് മൂന്ന് ആൺ‌മക്കളും മൂന്നു പെൺ‌മക്കളും ഉണ്ടായി.

കുഞ്ഞേപ്പിന്റെ രണ്ടാമത്തെ വിവാഹത്തിലുള്ള മകൾ സിസിലിക്ക് ചെറുപ്പത്തിൽ ആരോഗ്യം കുറവായിരുന്നെങ്കിലും പഠിക്കുവാൻ മിടുക്കിയും സൽ‌സ്വഭാവിയുമായിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷ പാസ്സായശേഷം അവളുടെ ആഗ്രഹപ്രകാരം വിജയവാഡായിലെ ഒരു സന്യാസിനി സമൂഹത്തിൽ അവൾ ചേർന്ന് ഒരു ഉത്തമ സന്യാസിനിയായി അവിടുത്തെ സഭയിൽ സേവനം ചെയ്തുകൊണ്ടിരിക്കുന്നു.

മൂന്നാമത്തെ വിവാഹത്തിലെ മൂത്തമകൾ കുഞ്ഞമ്മയെ എസ്.എസ്.എൽ.സി. വരെ പഠിപ്പിച്ചശേഷം കല്ലറ കുടിലിൽ കുടുംബത്തിൽ മത്തായിയെക്കൊണ്ടു വിവാഹം ചെയ്യിച്ചു. കുഞ്ഞമ്മയ്ക്ക് രണ്ട് ആൺ‌മക്കളും രണ്ടു പെൺ‌മക്കളും ഉണ്ട്. മത്തായിയുടെ ജ്യേഷ്ഠൻ വൈദികനായ ബഹു. ജെയിംസ് കുടിലിൽ അച്ചൻ വടക്കേ അമേരിക്കയിൽ സേവനം ചെയ്യുന്നതിനാൽ അദ്ദേഹത്തിന്റെ പരിശ്രമഫലമായി അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള സഹോദരീസഹോദരങ്ങളെ അമേരിക്കയിൽ വരുത്തിയ കൂട്ടത്തിൽ മത്തായിയും കുഞ്ഞമ്മയും അവരുടെ നാലുമക്കളും 1988ൽ അമേരിക്കയിൽ വന്നു. അവർ അമേരിക്കയിൽ സ്വന്തമായി വീടുവാങ്ങിച്ച് സുഖമായി കഴിയുന്നു.

കുഞ്ഞേപ്പിന്റെ നാലാമത്തെ മകൾ ഡൈയ്സിയെ എസ്.എസ്.എൽ.സി. വരെ പഠിപ്പിച്ചശേഷം വെട്ടിമുകളേൽ മുരിയമ്യാലിൽ കുടുംബത്തിലെ സൈമണെക്കൊണ്ടു വിവാഹം ചെയ്യിച്ചു.

കുഞ്ഞേപ്പിന്റെ ഏറ്റവും ഇളയമകൾ ത്രേസ്യാമ്മ ചെറുപ്പം മുതലേ രോഗിയും ചെറിയ ശരീരമുള്ളവളുമായിരുന്നു. അവളെ പ്രീഡിഗ്രിവരെ പഠിപ്പിച്ചുകഴിഞ്ഞ് അവൾക്കു വിവാഹാലോചനകൾ പറഞ്ഞുകൊണ്ടിരുന്ന അവസരത്തിൽ കുഞ്ഞേപ്പിനു വാർദ്ധക്യ സഹജമായ രോഗം‌ പിടിപെട്ടു 1984 നവംബർ 11നു മരിച്ചു. മരിക്കുമ്പോൾ കുഞ്ഞേപ്പിന്റെ വകയായി ത്രേസ്യാമ്മയെ കെട്ടിക്കുന്നതിനുവേണ്ടി ഒരു നല്ല തുക ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. അതിനാൽ കുഞ്ഞേപ്പിന്റെ മരണശേഷം ത്രേസ്യാമ്മയെ വിവാഹം ചെയ്യിക്കുവാൻ അവളുടെ സഹോദരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായില്ല. അവളെ അരീക്കര തണ്ടലോനിക്കൽ തോമസിനെക്കൊണ്ട് 1988ൽ വിവാഹം ചെയ്യിച്ചു. അവൾക്ക് ടെത്സൺ എന്നൊരു മകനുണ്ട്.

കുഞ്ഞേപ്പിന്റെ മൂത്തമകൻ ചാക്കോച്ചൻ കൈപ്പുഴ കോട്ടൂർ മത്തായിയുടെ മകൾ ചിന്നമ്മയെക്കൊണ്ട് വിവാഹം ചെയ്യിച്ചു. അവർക്ക് മൂന്നു പെണമക്കൾ ഉണ്ട്.

കുഞ്ഞെപ്പിന്റെ രണ്ടാമത്തെ മകൻ ലൂക്കാച്ചൻ ചേർപ്പുങ്കൽ പുതിയവീട്ടിൽ ബിസിനസ്സുകാരനായ മത്തായിയുടെ (കൊച്ചിന്റെ) ഏക മകൾ അന്നമ്മയെക്കൊണ്ടു വിവാഹം ചെയ്യിച്ചു.

ത്രേസ്യാമ്മ ഒഴികെ മറ്റു പെൺ‌മക്കളുടെ വിവാഹം കഴിഞ്ഞ് അവർക്കു കൊടുക്കേണ്ട അവകാശങ്ങളെല്ലാം കൊടുത്തു തീർത്തശേഷം, കുഞ്ഞേപ്പ് തന്റെ വസ്തുവകകൾ എല്ലാം രണ്ട് ആൺ‌മക്കൾക്ക് തുല്യമായും, ത്രേസ്യാമ്മയുടെ വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഒരു ഏക്കർ റബർ തോട്ടവും തനിക്കും ഭാര്യക്കുമായി ഒരു വീതവുംകൂടി ഭാഗംചെയ്തു. മൂത്തമകൻ ചാക്കോച്ചൻ അവന്റെ വീതമായ കുളപ്പുറത്തു പുരയിടത്തിൽ നേരത്തെ ഉണ്ടായിരുന്ന പുര നന്നാക്കി താമസിക്കുന്നു. ലൂക്കാച്ചൻ അവന്റെ വീതമായ മുത്തോലത്തു തറവാട്ടിൽ താമസിക്കുന്നു. ആൺ‌മക്കൾ രണ്ടു പേരുടെയും വീതത്തിൽ അവരുടെ ആവശ്യത്തിനുവേണ്ട വസ്തുക്കളും നിലങ്ങളുമുണ്ട്. മൂത്തമകൻ ചാക്കോച്ചൻ കൃഷികാര്യങ്ങളിലും രണ്ടാമത്തെ മകൻ ലൂക്കാച്ചൻ ബിസിനസിലും കൃഷിയിലുമായി സാമ്പത്തിക പുരോഗതിയിൽ കഴിയുന്നു.

1984ൽ കുഞ്ഞേപ്പിനു 76 വയസ്സു പ്രായമുള്ളപ്പോൾ തലച്ചോറു സംബന്ധമായ അസുഖം പിടിപെടുകയും ചികിത്സകൊണ്ടു കുറവുവരാതെ രണ്ടു മാസത്തോളം കിടപ്പായി മരിച്ചു. മരിക്കുമ്പോൾ മക്കൾ എല്ലാവരും മറ്റു ബന്ധുക്കളും അടുത്തുണ്ടായിരുന്നു. തന്റെ ഇളയമകൾ ത്രേസ്യാമ്മയുടെ വിവാഹം മാത്രം നടന്നില്ലല്ലോ എന്നതു നീക്കി ബാക്കി കാര്യങ്ങളിൽ കുഞ്ഞേപ്പ് സംതൃപ്തനായിരുന്നു. ശവസംസ്കാരം പിറ്റേദിവസം കല്ലൂർ പള്ളി സെമിത്തേരിയിൽ കുഞ്ഞേപ്പിനുവേണ്ടി നിർമ്മിച്ച കുടുംബകല്ലറയിൽ നടത്തി. സംസ്കാര ശുശ്രൂഷ തന്റെ മൂത്ത ജ്യേഷ്ഠന്റെ മകന്റെ മകൻ ഫാ‍ദർ ഏബ്രഹാം മുത്തോലത്തിന്റെ മുഖ്യ കാർമ്മികത്വത്തിലും മറ്റു പല വൈദികരുടെയും അനേകം ജനങ്ങളുടെ സഹകരണത്തിലും നടന്നു.

Copy Right © 2025 All Rights Reserved