Kuriakko Chacko Mutholathu

Kuriakko Chacko Mutholathu

Kuriakko Chacko Mutholath was born in 1884 in Cherpunkal Mutholath family. He was a very popular businessperson in Cherpunkal. He was charitable, credible, and hardworking. Kuriakko supported his parents and siblings during the difficult times of the family.

While Kuriakko was growing up, his father Chacko had inherited Mutholath tharavad, Maliekal purayidam and a paddy field called Chethimattam. It was a time of poverty in Kerala. Kuriakko’s father Chacko worked hard and controlled the expenses to bring up his family. As his children grew up, he got their support for agricultural work.

Kuriakko, who was the eldest in his family, helped his father in agriculture after his education. Since he was smart and hardworking, a businessman from Athirampuzha asked to help him in business. Thus, Kuriakose began to learn business. Later he started his own business with the cooperation of his brothers.

He had saved some money from his salary and the rest he got as loan from chitti and he also got financial support from his father. His business was to buy groceries from Athirampuzha and sell at Cherpunkal market. Kuriako’s father and brothers cooperated well in the business. Because of the hard work and moderate expenditure of Chacko and his children, they could improve in business and agriculture. Business was very prosperous till the First World War. Because of the war, the economy went bad and it affected his business. He recovered from it later.

Because of the improvement in business and agriculture by the combined effort of the family members, within 15 years they could buy many plots of land including Kuzhimulavelippurath, Kulappurath, Asarikkunnumpuram, part of Puthiyaveettil property, Thottiyil, Pathiplakkil, paddy fields in different places, Paddy fields in Neendoor, and some shops in Cherpunkal junction.

Since the wealth and popularity increased, the children could get marriage relations from good families. The eldest son Kuriakko married Aley Kadiyampallil from Punnathura at an early age. Aley was only 12 when she got married to Kuriako. Child marriage was common at that time.

Under the initiative of Chacko and leadership of Kuriako, all properties in the name of both of them were consolidated and justly divided among the brothers with their full consent. Ouseph, the youngest was assigned the Mutholath house and property to live with the parents. Kuriako moved to Maliekal, Uppai to Kulappurath, and Kurian to Pathiplakkil. Separate houses were built in each property.

When his father Chacko died and his mother Anna got old, Kuriako brought her to Maliekal to live with him.

Kuriakko died on May 26, 1974 at Kizhakke-varikattu house Cherpunkal. His burial was on May 27, 1974 at Cherpunkal Kalloor Church. His wife Aley Kadiyampallil died on July 25, 1965 in Pala Government Hospital and was buried on July 26, 1965, Cherpunkal Kalloor Church.

Children of Kuriakko Mutholath and Aley Kadiyampallil are:

1. ANNAKKUTTY Mattappallil, Karimkunnam

2. M.C. CHACKO Mutholath (Kizhakke Varkattu)

3. M.C. KORAH Mutholath (Maliekal)


മുത്തോലത്തു കുര്യാക്കോ

മുത്തോലത്തു കുര്യാക്കോ 1884ൽ പിതാവായ ചാക്കോയ്ക്കു 21 വയസ്സുള്ളപ്പോൾ ജനിച്ചു. ചെറുപ്പം മുതലേ ചുണക്കുട്ടിയായി വളർന്നു. അന്നത്തെ നിലയിൽ കളരിയിൽ ആവശ്യത്തിനുവേണ്ട വിദ്യാഭ്യാസം കഴിഞ്ഞ് പിതാവു ചാക്കോയോടുകൂടി കൃഷികാര്യങ്ങളിൽ ഏർപ്പെട്ടുപോന്നു. അങ്ങനെയിരിക്കെ കുര്യാക്കോ ചെറുപ്പത്തിൽ‌തന്നെ പുന്നത്തുറ കടിയം‌പള്ളിയിൽ കുടുംബത്തിലെ ഏലിയെ വിവാഹം ചെയ്തു. ഏലി വിവാഹിതയായി മുത്തോലത്തു കുടുംബത്തു വരുമ്പോൾ അവൾക്ക് 12 വയസേ പ്രയമുണ്ടായിരുന്നുള്ളു. എങ്കിലും അവൾ ആരോഗ്യവതിയും സൽ‌സ്വഭാവിയും, വീട്ടിലെ അടുക്കള പണികളെല്ലാം ഭംഗിയായി നടത്തുന്നവളും ആയിരുന്നു. തന്റെ ഭാര്യയെക്കാൾ കാര്യപ്രാപ്തിയുള്ള മരുമകളെ കിട്ടിയതിൽ ചാക്കോ സംതൃപ്തനായിരുന്നു.

അക്കാലത്ത് ചേർപ്പുങ്കൽ കവലയിൽ പലചരക്കു കച്ചവടം നടത്തിയിരുന്ന അതിരമ്പുഴക്കാരൻ ചെറുപ്പക്കാരനായ കുര്യാക്കോയെ കാണുകയും തന്റെ കച്ചവടത്തിൽ സഹായിക്കുവാൻ ക്ഷണിക്കുകയും ചെയ്തു. കുര്യാക്കോ അതിരമ്പുഴക്കാരന്റെ ശമ്പളക്കാരനായി നിന്നുകൊണ്ട് കച്ചവടത്തെപ്പറ്റി പഠിക്കുകയും, ശമ്പളം കിട്ടിയ തുക സൂക്ഷിച്ചുവച്ച് ഒന്നുരണ്ടു ചിട്ടിയിൽ കൂടി അതു പിടിച്ച് എടുത്ത രൂപയും, തന്റെ പിതാവു കൊടുത്ത കുറച്ചു രൂപയും കൂടി സംഭരിച്ച് അതിരമ്പുഴ ചന്തയിൽ‌പോയി കുറേശേ പലചരക്കുകൾ എടുത്തു ചേർപ്പുങ്കൽ ചന്തയിൽ തനതായി കച്ചവടം ആരംഭിച്ചു. അക്കാലത്ത് ചേർപ്പുങ്കൽചന്ത കൂടാതെ അടുത്തു പാലായിൽ മാത്രമേ ചന്ത ഉണ്ടായിരുന്നുള്ളു. ചേർപ്പുങ്കലിന്റെ അടുത്തുള്ള കൊഴുവനാൽ, കിഴവുംകുളം, ചെമ്പിളാവ്, കുമ്മണ്ണൂർ, കിടങ്ങൂർ, കൂടല്ലൂർ, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം മുതലായ സ്ഥലങ്ങളിൽ ഉള്ളവർ എല്ലാം ചേർപ്പുങ്കൽ ചൊവ്വയും വെള്ളിയും ഉള്ള ചന്ത ദിവസങ്ങളിൽ മലഞ്ചരക്കുകൾ കൊണ്ടുവന്നു വില്ക്കുകയും, ആവശ്യമുള്ള മറ്റു സാധനങ്ങൾ വാങ്ങിക്കുകയും ചെയ്തുകൊണ്ടിരുന്നു. ആ അവസരങ്ങളിൽ ചേർപ്പുങ്കൽ ചന്ത അഭിവൃദ്ധിപ്പെട്ടികൊണ്ടിരുന്നു. അക്കാലത്തു ചേർപ്പുങ്കലിൽ പുറത്തുനിന്നു ധാരാളം കച്ചവടക്കാർ ഉണ്ടായിരുന്നു.

മുത്തോലത്തു കുര്യാക്കോയുടെ കച്ചവടം പ്രാരംഭദശയിൽ ചെറുതായിരുന്നെങ്കിലും ക്രമേണ കച്ചവടം അഭിവൃദ്ധിപ്പെടുകയുണ്ടായി. പിതാവിന്റെയും സഹോദരങ്ങളുടെയും സഹായം ഉണ്ടായപ്പോൾ നെല്ലു കച്ചവടം, മലഞ്ചരക്കു കച്ചവടം മുതലായവകൂടി തുടങ്ങി. അക്കാലങ്ങളിൽ സാധാരണ സാമ്പത്തികശേഷിയുള്ള കുടുംബക്കാർ നെല്ലു വാങ്ങിച്ചു കുത്തി അരിയാക്കി ഉപയോഗിച്ചിരുന്നു. പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്നും അവിടുത്തെ ആൾക്കാർ കെട്ടുവള്ളങ്ങളിൽ നെല്ലു കൊണ്ടുവന്നു ചേർപ്പുങ്കലും പാലായിലും വിറ്റിരുന്നു. കുര്യാക്കോ വള്ളക്കാരോടു മൊത്തമായി നെല്ലു വാങ്ങിച്ചു വിറ്റിരുന്നു.

കച്ചവടസംബന്ധമായി ധാരാളം കണക്കുകൾ എഴുതുവാൻ ഉണ്ടായിരുന്നതുകൊണ്ട് രാമച്ചനാട്ടു കോരയെ കണക്കെഴുതുവാൻ ശമ്പളത്തിനെടുത്തു. സഹോദരങ്ങളും പ്രാപ്തരാകുവാൻ തുടങ്ങിയപ്പോൾ കൃഷിയും അഭിവൃദ്ധിപ്പെട്ടു. അങ്ങനെ എല്ലാംകൊണ്ടും ഉയർച്ചയിലേക്കായപ്പോൾ വസ്തുക്കൾ വാങ്ങുവാൻ തുടങ്ങി. അങ്ങനെ ഏതാണ്ടു 15 കൊല്ലം കഴിഞ്ഞപ്പോഴേയ്ക്കും ഏഴെട്ടു മുറി പുരയിടങ്ങളും കുറെ നെൽ‌പാടങ്ങളും ഒന്നുരണ്ടു പീടിക കെട്ടിടവും വാങ്ങിച്ചു. അപ്പോഴേയ്ക്കും മുത്തോലത്തു കുര്യാക്കോയുടെ പേര് അടുത്തുള്ള എല്ലാ കരകളിലും അകലെയുള്ള കമ്പോളസ്ഥലങ്ങളിലും പ്രസിദ്ധമായി. സഹോദരീസഹോരങ്ങളുടെ വിവാഹകാര്യങ്ങളിൽ പിതാവിന്റെ വലംകൈയ്യായി കുര്യാക്കോ പ്രവർത്തിച്ചിരുന്നു.

രണ്ടു സഹോദരങ്ങളുടെ വിവാഹം നടക്കുകയും വീട്ടിൽ അംഗങ്ങൾ കൂടുകയും ചെയ്തപ്പോൾ കുര്യാക്കോ മാളിയേക്കൽ പറമ്പിൽ പുരവെച്ചു മാറിതാമസിച്ചു. ഭാര്യ ഏലിയുടെ പ്രസവത്തിൽ ഒരു പെൺകുട്ടി ജനിച്ചുവെങ്കിലും മൂന്നുനാലു മാസം കഴിഞ്ഞപ്പോൾ ആ കുട്ടി മരിച്ചു. പിന്നീട് ഏഴെട്ടു കൊല്ലത്തേക്ക് കുട്ടികൾ ഉണ്ടായില്ല. ആ അവസരങ്ങളിൽ ചേർപ്പുങ്കൽ കല്ലൂർ പള്ളിയുടെ നിർമ്മാണം ആരംഭിച്ചിരുന്നു. കുര്യാക്കോ പള്ളിക്കു മാതാവിന്റെ ഒരു തിരുസ്വരൂപവും രൂപക്കൂടും വാങ്ങിച്ചുകൊടുക്കുകയും എട്ടുനോമ്പു വീടിയുള്ള മാതാവിന്റെ പിറവിതിരുന്നാൾ ആഘോഷമായി നടത്തുകയും ചെയ്തു. ആ രൂപവും രൂപക്കൂടും പള്ളിയിൽ ഇപ്പോഴും ഉണ്ട്. ആ നേർച്ച സമർപ്പണത്തെ തുടർന്ന് ഏലി ഗർഭം ധരിക്കുകയും 1917ൽ ഒരു പെൺകുട്ടിയെ പ്രസവിക്കുകയും ചെയ്തു. അവൾക്ക് അന്നക്കുട്ടി എന്ന ഓമനപേരിട്ടു. അവളെ പിന്നീട് കരിങ്കുന്നം മറ്റപ്പള്ളിയിൽ കുടുംബത്തിലേക്കു വിവാഹം ചെയ്തയച്ചു.

പിന്നീട് 1921 ൽ ചാക്കോയും 1923ൽ കോരക്കുട്ടിയും ജനിച്ചു. നാലു വർഷംകൂടി കഴിഞ്ഞ് മക്കളുടെ വിവാഹകാര്യങ്ങളെല്ലാം തീർന്നു സ്വസ്ഥനായപ്പോൾ പിതാവു ചാക്കോ തന്റെ വസ്തുക്കൾ എല്ലാം മൂത്തമകൻ കുര്യാക്കോയുടെ ചുമതലയിൽ ആൺ‌മക്കൾ നാലുപേർക്കും തനിക്കും ഭാര്യയ്ക്കുംകൂടി ഭാഗിച്ചു. അങ്ങനെ ഭാഗിച്ചുകൊടുത്തപ്പോൾ തന്റെ മൂത്തമകനോടുള്ള വാത്സല്യത്തെപ്രതി വിശേഷാൽ വസ്തു ഒന്നും കൊടുക്കുവാൻ കാണാതെ വന്നപ്പോൾ ചാക്കോ മാനസികമായി അല്പം വിഷമിച്ചു. അതു മകൻ കുര്യാക്കോ അറിഞ്ഞ് പിതാവിനെകണ്ട് എനിക്കു ഭാഗത്തിൽ കിട്ടിയ വസ്തുക്കൾ മാത്രം മതിയെന്നും എനിക്കു വേറെ ഒന്നും തരാത്തതിൽ അപ്പൻ വിഷമിക്കേണ്ടന്നും പറഞ്ഞ് ആശ്വസിപ്പിച്ചു.

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് കുറേനാൾ കഴിഞ്ഞപ്പോൾ രാജ്യത്ത് ആകമാനം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി. അതു കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. അപ്പോൾ നാലുപേരുംകൂടി കച്ചവടത്തിൽ സംബന്ധിക്കേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട് ചാക്കോയുടെ രണ്ടാമത്തെ മകൻ ഉപ്പായിയും നാലമത്തെ മകൻ ഔസേപ്പും കച്ചവടത്തിൽനിന്നു പങ്കു പിരിഞ്ഞു. അവർക്ക് തനതായി ആവശ്യത്തിനു വസ്തുക്കൾ ഉണ്ടായിരുന്നതുകൊണ്ട് അവർ ഇരുവരും കൃഷിയിൽ ഏർപ്പെട്ടു. കച്ചവടം മൂത്തമകൻ കുര്യാക്കോയും മൂന്നാമത്തെ മകൻ കുര്യനും കൂടി നടത്തിപ്പോന്നു.

Kuriakko and his brother Kurian were longtime partners in business at Cherpunkal


കുര്യാക്കോ ദരിദ്രരെ സഹായിക്കുന്നതിൽ വളരെ തല്പരനായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് പലർക്കും ഉണ്ടായിരുന്ന അവസരങ്ങളിൽ, പ്രത്യേകിച്ചു മക്കളുടെ വിവാഹാവസരങ്ങളിലും മറ്റു പല അത്യാവശ്യ സന്ദർഭങ്ങളിലും, അദ്ദേഹം സഹായം നല്കിയിരുന്നു. ക്ലേശമനുഭവിക്കുന്നവർ കടയിൽ വരുമ്പോൾ സാധനങ്ങൾ വാങ്ങുന്നതിന്റെ വിലമുഴുവൻ കൊടുക്കുവാൻ അവർക്കു നിവൃത്തിയില്ലെങ്കിൽ, അവർ രൂപാ തരികില്ലെന്നറിഞ്ഞുകൊണ്ടുപോലും സാധനങ്ങൾ കടമായി കൊടുത്തിരുന്നു. വൈകുന്നേരം അത്താഴത്തിന് അരിവാങ്ങുവാൻ പണമില്ലാതെ വരുന്നവരെയും വെറുംകയ്യോടെ മടക്കാതെ അരിയും മറ്റു സാധനങ്ങളും കൊടുത്തുവിട്ടിരുന്നു. ചില അവസരങ്ങളിൽ മലഞ്ചരക്കിന്റെ വിലക്കുറവുകൊണ്ടോ, ആൾക്കാർ കൊണ്ടുവരുന്ന സാധനത്തിന്റെ ഗുണമേന്മയില്ലായ്മകൊണ്ടോ പല കച്ചവടക്കാരും തിരസ്കരിക്കുന്ന ചരക്കുകൾ കുര്യാക്കോ തള്ളിക്കളയാതെ അവരെ സഹായിക്കുവാൻ ന്യായമായ വിലനല്കി വാങ്ങിയിരുന്നു.

കുര്യാക്കോയും ഭാര്യ ഏലിയും തമ്മിൽ എന്തെങ്കിലും കാര്യത്തിനു അല്പം പിണങ്ങി സംസാരിച്ചാലും ഒന്നു രണ്ടു മണിക്കൂറിനകം എല്ലാം മാറി ര‌മ്യതയിലായിരുന്നു. കുര്യാക്കോ വൈകുന്നേരം കടപൂട്ടി രാത്രി വൈകി വീട്ടീൽവന്നിരുന്നതിനാൽ വൈകുന്നേരം കുടുംബപ്രാർത്ഥനയിൽ സംബന്ധിക്കുവാൻ സാധിക്കാത്തതുമൂലം വെളുപ്പിനെ ഉണർന്ന് ഭക്തയായ ഭാര്യയേയും മക്കളെയും ഉണർത്തി പ്രാർത്ഥിക്കുന്നതിനു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏലി എല്ലാ മാസവും മറ്റവസരങ്ങളിലും മുത്തിഊട്ടു നേർച്ച മുടങ്ങാതെ നടത്തിയിരുന്നു.

1930 മുതൽ ഒന്നാം ലോകമഹായുദ്ധകാലത്ത് മലഞ്ചരക്കുകളുടെ പെട്ടെന്നുണ്ടായ വിലയിടിവുമൂലം കച്ചവടക്കാർ നേരത്തെ കൂടിയ വിലയ്ക്കു വാങ്ങിവച്ചിരുന്ന ചരക്കുകൾ വിറ്റഴിക്കുവാൻ നിവർത്തിയില്ലാതെ വളരെനാൾ സൂക്ഷിച്ചുവെക്കേണ്ടിവന്നു. അപ്പോൾ ചരക്കുകൾക്കു കേടു സംഭവിക്കുമായിരുന്നു. ബാക്കിയുള്ളവ വളരെ നഷ്ടത്തിൽ വിറ്റഴിക്കേണ്ടിവന്നു. അങ്ങനെ മലഞ്ചരക്കു കച്ചവടക്കാർക്കു വളരെ നഷ്ടം നേരിട്ടതിനാൽ പലരും കച്ചവടം ഉപേക്ഷിച്ച്, തങ്ങളുടെ വസ്തുക്കൾ മറ്റുള്ളവരുടെ പേരിലാക്കി നിയമപരമായി പാപ്പരായിക്കൊണ്ടിരുന്നു. അപ്പോൾ കുര്യാക്കോയും അനുജൻ കുര്യനും കൂടി പങ്കുചേർന്നു ചെയ്ത കച്ചവടത്തിൽ ഒരു വൻ‌തുക പലർക്കായി കൊടുത്തു തീർക്കേണ്ടിവന്നു. തങ്ങളുടെ വസ്തു മുഴുവൻ പോയാലും പാപ്പരാകുവാൻ കഴിയില്ലെന്നു പറഞ്ഞ് കുര്യാക്കോയും കുര്യനും തങ്ങളുടെ അമ്മാച്ചൻ (അമ്മയുടെ സഹോദരൻ) വൈദികനായ ബഹു. പടിക്ക‌മ്യാലിൽ തൊമ്മൻ കത്തനാർക്കു തങ്ങളുടെ പേരിലുള്ള കുറെ വസ്തുക്കൾ പണയപ്പെടുത്തി 2,500 രൂപാ വാങ്ങിച്ചു. കൂടാതെ അവർക്കു നീണ്ടൂരുണ്ടായിരുന്ന പുത്തൻ‌ചാൽ പുഞ്ചനിലം തേരന്താനത്തു കുടുംബത്തിലെ കാരണവർക്കു വിറ്റുകിട്ടിയ പണംകൂടി സമാഹരിച്ച് കടം വീട്ടി കച്ചവടം തുടർന്നുകൊണ്ടിരുന്നു. ഈ പ്രതിസന്ധി ഘട്ടങ്ങളിലും വീട്ടുകാര്യങ്ങൾ എല്ലാം പഴയതുപോലെ ഭംഗിയായി നടത്തിക്കൊണ്ടിരുന്നു.

കുര്യാക്കോയുടെ മകൾ അന്നക്കുട്ടിക്കു 14 വയസ്സു പ്രായമായപ്പോൾ അന്നത്തെ നിലയിൽ ഒരു നല്ല തുകയായ 600 രൂപ സ്ത്രീധനം കൊടുത്ത് കരിങ്കുന്നത്തു മറ്റപ്പള്ളിയിൽ ചാക്കോ മകൻ ഉപ്പച്ചനെക്കൊണ്ട് 1930ൽ വിവാഹം ചെയ്യിച്ചു. പിന്നീട് 1937ൽ കുര്യാക്കോ മുത്തമകൻ ചാക്കോയെ ഉഴവൂർ എടാട്ടുകുന്നേൽ ചാലിൽ കുടുംബത്തിലെ അച്ചാമ്മയെക്കൊണ്ടും 1942ൽ ഇളയ മകൻ കോരയെ പൈങ്ങളത്തിൽ വട്ടപ്പറമ്പേൽ കുടുംബത്തിലെ ചിന്നമ്മയെക്കൊണ്ടും വിവാഹം ചെയ്യിച്ചു.

പടിക്ക‌മ്യാലിൽ ബഹു. തൊമ്മൻ കത്തനാർക്കു കൊടുക്കുവാനുള്ള കടം തീർക്കുന്നതിനു മുൻപ് അദ്ദേഹം 1940ൽ മരിച്ചു. എങ്കിലും കുര്യാക്കോ ആ കടം തീർക്കുന്നതിനുവേണ്ടി സ്റ്റോക്കു വെച്ചിരുന്ന കുരുമുളകിനു അല്പം വില കൂടുവാൻ തുടങ്ങിയപ്പോൾ ആ മുളകു വിറ്റു. അങ്ങനെ കിട്ടിയ പണം കടം തീർക്കുവാൻ തികയാഞ്ഞതുകൊണ്ട് കുറെ മുണ്ടകനിലം ഒറ്റി എഴുതികൊടുത്തും തൊമ്മനച്ചന്റെ അനന്തരവക്കാരെയെല്ലാം വരുത്തി അച്ചനു കൊടുക്കുവാനുള്ള രൂപാ കൊടുത്തു കടം തീർത്തു. പിന്നീട് ഒരു വർഷം കഴിഞ്ഞപ്പോൾ ഒറ്റി കൊടുത്ത നിലം രൂപാ കൊടുത്ത് ഒഴുപ്പിച്ചെടുത്തു. ഈ കടം ഉണ്ടായിരുന്ന അവസരത്തിൽ കച്ചവടസംബന്ധമായും ചിട്ടി ഇടപാടുവഴിയായും മറ്റും ഒരു നല്ല സംഖ്യ കുര്യാക്കോയ്ക്കും കുര്യനും കിട്ടുവാനുണ്ടായിരുന്നു. അതു ക്രമേണ കുറെ കിട്ടി. അങ്ങനെ തനിക്കു കിട്ടിയ പണവും കച്ചവടത്തിലെ ആദായവും ഉപയോഗിച്ച് കുര്യാക്കോ കുറേ വസ്തുക്കൾകൂടി വാങ്ങി.

ഇങ്ങനെ കച്ചവടം തുടർന്നുകൊണ്ടിരുന്നപ്പോൾ കുര്യന്റെ മൂത്ത അളിയൻ (ഭാര്യയുടെ സഹോദരൻ) തൊമ്മന്റെ മകൻ കൊച്ച് കൂടല്ലൂർ ചന്തയിൽ ഒരു കച്ചവടം ആരംഭിച്ചു. കച്ചവടത്തിൽ പരിചയ സമ്പന്നനായ കുര്യനോട് ആ ബിസിനസ്സിൽ പങ്കുചേരണമെന്ന് കൊച്ച് ആവശ്യപ്പെട്ടതനുസരിച്ച് കുര്യൻ അളിയന്റെ മകന്റെകൂടെ പങ്കുചേർന്ന് കച്ചവടം ആരംഭിച്ചു.

കൂടല്ലൂരെ കച്ചവടം ആരംഭത്തിൽ നാന്നായിരുന്നതുകൊണ്ടും, ജ്യേഷ്ഠനുമായി പങ്കുചേർന്നുള്ള കച്ചവടം മന്ദീഭവിക്കുന്നതായി തോന്നിയിരുന്നതിനാലും, കുര്യന് ജ്യേഷ്ഠൻ കുര്യാക്കോയുമായുള്ള കച്ചവടത്തിൽ താല്പര്യം കുറഞ്ഞു. ചെർപ്പുങ്കലെ കച്ചവടത്തിൽ‌നിന്നു പങ്കു പിരിഞ്ഞാൽ കൊള്ളാമെന്ന് കുര്യൻ ആഗ്രഹിച്ചെങ്കിലും അതു നേരിട്ടു ജ്യഷ്ഠനോടു പറയുവാൻ വൈമനസ്യമുണ്ടായിരുന്നു. കുര്യന്റെ ആഗ്രഹം മറ്റു ചിലരിൽനിന്നു കുര്യാക്കൊ മനസ്സിലാക്കി. അതിനാൽ ഒരു ദിവസം കുര്യാക്കോ അനുജൻ കുര്യനെ വിളിച്ച് ഒരു പിതാവു മകനോടെന്നപോലെ ഇപ്രകാരം പറഞ്ഞു: “എടാ കുര്യാ, നമ്മൾ തങ്ങളിലുള്ള കച്ചവടത്തിൽ ഒരു വലിയ സംഖ്യ കടം ഉണ്ടായിരുന്നു. അതുള്ളപ്പോൾ കച്ചവടം നിർത്തി പങ്കുപിരിച്ചു നിന്നെ വിടുവാൻ എനിക്കു വളരെ പ്രയാസമായിരുന്നു. എന്നാൽ, ദൈവാനുഗ്രഹത്താൽ നമ്മുടെ കടങ്ങൾ എല്ലാം തീർന്നുവെന്നു മാത്രമല്ല, കുറെ വസ്തുക്കൾ കൂടി നമ്മൾ വാങ്ങിച്ചു. ഇപ്പോൾ നിനക്കു കൂടല്ലൂരു നിന്റെ അളിയന്റെ മകന്റെകൂടെ കച്ചവടം ഉള്ളതുകൊണ്ട് ഈ അവസരത്തിൽ പങ്കുപിരിയുന്നതു നല്ലതാണെന്ന് എനിക്കു തോന്നുന്നു.” അപ്പോൾ കുര്യൻ അതിനു സമ്മതിച്ചു.

അനുജൻ കുര്യന്റെ താല്പര്യം‌പോലെ ഇരുവരും സൗഹാർദ്ദമായി തങ്ങൾക്കു കിട്ടുവാനുള്ള വസ്തുവകകളുടെ കണക്കുകൾ എല്ലാം പറഞ്ഞുതീർത്തു. കുര്യൻ 1943ൽ ചേർപ്പുങ്കലെ കച്ചവടത്തിൽനിന്നു പങ്കുപിരിഞ്ഞു. പിന്നീടു കുര്യാക്കോയുടെ മക്കൾ ചാക്കോയും കോരയും കൂടിചേർന്നു 1950 വരെ കച്ചവടം നടത്തിപോന്നു.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് നാട്ടിൽ അരിക്കും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും വളരെ ക്ഷാമമായി. ഗവണ്മെന്റെ കച്ചവടം റേഷൻ‌വഴി നിയന്ത്രിക്കുകയും കരിഞ്ചന്ത കച്ചവടം മറ്റ് ആളുകൾ ചെയ്യുകയും ചെയ്തതിനാലും, കുര്യാക്കോയ്ക്കു 66 വയസ്സോളം പ്രായമായതുകൊണ്ടും പലചരക്കു കച്ചവടം നിർത്തി മലഞ്ചരക്കു കച്ചവടം മാത്രമായി നടത്തി. ഒരു വർഷംകൂടി കഴിഞ്ഞ് തന്റെ വസ്തുവകകൾ എല്ലാംകൂടി മൂന്നു ഭാഗമായി തിരിച്ച് മക്കളുടെ സഹകരണത്തോടുകൂടി ഒരു ഭാഗം തനിക്കും ഭാര്യ ഏലിക്കും, ബാക്കി രണ്ടു ഭാഗങ്ങൾ സമമായി ആൺ‌മക്കൾ രണ്ടുപേർക്കുമായി കുര്യാക്കോ നല്കി. മൂത്തമകൾ അന്നക്കുട്ടിയെ വിവാഹം ചെയ്യിച്ച്, അവൾക്കു കൊടുക്കുവാനുള്ള ഓഹരിവീതങ്ങൾ കൊടുത്തു തീർത്തിരുന്നെങ്കിലും കുറെ രൂപകൂടി വിശേഷാൽ മകളുടെ വീതമായി കൊടുത്തു. അപ്രകാരം ഒരു ഭാഗ ഉടമ്പടി റെജിസ്റ്റർ ചെയ്തു. പിന്നീടു കച്ചവടത്തിൽനിന്നു കുര്യാക്കോയും മൂത്തമകൻ ചാക്കോയും പിരിഞ്ഞു. തുടർന്നു രണ്ടാമത്തെ മകൻ കോര മലഞ്ചരക്കു കച്ചവടം തുടർന്നു. അതിന്റെ സുഗമമായ നടത്തിപ്പിന് കുര്യാക്കോ കോരയ്ക്കു കുറെ പണവും നല്കി.

1950ൽതന്നെ ചാക്കോയുടെ വീതമായ കിഴക്കേവാരികാട്ടു പുരയിടത്തിൽ പുതുതായി പണിയിപ്പിച്ചിരുന്ന ഭവനത്തിലേക്ക് ചാക്കോ മാറിതാമസിച്ചു. കോര തറവാടായ മാളിയേക്കൽ പുരയിടത്തിൽ താമസിച്ചു. ചാക്കോയുടെ കൂട്ടത്തിൽ മാതാപിതാക്കളായ കുര്യാക്കോയും ഏലിയും താമസിച്ചു പോന്നു.

കച്ചവടത്തിൽ‌നിന്നു പിരിഞ്ഞു മൂത്തമകൻ ചാക്കോയോടുകൂടി താമസിച്ച കാലത്തും കുര്യാക്കോ തന്റെ പഴയ കച്ചവടത്തിന്റെ അഭിരുചിയനുസരിച്ച് ചിലപ്പോൾ മലഞ്ചരക്കുകൾ പലതും വിലകുറവുള്ള അവസരങ്ങളിൽ വാങ്ങി സംഭരിച്ച് വിലകൂടുമ്പോൾ വിറ്റിരുന്നു.

മക്കളോടും മക്കളുടെ മക്കളോടും കുര്യാക്കോയ്ക്കും ഭാര്യ ഏലിക്കും വളരെ സ്നേഹവും വാത്സല്യവുമായിരുന്നു. കരിങ്കുന്നത്തു വിവാഹം കഴിപ്പിച്ച മകൾ അന്നക്കുട്ടിയുടെ ഭർത്താവ് ഉപ്പച്ചൻ യൗവനത്തിൽ മരിക്കുകയുണ്ടായി. അപ്പോൾ അവർ താമസിച്ചിരുന്നത് അവരുടെ തറവാടായ മറ്റപ്പള്ളിയിൽനിന്നു കുറെ അകലെയായതിനാലും, സമീപത്ത് അയൽക്കാർ അധികമില്ലാത്ത സ്ഥലത്തുമായതുകൊണ്ടും തറവാടിനോട് അടുത്ത് കുടുംബവിഹിതമായി കിട്ടിയ സ്ഥലത്ത് ഉപ്പച്ചന്റെ പിതാവു ചാക്കോയുടെ സമ്മതത്തോടും സഹായത്തോടുംകൂടി കുര്യാക്കോയുടെ ചുമതലയിൽ ഒരു വീടു പണികഴിപ്പിച്ചു. മകൾ അന്നക്കുട്ടിയേയും മക്കളെയും അവിടെ താമസിപ്പിച്ചു. അന്നക്കുട്ടിയുടെ മക്കളുടെ വിവാഹാവസരങ്ങളിൽ കുര്യാക്കോ അവരെ വളരെ സഹായിച്ചു.

മകൻ ചാക്കോയുടെ കൂടെ താമസിക്കുന്ന അവസരത്തിൽ കുര്യാക്കോയ്ക്ക് വാർദ്ധിക്യസഹജമായ ചില അസുഖങ്ങൾ പിടിപെട്ടു. ചികിത്സയിൽ രോഗം കുറഞ്ഞും കൂടിയുമിരുന്നു. അങ്ങനെയിരിക്കെ കിടങ്ങൂരിൽ കൊച്ചു ലൂർദ് മിഷൻ ആശുപത്രി ആരംഭിച്ചു. അവിടെ ആദ്യമായി സേവനംചെയ്ത ഒരു ആംഗ്ലിക്കൻ ഡോക്ടറുടെ പരിശോധനയിൽ കുര്യാക്കോയുടെ കരൾ വീർത്തുകൊണ്ടിരിക്കുകയാണെന്നും, അതു കുറേക്കാലം മുമ്പേ തുടങ്ങിയാതാണെന്നും പറഞ്ഞു. കിടങ്ങൂരെ ചികിത്സ പോരെന്നു കണ്ടതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി. അവിടുത്തെ ഡോക്ടറുടെ പരിശോധനയിൽ രോഗം ക്യാൻ‌സറാണെന്നും കരളിനായതുകൊണ്ട് ഓപ്പറേഷൻ പറ്റുകയില്ലെന്നും പറഞ്ഞു.

പിന്നീട് കുര്യാക്കോയുടെ അളിയൻ കിടങ്ങൂർ കോട്ടുരെ തൊമ്മന് ക്യാൻസറായതിനാൽ മദ്രാസിൽ ക്യാൻ‌സറിനു പ്രത്യേക ചികിത്സയുള്ള ഒരു ആശുപത്രിയിൽ പോകുന്നുണ്ടെന്നറിഞ്ഞ് തൊമ്മന്റെകൂടെ കുര്യാക്കോയും ചികിത്സയ്ക്കായി മദ്രാസിൽ പോയി. അവിടുത്തെ പരിശോധനയിൽ രോഗം ക്യാൻ‌സറാണെന്നും ഓപ്പറേഷൻ ചെയ്യാമെന്നും പറഞ്ഞെങ്കിലും ഓപ്പറേഷൻ ചെയ്യിക്കാതെ മടങ്ങി. തുടർന്നു മരുന്നുകൾ മുടങ്ങാതെ കഴിച്ചുകൊണ്ടിരുന്നതിനാൽ രോഗം വർദ്ധിച്ചില്ല.

പിന്നീട് കോട്ടയം ജനറൽ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചു. അയാളുടെ പരിശോധനയിൽ രോഗം ക്യൻസറല്ലെന്നും, അതായിരുന്നെങ്കിൽ പണ്ടേ മരിക്കുമായിരുന്നെന്നും കരൾ കുറേശ്ശേ വളർന്നുകൊണ്ടിരിക്കുകയാ ണെന്നും മരുന്നുകൾ കഴിച്ചുകൊണ്ടിരുന്നാൽ മതിയെന്നും പറഞ്ഞു. അതുകൊണ്ട് അവിടുത്തെ ചികിത്സയിൽ കഴിഞ്ഞുപോന്നു. രോഗിയായിരുന്നങ്കിലും കുര്യാക്കോ ദിവസവും പള്ളിയിൽ പോകുന്നതിനും കുറേശ്ശേ യാത്രചെയ്യുന്നതിനും പ്രയാസമില്ലായിരുന്നു.

കുര്യാക്കോയുടെ ഭാര്യ ഏലിക്ക് നേരത്തെ മുതൽ ഉണ്ടായിരുന്ന വാതത്തിന്റെ അസുഖം ചികിത്സകൊണ്ടു കുറയാതെ കുറേശ്ശേ വർദ്ധിച്ചുകൊണ്ടിരുന്നു. 1965 ജൂലൈ 25ന് ഞായറാഴ്ച രാവിലെ ഏഴുമണിക്ക് 76 വയസ്സു പ്രായമുള്ളപ്പോൾ ഏലി മരിച്ചു. ഈ സമയത്ത് കുര്യാക്കൊയ്ക്ക് 81 വയസ് പ്രായം ആയി. രോഗം ക്രമേണ കൂടിക്കൊണ്ടിരുന്നു. അതുകൊണ്ട് കുര്യാക്കോ തന്റെയും ഭാര്യയുടെയും പേരിൽ കിടന്ന വസ്തുക്കൾ ആൺ‌മക്കൾ രണ്ടുപേർക്കുംകൂടി വീതിച്ച് കുറെ വസ്തുക്കൾ രണ്ടു പേർക്കും നേരിട്ടു കൊടുക്കുകയും ബാക്കിയുള്ളവ തന്റെ കാലശേഷം രണ്ടുപേരും എടുക്കുന്നതിന് ഒരു വിൽ‌പത്രം എഴുതിവയ്ക്കുകയുംചെയ്തു.

കുര്യാക്കോയെ മക്കൾ “അപ്പച്ചി” എന്നു വിളിച്ചിരുന്നതിനാൽ ബാക്കി പരിചയക്കാരെല്ലാം ബഹുമാനാർഥം ആ പേരുതന്നെ വിളിച്ചിരുന്നു. ഏലി മരിച്ചശേഷം ഒൻ‌പതു വർഷംകൂടി കുര്യാക്കോ ജീവിച്ചു. തീരെ ക്ഷീണിതനായിരുന്നുവെങ്കിലും പള്ളിയിൽ തുടർന്നും പോകുകയും പുറത്തിറങ്ങി നടക്കുകയും ചെയ്തിരുന്നു. പിന്നീടു പുറത്തിറങ്ങി നടക്കാൻ പറ്റാതെ, എന്നാൽ തീർത്തു കിടപ്പാകാതെ മൂത്തമകൻ ചാക്കോയോടുകൂടെ ജീവിച്ചുപോന്നു.

മരിക്കുന്നതിന് ഒരുമാസം മുമ്പു മുതൽ കിടപ്പാകുകയും ക്രമേണ അസുഖവും ക്ഷീണവും വർദ്ധിച്ചു വരുകയും ചെയ്തു. 1974 മെയ് 26ന് വൈകുന്നേരം അന്ത്യകൂദാശകൾ സ്വീകരിച്ചു. അന്നത്തെ കല്ലൂർ‌പള്ളി വികാരി ബഹു. ചെമ്മലക്കുഴി ഫിലിപ്പച്ചനിൽനിന്ന് അടച്ചുപ്രുശ്മാ സ്വീകരിച്ചാണു മരണമടഞ്ഞത്. മെയ് 27 ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് കോട്ടയം സഹായമെത്രാനായിരുന്നു അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ പ്രധാന കാർമ്മികത്വത്തിൽ, നേരത്തെ പണിതിർത്തിരുന്ന കുടുംബകല്ലറയിൽ ശവസംസ്കാരം നടത്തി. അനേകം വൈദികരും വലിയൊരു ജനാവലിയും സംസ്കാരകർമ്മങ്ങളിൽ സംബന്ധിച്ചു. തന്റെ മൂത്തമകൻ ചാക്കോയുടെ രണ്ടാമത്തെ മകൻ ബ്രദർ അബ്രാഹം അപ്പോൾ സെമിനാരിയിൽ പഠിക്കുകയായിരുന്നു. അങ്ങനെ തന്റെ മകന്റെ മകൻ ഒരു വൈദികനാകുവാൻ ഒരുങ്ങുന്നുണ്ടല്ലോ എന്ന സംതൃപ്തി ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ കുര്യാക്കോയ്ക്കുണ്ടായിരുന്നു.

MEDIA

PHOTOS

Mutholath Kuriakko & Aley Common Photos

Copy Right © 2024 All Rights Reserved