Aley Kadiyampallil W/o Kuraikko Mutholath

Aley Kadiyampallil W/o Kuraikko Mutholath

Kuriakko Mutholath and Aley Kadiyampallil

Aley was the daugthter of Korah Mathew Kadiyampallil from Punnathura village. She was born 1889 in Punnathura Kadiyampallil family. She got married to Kuriakko Chacko Mutholath at an young age. She was an efficent and house wife. Kuriakko and Aley had three children. Annakkutty, Chacko, and Korah.

Kuriakko died on May 26, 1974 at Kizhakke-varikattu house Cherpunkal and Aley died on July 25, 1965 in Pala Government Hospital. She was buried on July 26, 1965, Cherpunkal Kalloor Church.

Photos of Kadiyampallil family members:

 


കടിയമ്പള്ളിൽ ഏലി

പുന്നത്തുറപ്പള്ളിയുടെ ദൈവാലയ ശുശ്രൂഷിയായിരുന്ന പുന്നത്തുറ കടിയമ്പള്ളിയിൽ കുടുംബത്തിൽ മാത്തന്റെ മൂത്തമകൻ കോരക്കു ഏലിയെന്നും മത്തായിയെന്നും രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. കോര അസുഖംമൂലം അകാലമരണമടഞ്ഞതിനാൽ വല്യപ്പനായ മാത്തന്റെ സംരക്ഷണത്തിൽ കുട്ടികൾ വളർന്നുപോന്നു. ഏലിക്കു 12 വയസു പ്രായമായപ്പോൾ, തനിക്കു വാർദ്ധക്യമായതുകൊണ്ടും ഏലിയുടെ പിതാവു മരണമടഞ്ഞതിനാലും അവളെ നല്ല കുടുംബത്തിൽ വിവാഹം ചെയ്തയക്കണമെന്ന ആഗ്രഹത്തോടുകൂടി ഒരിക്കൽ ചേർപ്പുങ്കൽ വന്നു. അന്ന് അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്ന വാരികാട്ടായ മഠത്തിൽ കുഞ്ഞമ്മന്റെ കടയിൽ കയറി. കുഞ്ഞമ്മൻ കുടുംബ പ്രമാണിയും നാട്ടിലെ ഒരു നേതാവുമായിരുന്നു.

കടിയമ്പള്ളിൽ മാത്തൻ തന്റെ മരിച്ചുപോയ മകന്റെ മകളെ വിവാഹം ചെയ്യിപ്പിക്കുവാൻ പറ്റിയ ചെറുക്കനെപ്പറ്റി കുഞ്ഞമ്മനുമായി ആലോചിച്ചപ്പോൾ തന്റെ കുടുംബവുമായി ബന്ധമുള്ള മുത്തോലത്തു ചാക്കോ എന്ന ആളിന് ഒരു മകൻ ഉണ്ടെന്നും, സുമുഖനും മിടുക്കനുമാണെന്നും മാതാപിതാക്കന്മാർ മര്യാദക്കാരാണെന്നും തുടങ്ങി നല്ല അഭിപ്രായം കുഞ്ഞമ്മൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ കുര്യാക്കോ ആ വഴിയെകൂടി നടന്നു വരുന്നതു കണ്ടു.

കുഞ്ഞമ്മൻ മാത്തനെ, അവർ കല്യാണം പറഞ്ഞുകൊണ്ടിരിക്കുന്ന ചെറുക്കൻ വരുന്നതു കാണിച്ചുകൊടുത്തു. മാത്തന് ഒറ്റനോട്ടത്തിൽതന്നെ ചെറുക്കനെ ഇഷ്ടപ്പെട്ടു. കുര്യാക്കോയുടെ പിതാവു ചാക്കോ മിക്ക ദിവസങ്ങളിലും കുഞ്ഞമ്മന്റെ കടയിൽ വരുകയും, ഒരു കാരണവർ എന്ന നിലയിൽ തന്റെ കുടുംബകാര്യങ്ങൾ കുഞ്ഞമ്മനുമായി ആലോചിക്കുകയും കച്ചവടത്തിൽ സഹായിക്കുകയും ചെയ്തിരുന്നതിനാൽ, ചാക്കോയെ ഉടൻ‌തന്നെ ആളയച്ചു കടയിൽ വരുത്തി വിവാഹം ഉറപ്പിച്ച നിലയിലാക്കി.

കുടുംബത്തിൽ പരാതീനക്കൂടുതൽ ഉണ്ടന്നും ചെറുപ്പമായ ഈ പെൺകുട്ടിയെ അവിടെ കെട്ടിച്ചാൽ പെണ്ണിനു വളരെ ബുദ്ധിമുട്ടുവരുമെന്നും മറ്റുചിലർ അഭിപ്രായപ്പെട്ടെങ്കിലും തന്റെ മകൾക്കു നടക്കുവാൻ നടുവഴിയും കുളിക്കുവാൻ ആറും തോടും ഉണ്ടെന്നും, കുട്ടികൾ വളരുമ്പോൾ എല്ലാം മാറിക്കൊള്ളുമെന്നും പറഞ്ഞ്, ഏലിക്കു വേറെ പറഞ്ഞുവന്ന വിവാഹാലോചനകൾ അവഗണിച്ച് കടിയമ്പള്ളിയിൽ മാത്തൻ ഈ വിവാഹം നടത്തി.

ഏലിയെ വിവാഹം ചെയ്തുകൊണ്ടുവന്ന അവസരത്തിൽ കുര്യാക്കോയുടെ സഹോദരങ്ങൾ ചെറുപ്പമായിരുന്നതുകൊണ്ടും അമ്മായിയമ്മയ്ക്കു ശരിയായി നിയന്ത്രിക്കുവാൻ കഴിവില്ലാതിരുന്നതുകൊണ്ടും സഹോദരങ്ങളുടെ ബാല്യസഹജമായ കുസൃതിത്തരങ്ങൾകൊണ്ടും അടുക്കളയിലെ അത്യദ്ധ്വാനംകൊണ്ടും ഏലിക്ക് വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. എങ്കിലും അവയെല്ലാം തന്റെ സ്വന്തം വീട്ടിലുള്ളവരുടെ ഉപദേശംകൂടി കണക്കിലെടുത്ത് ക്ഷമയോടെ വീട്ടുകാര്യങ്ങളെല്ലാം അടുക്കും ചിട്ടയോടുംകൂടി ഏലി ചെയ്തുപോന്നു. തന്റെ ഭാര്യയെക്കാൾ ആരോഗ്യവതിയും സൽ‌സ്വഭാവിയും കാര്യപ്രാപ്തിയുള്ള മരുമകളെ കിട്ടിയതിൽ ചാക്കോ സംതൃപ്തനായിരുന്നു.

ഒരിക്കൽ മുത്തോലത്തു വീട്ടിലെ അയൽ‌പക്കക്കാരനായ എടാട്ടുകരോട്ടെ നായർകുടുംബത്തിലെ ഒരു കാരണവർ മുത്തോലത്തു വന്നപ്പോൾ, മുൻ‌കാലങ്ങളിൽനിന്നു ഭേദമായി വീടും മുറ്റവും പരിസരവും വൃത്തിയായി കിടക്കുന്നതു കണ്ടു. ആ വിവരത്തെപ്പറ്റി അദ്ദേഹം അയൽ‌പക്കത്തുള്ള പാണം‌പീടികയിൽ പറഞ്ഞത് ഇപ്രകാരമാണ്: ഏതായാലും മുത്തോലത്തു ചാക്കോ മാപ്ലയുടെ ദുരിതം തീർന്നു. അവിടെ ഒരു പെണ്ണു വന്നു കയറിയതിൽ‌പിന്നെ വീടും പരിസരവും വൃത്തിയായി കിടക്കുന്നുണ്ട്. മുൻപ് വേണ്ടത്ര അടിച്ചുവാരില്ലാതെ കിടന്നതാണ് അങ്ങനെ പറയുവാൻ കാരണം. മുത്തോലത്തു കുടുംബം പടിപടിയായി അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു.

ഏലിയുടെ പ്രസവത്തിൽ ഒരു പെൺകുട്ടി ജനിച്ചുവെങ്കിലും മൂന്നുനാലു മാസം കഴിഞ്ഞപ്പോൾ ആ കുട്ടി മരിച്ചു. പിന്നീട് ഏഴെട്ടു കൊല്ലത്തേക്ക് കുട്ടികൾ ഉണ്ടായില്ല. ആ അവസരങ്ങളിൽ ചേർപ്പുങ്കൽ കല്ലൂർ പള്ളിയുടെ നിർമ്മാണം ആരംഭിച്ചിരുന്നു. കുര്യാക്കോ പള്ളിക്കു മാതാവിന്റെ ഒരു തിരുസ്വരൂപവും രൂപക്കൂടും വാങ്ങിച്ചുകൊടുക്കുകയും എട്ടുനോമ്പു വീടിയുള്ള മാതാവിന്റെ പിറവിതിരുന്നാൾ ആഘോഷമായി നടത്തുകയും ചെയ്തു. ആ രൂപവും രൂപക്കൂടും പള്ളിയിൽ ഇപ്പോഴും ഉണ്ട്. ആ നേർച്ച സമർപ്പണത്തെ തുടർന്ന് ഏലി ഗർഭം ധരിക്കുകയും 1917ൽ ഒരു പെൺകുട്ടിയെ പ്രസവിക്കുകയും ചെയ്തു. അവൾക്ക് അന്നക്കുട്ടി എന്ന ഓമനപേരിട്ടു. അവളെ പിന്നീട് കരിങ്കുന്നം മറ്റപ്പള്ളിയിൽ കുടുംബത്തിലേക്കു വിവാഹം ചെയ്തയച്ചു. പിന്നീട് 1921 ൽ ചാക്കോയും 1923ൽ കോരക്കുട്ടിയും ജനിച്ചു.

കുര്യാക്കോയും ഭാര്യ ഏലിയും തമ്മിൽ എന്തെങ്കിലും കാര്യത്തിനു അല്പം പിണങ്ങി സംസാരിച്ചാലും ഒന്നു രണ്ടു മണിക്കൂറിനകം എല്ലാം മാറി ര‌മ്യതയിലായിരുന്നു. കുര്യാക്കോ വൈകുന്നേരം കടപൂട്ടി രാത്രി വൈകി വീട്ടീൽവന്നിരുന്നതിനാൽ വൈകുന്നേരം കുടുംബപ്രാർത്ഥനയിൽ സംബന്ധിക്കുവാൻ സാധിക്കാത്തതുമൂലം വെളുപ്പിനെ ഉണർന്ന് ഭക്തയായ ഭാര്യയേയും മക്കളെയും ഉണർത്തി പ്രാർത്ഥിക്കുന്നതിനു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏലി എല്ലാ മാസവും മറ്റവസരങ്ങളിലും മുത്തിഊട്ടു നേർച്ച മുടങ്ങാതെ നടത്തിയിരുന്നു.

കുര്യാക്കോയുടെ ഭാര്യ ഏലിയും സാധുജനാനുകമ്പയിലും ദാനധർമ്മത്തിലും ഉത്സുകയായിരുന്നു. വീട്ടിൽ ബന്ധുക്കളോ അല്ലാത്തവരോ ആരുവന്നാലും അവരെയെല്ലം വേണ്ടവിധം സൽക്കരിച്ച് സന്തോഷത്തോടെ സ്നേഹസംഭാഷണം നടത്തുവാൻ ഏലിക്കു പ്രത്യേക കഴിവുണ്ടായിരുന്നു.

പിന്നീട് കുര്യാക്കോയുടെ ഭാര്യ ഏലിക്ക് നേരത്തെ മുതൽ ഉണ്ടായിരുന്ന വാതത്തിന്റെ അസുഖം ചികിത്സകൊണ്ടു കുറയാതെ കുറേശ്ശേ വർദ്ധിച്ചുകൊണ്ടിരുന്നു. 1965ൽ ചേർപ്പുങ്കൽ കല്ലൂർ പള്ളിയിലെ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുന്നാൾ ആഘോഷിച്ച ഞായറാഴ്ച ഏലിക്കു പള്ളിയിൽ പോകുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും അതു വകവയ്ക്കാതെ പള്ളിയിൽ പോയി. തിരികെ വീട്ടിലേയ്ക്കു വരുവാൻ വേറൊരാളിന്റെ സഹായം വേണ്ടിവന്നു. അന്നു മുതൽ അസുഖം വർദ്ധിച്ചുവന്നു. ഓർമ്മക്കുറവ്, സംസാരിക്കുമ്പോൾ തിരിയാതെ വരുക, കണ്ണിനു കാഴ്ചക്കുറവ് എന്നിവ അനുഭവപ്പെട്ടു. പിന്നീട് എപ്പോഴും മയക്കത്തിലാകുകയും വിളിച്ചാൽ പ്രതികരിക്കുമെങ്കിലും പറഞ്ഞാൽ ഒന്നും തിരിയാതാകുകയും ചെയ്തതിനാൽ പാലാ ഗവൺ‌മെന്റ് ആശുപത്രിയിലെ ഡൊക്ടറുടെ നിർദ്ദേശപ്രകാരം അവിടെ അഡ്‌മിറ്റുചെയ്തു. രണ്ട് ആഴ്ചയോളം അവിടെ ഒന്നും അറിയാതെ മയങ്ങിത്തന്നെ കിടന്നു. ജൂലൈ 25ന് ഞായറാഴ്ച രാവിലെ ഏഴുമണിക്ക് 76 വയസ്സു പ്രായമുള്ളപ്പോൾ ഏലി മരിച്ചു. അന്ത്യകൂദാശകൾ ഒരുക്കത്തോടെ കൊടുത്തിരുന്നു.

അന്ന് മൃതശരീരം വീട്ടിലേക്കു കൊണ്ടുവരുവാൻ വേണ്ടി ഡോക്ടറുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ആ അമ്മ ഭാഗ്യവതിയാണെന്നും കുറേ ദിവസം സുഖമായി ഉറങ്ങി, ഒന്നും അറിയാതെ മരിച്ചു എന്നാണ്. കല്ലൂർ പള്ളി സെമിത്തേരിയിൽ ഒരു കുടുംബകല്ലറ പണിയുവാൻ നേരത്തെ അനുവാദം വാങ്ങിയിട്ടുണ്ടായിരുന്നു. അന്നു തന്നെ കുടുംബകല്ലറ പണിയുകയും പിറ്റേന്നു തിങ്കളാഴ്ച രാവിലെ മൃതസംസ്കാരം നടത്തുകയും ചെയ്തു. ഏലിയുടെ വകയിൽ സഹോദരന്റെ മകൻ ബഹു. തോമസ് കടിയമ്പള്ളിയിലച്ചന്റെ പ്രധാന കാർമ്മികത്വത്തിൽ വളരെ വൈദികരുടെയും അന്നത്തെ വികാരി കരിങ്കുന്നം സ്വദേശി ബഹു. ജേക്കബ് കളപ്പുരയിലച്ചന്റെയും സഹകാർമ്മികത്വത്തിൽ റാസ കുർബാനയോടുകൂടിയാണ് ശവസംസ്കാരം നടത്തിയത്.


 

Copy Right © 2024 All Rights Reserved